sections
MORE

‘വൈകാരിക തീരുമാനം’ തിരുത്തുമോ രാഹുൽ; അതോ പുത്തൻ താരോദയമോ?

congress-leaders
സോണിയ ഗാന്ധി, അഭിഷേക് സിങ്‌വി, ശശി തരൂർ ,ജയ്റാം രമേശ്
SHARE

കോൺഗ്രസിൽ അടിയന്തരമായി സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന ഏതാനും നേതാക്കളുടെ ആവശ്യം മുതിർന്ന നേതൃത്വം കേട്ട മട്ടില്ല. എംപിമാർ കൂടിയായ ശശി തരൂർ, അഭിഷേക് മനു സിങ്‌വി, ജയ്റാം രമേശ് എന്നീ നേതാക്കളാണ് പാർട്ടി അധ്യക്ഷനെ അടിയന്തരമായി തിരഞ്ഞെടുക്കണമെന്ന ആവശ്യമുയർത്തിയത്. സോണിയ ഗാന്ധിയോട് അടുത്തുനിൽക്കുന്ന നേതാക്കൾക്കാകട്ടെ, നേതൃത്വ പ്രശ്നം തീർക്കാൻ സമയമെടുക്കുമെന്ന നിലപാടാണ്. അത് അന്തിമ തീയതി നിശ്ചയിച്ച് ഉടനടി പരിഹരിക്കേണ്ട കാര്യമല്ല.

ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം രാഹുൽ ഗാന്ധി പദവിയൊഴിഞ്ഞപ്പോഴാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ലാത്ത കോൺഗ്രസ്, ബിജെപിയും വിവിധ സംസ്ഥാനങ്ങളിലെ കക്ഷികളും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാകാതെ കാലിടറി നിൽക്കുന്നുവെന്നാണ് സംഘടനാ തിര‍ഞ്ഞെടുപ്പിനായി വാദിക്കുന്ന നേതാക്കൾ പറയുന്നത്. സന്ദീപ് ദീക്ഷിതിനെപ്പോലുള്ള മുൻ എംപിമാരും നേതൃത്വ അനിശ്ചിതത്വം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

 രാഹുലിന്റെ പിന്മാറ്റവും വാദപ്രതിവാദവും 

തനിക്കു പിൻഗാമിയെ കണ്ടെത്തണമെന്നു രാഹുൽ ഗാന്ധി പ്രവർത്തക സമിതിയോട് ആവശ്യപ്പെട്ടതിനു പിന്നാലെ, സോണിയ ഗാന്ധിയുടെ അടുത്ത ഉപദേശകരായ എ.കെ.ആന്റണി, മൻമോഹൻ സിങ്, ഗുലാം നബി ആസാദ്, അംബിക സോണി, അഹമ്മദ് പട്ടേൽ എന്നീ മുതിർന്ന നേതാക്കൾ പലവട്ടം ദീർഘമായ കൂടിയാലോചനകളാണു നടത്തിയത്.

കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, കമൽനാഥ്, അമരീന്ദർ സിങ് എന്നിവരും പങ്കാളികളായി. ഇവരെല്ലാം എത്തിച്ചേർന്ന തീരുമാനം ഗാന്ധികുടുംബത്തിനു പുറത്ത് രാഹുൽ ഗാന്ധിക്കു പിൻഗാമിയാകാൻ യോഗ്യതയുള്ള ഒരു നേതാവ് ഇല്ലെന്നായിരുന്നു. സ്വതന്ത്രമായ സംഘടനാ തിരഞ്ഞെടുപ്പിലൂടെ നേതാവിനെ കണ്ടെത്തണമെന്ന നിർദേശവും അവർ തള്ളി. എഐസിസിയിലെ ഭൂരിപക്ഷം പ്രതിനിധികളും അത്തരമൊരു നടപടിക്കു സജ്ജരല്ലെന്നാണു ന്യായം പറഞ്ഞത്.

ഗാന്ധികുടുംബത്തിനു പുറത്തും നേതാവിനെ തേടണമെന്നു രാഹുൽ നിർദേശിച്ചിരുന്നുവെങ്കിലും എഐസിസിയിലെ ഭൂരിപക്ഷം അംഗങ്ങളും രാഹുൽ തന്നെ നേതാവായി തുടരണമെന്ന നിലപാടിലേക്കാണ് എത്തിയത്. വൈകാരികമായി നടത്തിയ രാജി, രാഹുൽ തന്നെ പിൻവലിക്കണമെന്നും വലിയൊരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയർന്നു.

 തോൽവി പഠിക്കണം, നയം പുതുക്കണം 

തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യത്തിനെതിരെ ഉയർന്ന പ്രധാന മറുവാദം, രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടിൽ കോൺഗ്രസ് ആദ്യം വ്യക്തത വരുത്തേണ്ടതുണ്ട് എന്നതാണ്. മതനിരപേക്ഷത, സാമ്പത്തികനയം, ആർഎസ്എസ്–ബിജെപി സ്വാധീനത്തെ നേരിടൽ എന്നീ വിഷയങ്ങളിലാണു വ്യക്തമായ നിലപാട് ഉണ്ടാക്കേണ്ടത്. പാർട്ടിയിലെ എല്ലാ വിഭാഗം നേതാക്കളും ഇത്തരമൊരു പ്രത്യയശാസ്ത്ര ചർച്ചയിലേക്കു പിൻവാങ്ങണമെന്നും എന്നിട്ട് കൃത്യമായ ദിശാബോധമുള്ള അജൻഡയുമായി പുനഃപ്രവേശം നടത്തണമെന്നും ലോക്സഭാംഗമായ മനീഷ് തിവാരി വാദിക്കുന്നു.

സോണിയ ഗാന്ധി അധ്യക്ഷയായതിനു പിന്നാലെ, 1998ൽ മധ്യപ്രദേശിലെ പഞ്ച്മഡിയിൽ നടത്തിയതു പോലൊരു ശിൽപശാല നടത്തണമെന്നു മനീഷ് തിവാരി പറഞ്ഞു. തുടർച്ചയായ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താനും വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ എൻഡിഎ സർക്കാരിനെ നേരിടാനുള്ള ആശയങ്ങൾ സമാഹരിക്കാനുമാണ് അന്ന് കോൺഗ്രസ് നേതാക്കൾ ഒത്തുചേർന്നത്.

കോൺഗ്രസിന് ഉടൻ പൂർണസമയ അധ്യക്ഷൻ വരണമെന്നും അദ്ദേഹം പാർട്ടിയെ പ്രത്യയശാസ്ത്ര വ്യക്തതകളിലേക്കു നയിക്കുമെന്നുമാണ് ആദ്യ ഗ്രൂപ്പിന്റെ വാദം. എന്നാൽ, ബിജെപി നയങ്ങളെ നേരിടാനുള്ള തന്ത്രം പാർട്ടി രൂപീകരിച്ചാൽ, അതു നടപ്പാക്കുന്ന ഒരു നേതാവിനെ കണ്ടെത്തുക സ്വാഭാവികമായും എളുപ്പമാകും എന്നാണ് മനീഷ് തിവാരിയെപ്പോലുള്ള നേതാക്കളുടെ മറുവാദം. നയവും വ്യക്തിയും സംബന്ധിച്ച ഈ തർക്കം നീളുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെ ഒരുനാൾ തിരിച്ചെത്തുമെന്നും അതുവരെ ഇടക്കാല സംവിധാനം തുടരട്ടെ എന്നുമുള്ള ശുഭാപ്തിവിശ്വാസമാണു മറ്റുള്ളവർക്ക്. 

ഉദയ്പുരിലെ പ്ലീനറിയിൽ എന്ത് ? 

‍പാർലമെന്റിലെ ബജറ്റ് സമ്മേളനം കഴിയുമ്പോൾ രാജസ്ഥാനിലെ ഉദയ്പുരിൽ ഒരു വൻ പ്ലീനറി സമ്മേളനം വിളിച്ചുകൂട്ടുമെന്നും അവിടെ വച്ചു പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നുമുള്ള ഒരു സംസാരവും ഉയരുന്നുണ്ട്. എന്നാൽ, ഇത്തരമൊരു തീയതി ഉറപ്പിച്ചിട്ടില്ലെന്ന് എഐസിസി പറയുന്നു. നേതൃത്വമെടുത്ത ഒരു തീരുമാനം അംഗീകരിക്കാൻ വേണ്ടി മാത്രമാകും സാധാരണ പ്ലീനറി സമ്മേളനം ചേരുകയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

manish-tiwari
മനീഷ് തിവാരി

വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുകൾ രൂപീകരിക്കാൻ 50–60 നേതാക്കൾ അടങ്ങിയ ഒരു കോൺക്ലേവ് സംഘടിപ്പിക്കണമെന്ന് മുൻ വിദേശകാര്യ മന്ത്രി കൂടിയായ സൽമാൻ ഖുർഷിദ് മുൻപ് ആവശ്യപ്പെട്ടിരുന്നു. മുൻ ധനകാര്യമന്ത്രിയും മാനിഫെസ്റ്റോ സമിതി ചെയർമാനുമായ പി.ചിദംബരമാകണം കോൺക്ലേവിന്റെ തലവനെന്നും ഖുർഷിദ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇതു നടപ്പാകും മുൻപേ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ചിദംബരം പുറത്തുവന്ന ശേഷ‌മാകാം കോൺക്ലേവ് എന്നു കേട്ടിരുന്നു. എന്നാൽ, ഇപ്പോൾ ചിദംബരം സ്വതന്ത്രനായിട്ട് മാസങ്ങളാകുന്നു. അതിനിടെ, രാഹുൽ ഗാന്ധി കോൺക്ലേവ് ആശയത്തോടു വിമുഖനാണെന്നു പ്രസ്താവിച്ചതിന്റെ പേരിൽ ഖുർഷിദ് വിവാദത്തിലാകുകയും ചെയ്തു.

പാർട്ടിയുടെ ഭാവി സംബന്ധിച്ചുള്ള നിരാശാസ്വരങ്ങൾ ഉയരുമ്പോഴും, നരേന്ദ്ര മോദിയും അമിത് ഷായും മുതൽ എല്ലാ ബിജെപി നേതാക്കളുടെയും ചുണ്ടുകളിൽ കോൺഗ്രസ് മാത്രമേയുള്ളൂ. കാരണം, തങ്ങളുടെ സർക്കാർ നേരിടുന്ന എല്ലാ പ്രയാസങ്ങളുടെയും ഉത്തരവാദിയായി അവർ പിടികൂടുന്നതു കോൺഗ്രസിനെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA