ADVERTISEMENT

കോവിഡ് 19 (കൊറോണവൈറസ്) ബാധ ഒട്ടേറെ ലോകരാഷ്ട്രങ്ങളെ കാര്യമായി പിടിച്ചുകുലുക്കുകയാണ്. ഇന്ത്യയിൽ മൂന്നു പേർക്കു കൂടി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.

എംപി ഉൾപ്പെടെ മരിക്കുകയും ആരോഗ്യവകുപ്പു സഹമന്ത്രി ഉൾപ്പെടെ ഒട്ടേറെപ്പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇറാനിൽ പാർലമെന്റ് തന്നെ അടയ്ക്കേണ്ടിവന്നു. ചൈനയിൽ മരണനിരക്ക് 3% ആയിരുന്നെങ്കിൽ ഇറാനിൽ 10% ആണെന്നതു സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. ഇതിനിടെ, മലയാളികളടക്കമുള്ളവർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇറാനിൽ മത്സ്യബന്ധനത്തിനു പോയ 23 പേർ ഭക്ഷണം പോലും ലഭിക്കാതെ ഒറ്റമുറിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന വാർത്തയാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. കോവിഡ് 19 ബാധയെത്തുടർ‍ന്ന് ഇറാനിൽ ജാഗ്രതാ നിർദേശം ഉള്ളതിനാലാണ് ഇവർക്കു പുറത്തിറങ്ങാൻ സാധിക്കാത്തത്. തിരുവനന്തപുരത്തെ വിഴിഞ്ഞം, പൊഴിയൂർ, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ള 19 പേരും തമിഴ്നാട്ടിൽനിന്നുള്ള നാലു പേരുമാണ് ഒറ്റ മുറിയിൽ കഴിയുന്നത്.

ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇല്ലെന്ന് അറിയിച്ചിട്ടുള്ള ഇവരെയെല്ലാം വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ‘നോർക്ക’ അറിയിച്ചത് ആശ്വാസമാകുന്നു. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ സ്ഥിതി പരിശോധിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ടെഹ്റാനിലെ എംബസി വഴി പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടു സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചത്. ഇറ്റലിയിലും ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം ഇതിനിടെ, പുറത്തുവന്നിട്ടുണ്ട്.

സൗദി അറേബ്യയിലേക്കു സന്ദർശക, ഉംറ വീസക്കാർക്കു പുറമേ ആദ്യമായി ജോലിക്കു പോകുന്നവർക്കും യാത്രാതടസ്സമുണ്ട്. ആദ്യമായി ജോലിക്കു പോകുന്നവർക്കും സന്ദർശക വീസയിലുള്ളവർക്കുമുള്ള വിലക്ക് വിമാനക്കമ്പനികൾ സ്വയം സൃഷ്ടിച്ചതാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഉംറ തീർഥാടകർക്കു വിലക്കുള്ള സാഹചര്യത്തിൽ വിരലിലെണ്ണാവുന്ന ബാക്കി യാത്രക്കാർക്കു വേണ്ടി മാത്രമായി സർവീസ് നടത്താൻ വിമാനക്കമ്പനികൾക്കു താൽപര്യമില്ലാത്തതാണു കാരണമെന്ന വാദം ശരിയാണെങ്കിൽ അത് അതീവഗൗരവത്തോടെ കാണേണ്ടതു തന്നെ. കൊച്ചിയിൽ നിന്നുള്ള ചില വിദേശ വിമാന സർവീസുകളെയും ഇപ്പോഴത്തെ സാഹചര്യം ബാധിച്ചുകഴിഞ്ഞു.

കോവിഡ് 19 സൃഷ്ടിച്ച ആശങ്ക ആഗോളതലത്തിൽ ഓഹരി വിപണിയെ തകർത്തിരിക്കുകയാണ്. 2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ഓഹരിത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിംപിക്സ് സംഘാടനം വരെ പ്രതിസന്ധി നേരിടുകയാണ്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ്; തൊട്ടുപിന്നാലെ, ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെ പാരാലിംപിക്സും.

രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത് ഡൽഹി, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. ‌നേരത്തേ കേരളത്തിൽ മൂന്നു കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇവർ പൂർണമായും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെങ്കിലും കേരളത്തിന്റെ ജാഗ്രതാനിലയിൽ ഒരു കുറവും വരാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ നിരന്തരശ്രദ്ധ ഉണ്ടായേതീരൂ. ഇറാനിൽ കുടുങ്ങിയവരെ അടിയന്തരമായി തിരിച്ചെത്തിക്കാനുള്ള കേരളത്തിന്റെ ഇടപെടലുകൾ ശക്തമായി തുടരുകയും വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com