sections
MORE

മോഹനവാഗ്ദാനങ്ങൾ, മുദ്രപ്പത്രത്തിന്റെ ഉറപ്പ്; പക്ഷേ, കമ്പനി ഇപ്പോൾ ഇല്ല

UTS-fraud
SHARE

കഷ്ടപ്പെട്ടു സമ്പാദിച്ച പണമെല്ലാം യൂണിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ് കമ്പനിയിൽ നിക്ഷേപിക്കാൻ ആളുകൾ തയാറായതിനു കാരണം മോഹനവാഗ്ദാനങ്ങൾ തന്നെ. ‘ബാങ്ക് വഴി ഇടപാട്, മുദ്രപ്പത്രത്തിന്റെ ഉറപ്പ്’ എന്നിവയെല്ലാം കമ്പനി  വച്ചുനീട്ടിയപ്പോൾ പലരും കെണിയിൽ വീണു....

പാലക്കാട് റെയിൽവേ കോളനിയിലെ കെ.രമേഷ് കുമാറിന്റെ കഥ കേൾക്കുക. രമേഷ് കുമാറിന്റെ കൈവശം ഒരുകെട്ടു രേഖകളുണ്ട്. ഇപ്പോൾ അതു മാത്രമേയുള്ളൂ എന്നതാണു ശരി. സമ്പാദിച്ചതും കടം വാങ്ങിയതുമായ പണമെല്ലാം കോയമ്പത്തൂർ ആസ്ഥാനമായ യൂണിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ് (യുടിഎസ്) എന്ന കമ്പനിയിൽ നിക്ഷേപിച്ചു. സ്വന്തം പേരിലും അച്ഛന്റെ പേരിലും ബന്ധുക്കളുടെ പേരിലുമായി 23 ലക്ഷത്തോളം രൂപയാണു നിക്ഷേപിച്ചത്.

പണം ഇരട്ടിയാക്കാമെന്നായിരുന്നു വാഗ്ദാനം. ഇരട്ടിയില്ലെങ്കിലും, പലിശ സഹിതം തിരിച്ചു തരാമെന്നു മുദ്രപ്പത്രത്തിൽ കമ്പനി ഉടമ തന്നെ ഒപ്പിട്ടു നൽകിയിട്ടുമുണ്ട്. പക്ഷേ, കമ്പനി തന്നെ ഇപ്പോൾ ഇല്ല. പൊലീസിനോടു പരാതി പറഞ്ഞാൽ പണമിടപാടു തീർക്കാൻ മദ്രാസ് ഹൈക്കോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനെ സമീപിക്കാൻ പറയും. കമ്പനി ഓഫിസ് പൂട്ടിക്കിടക്കുന്നു. കമ്പനിക്കെതിരെ മുന്നോട്ടു പോകുന്നതിന്റെ പേരിൽ ഭീഷണികളുമുണ്ട്. 

UTS-Ad
1. യുടിഎസ് കമ്പനി എംഡി ഗൗതം രമേഷ്, 2. നിക്ഷേപകർക്കു 15 കിലോഗ്രാം സ്വർണം വരെ വാഗ്ദാനം ചെയ്തുള്ള ബ്രോഷർ.

പത്തു മാസം കൊണ്ടു പണം ഇരട്ടിയാക്കാമെന്ന വാഗ്ദാനത്തിലാണു രമേഷ് ഉൾപ്പെടെ ഒട്ടേറെപ്പേർ യുടിഎസിൽ നിക്ഷേപിച്ചത്. ചികിത്സയ്ക്കായും മക്കളുടെ വിവാഹത്തിനായും മാറ്റിവച്ചതും ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയതുമായ പണം പോലും നിക്ഷേപിച്ചവരുണ്ട്. 

3500 കോടിയോളം രൂപയാണു കമ്പനി ഇത്തരത്തിൽ പിരിച്ചെടുത്തതെന്നു പറയുമ്പോഴും 8000 കോടി രൂപയെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നു കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന രാം നഗർ രമേഷ് പറയുന്നു. ഇയാൾ ഇപ്പോൾ സ്ഥാപനത്തിലില്ല. 40,000 ‘സംതൃപ്തരായ ഇടപാടുകാരുണ്ടെന്നാണു കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നതെങ്കിലും 76,637 കസ്റ്റമർ ഐഡികൾ കമ്പനിയിലുണ്ട്. 

 നിക്ഷേപത്തിൽ ബ്ലാക്കും വൈറ്റും 

സാധാരണ പണമിരട്ടിപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപത്തിലേറെയും കള്ളപ്പണമായിരിക്കും. എന്നാൽ യുടിഎസിൽ, കഷ്ടപ്പെട്ട് അധ്വാനിച്ച പണം പോലും നിക്ഷേപിക്കാൻ പലരും തയാറായത്, ‘ബാങ്ക് വഴി ഇടപാട്, മുദ്രപ്പത്രത്തിന്റെ ഉറപ്പ്’ തുടങ്ങിയ വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ്. തെളിവാകുമല്ലോ എന്നു കരുതി അക്കൗണ്ട് വഴിയാണ് ഏറെപ്പേരും പണമയച്ചത്. പണം സ്വീകരിക്കാൻ 9 ബാങ്കുകളിലെ മുപ്പതോളം അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ബാങ്ക് അക്കൗണ്ട് വഴി മാത്രം 890 കോടി രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. 

thattip

അതേസമയം, കള്ളപ്പണവും സ്വീകരിച്ചിട്ടുണ്ട്. യുടിഎസിന്റെ ഓഫിസുകൾക്കു മുന്നിൽ അക്കാലത്തു വലിയ ക്യൂവായിരുന്നു എന്നു നിക്ഷേപകർ പറയുന്നു. നിക്ഷേപിച്ചതിന്റെ ഇരട്ടി പണം നൽകും. ഇനി അതു കിട്ടിയില്ലെങ്കിലും 12.5% പലിശ ഉറപ്പ്. വെറും ഉറപ്പല്ല, മുദ്രപ്പത്രത്തിൽത്തന്നെ കമ്പനി എംഡി ഗൗതം രമേഷ് എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. എന്നാൽ റജിസ്റ്റർ ചെയ്യാത്ത, കടലാസിൽ ഒപ്പിട്ടു നൽകിയ കരാറിനു നിയമസാധുതയില്ലെന്നു പണം നഷ്ടപ്പെട്ടപ്പോഴാണ് പലരും മനസ്സിലാക്കിയത്. ഇപ്പോൾ നിക്ഷേപകരുടെ കൈയിൽ ഈ മുദ്രപ്പത്രങ്ങൾ മാത്രം മിച്ചം. 

റെയ്ഡിന് മുൻപേ പണം കടത്തി 

തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലെ സ്ഥിരനിക്ഷേപം കൂട്ടമായി പിൻവലിക്കപ്പെടുന്നതു ബാങ്കുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് യുടിഎസിന്റെ മുഖംമൂടി അഴിഞ്ഞത്. പിൻവലിക്കുന്ന പണം യുടിഎസിന്റെ അക്കൗണ്ടുകളിലേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയതോടെ റിസർവ് ബാങ്ക് ഇടപെടുകയും ആദായനികുതി വകുപ്പു പരിശോധന നടത്തുകയും ചെയ്തു. 

തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ യുടിഎസിൽ നടക്കുന്നതായി മനസ്സിലാക്കിയത്. ഇതോടെ സ്ഥാപനത്തിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. മരവിപ്പിക്കുമ്പോൾ അക്കൗണ്ടിൽ ശേഷിച്ചിരുന്നത് 27 കോടിയോളം മാത്രം. ബാക്കി തുകയെല്ലാം സുരക്ഷിതമായി മാറ്റിയെന്നു വേണം കരുതാൻ. 

തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന ന്യായം

2019 ഫെബ്രുവരിയിലായിരുന്നു സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ലോക്സഭാ തിരഞ്ഞെടുപ്പു കാലമായതിനാൽ റെയ്ഡ് ‘പൊളിറ്റിക്കൽ സ്റ്റണ്ട്’ ആണെന്നും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ശരിയാകുമെന്നും  ഉടമ ഗൗതം രമേഷ് ഇടപാടുകാരെ വിശ്വസിപ്പിച്ചു. കമ്പനി ഒൗദ്യോഗികമായി റജിസ്റ്റർ ചെയ്തതും 2019 ഫെബ്രുവരിയിൽ തന്നെ...!

cheque-cloning-bus-ad
തമിഴ്നാട്ടിലെ ബസുകളിൽ പതിച്ച യുടിഎസിന്റെ പരസ്യം

പണം നഷ്ടപ്പെട്ട പ്രശ്നം മദ്രാസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ പണം നൽകാൻ താൻ തയാറാണെന്നും കോടതിയുടെ സഹായം വേണമെന്നും ഗൗതം ആവശ്യപ്പെട്ടു. കോടതി റിട്ട. ജഡ്ജി കെ.എൻ.ബാഷയെ കമ്മിഷൻ നിയോഗിച്ചു. പരാതിക്കാരോടെല്ലാം താൻ പണം നൽകുമെന്നും അതിനാണു കമ്മിഷനെ വച്ചതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനിടെ, ജുഡീഷ്യൽ കമ്മിഷന്റെ തെളിവെടുപ്പു പുരോഗമിക്കുന്നതിനിടെ വലിയ ആഡംബരത്തോടെ ഗൗതം രമേഷിന്റെ വിവാഹം നടന്നു. ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി 2020 ഫെബ്രുവരി 29നു കഴിഞ്ഞു. തുടർനടപടികൾക്കു കാത്തിരിക്കുകയാണു നിക്ഷേപകർ.  

നടത്തിയത് മണിചെയിൻ തട്ടിപ്പ്

നിക്ഷേപം ഇരട്ടിയാക്കി നൽകാമെന്നാണു വാഗ്ദാനമെങ്കിലും കമ്പനി നടത്തിയതു മണിചെയിൻ തട്ടിപ്പു തന്നെയാണ്. പണം നിക്ഷേപിച്ചവർ പുതിയ ആളുകളെ നിക്ഷേപകരാക്കിയാൽ പ്രത്യേകം കമ്മിഷൻ വാഗ്ദാനം ചെയ്തു. ഇതിനായി ബിസിനസ് ഡവലപ്മെന്റ് ഓഫിസർമാരെ നിയോഗിച്ചു. കമ്മിഷനും കൂടി കിട്ടുമെന്നായപ്പോൾ ഭാര്യയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും പേരിലെല്ലാം പുതിയ ഐഡികൾ തുടങ്ങി. പക്ഷേ, കമ്മിഷനും കിട്ടിയില്ല, പണവും കിട്ടിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA