ADVERTISEMENT

ഭർത്താവ് മരിച്ചാൽ ഭാര്യയും ചിതയിൽ ചാടി ജീവനൊടുക്കുന്ന സതി എന്ന ആചാരം നിർത്തലാക്കാൻ വേണ്ടി നാടുണർത്തൽ നടത്തിയത് രാജാ റാം മോഹൻ റോയിയാണ്.

അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായി വില്യം ബെന്റിക് എന്ന ബ്രിട്ടിഷ് ഗവർണർ ജനറൽ നിയമം മൂലം സതി നിരോധിച്ചു. അത് 1829ൽ ആയിരുന്നു; 191 വർഷം മുൻപ്.

191 വളരെ നല്ലൊരു സംഖ്യയാണ്. രണ്ടു വശത്തും ഒന്നും നടുക്ക് ഒൻപതും.നവഗ്രഹ ശോഭയുള്ള ഈ 191–ാം വർഷം കേരളത്തിൽ ഒരു ദുരാചാരത്തിനു തിരശീല വീഴാൻ പോകുകയാണെന്ന് അപ്പുക്കുട്ടൻ‌ കരുതുന്നു. സ്വാഗതപ്രസംഗം എന്ന ആചാരം.

സ്വാഗതപ്രസംഗത്തെ പരസ്യമായി ആക്ഷേപിച്ചു തോൽപിച്ചതിനുള്ള ബഹുമതി നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കുള്ളതാണ്. അതിന് അദ്ദേഹം തിരഞ്ഞെടുത്തതോ, ലോകമാകെ ആഘോഷിക്കുന്ന മാതൃഭാഷാ ദിനം.

മലയാളം മിഷന്റെ പ്രതിഭാ പുരസ്കാര സമർപ്പണത്തിന് ഒരു മണിക്കൂർ വൈകിയെത്തിയ മുഖ്യമന്ത്രി, മിഷൻ അധ്യക്ഷയുടെ സ്വാഗതപ്രസംഗം വിലക്കി സമർപ്പണത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

സ്വാഗതപ്രസംഗത്തിന്റെ അകമ്പടിയില്ലാതെ സമർപ്പിച്ച പുരസ്കാരങ്ങൾക്കു തെല്ലും മാറ്റു കുറഞ്ഞതായി ഇതുവരെ ആരും പറഞ്ഞുകേട്ടില്ല. പുരസ്കാരം നേടിയ പ്രതിഭകൾ പിന്നീടങ്ങോട്ടു മങ്ങിപ്പോയതായും അറിവില്ല.

മുൻപേ ഗമിക്കുന്ന ഗോവുതന്റെ

പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം

എന്നു പാടിക്കൊണ്ട് നമ്മുടെ മന്ത്രി എം.എം.മണി സഖാവും കഴിഞ്ഞയാഴ്ച സ്വാഗത പ്രസംഗകനെ അധികപ്രസംഗംകൊണ്ട് അരിഞ്ഞുവീഴ്ത്തി.ഇടുക്കി ജില്ലയിലൊരു ചടങ്ങിൽ സ്വാഗതപ്രസംഗം നീീീീീണ്ടു പോയപ്പോൾ‌, വാമൊഴി വഴക്കത്തിന്റെ വഴുവഴുപ്പു ചേർത്ത് അദ്ദേഹം പറഞ്ഞു:

ഇങ്ങനെയാണെങ്കിൽ ചടങ്ങിലേക്കു ക്ഷണിക്കണ്ട. അഞ്ചു മിനിറ്റിൽ തീർക്കേണ്ടതാണ് സ്വാഗതപ്രസംഗം. നീളുന്ന സ്വാഗതപ്രസംഗം മറ്റുള്ളവർ വെറുതേ കേട്ടിരിക്കണം. അങ്ങനെ ഇരിക്കണമെങ്കിൽ നിങ്ങൾ പറഞ്ഞാൽ കേൾക്കുന്നവരെ വിളിക്കണം.

മുഖ്യമന്ത്രിയും താനും പറഞ്ഞാൽ കേൾക്കുന്നവരല്ല എന്നൊന്നും മന്ത്രി മണി വിശദീകരിക്കാൻ പോയില്ല.

സ്വാഗതപ്രസംഗത്തിന് അഞ്ചു മിനിറ്റാണ് മണിമന്ത്രി അനുവദിച്ചത്.നമ്മുടെ ഓരോ ജില്ലയിലും ഒരു ദിവസം ഏറ്റവും കുറഞ്ഞത് ആയിരം യോഗങ്ങളെങ്കിലും നടക്കുന്നുണ്ടാവും. 14 ജില്ലയിൽ 14000 യോഗം. 14000 യോഗങ്ങളിൽ 5 മിനിറ്റ് വീതം സ്വാഗതത്തിനു പോയാൽ നഷ്ടമാവുന്നത് 70000 മിനിറ്റ്. അതായത് 1166 മണിക്കൂറും 40 മിനിറ്റും.

ശിഷ്ടം കൂട്ടാതെ കണക്കാക്കിയാൽ 48 ദിവസത്തിന്റെ നീളമാണിത്.മഹത്തായ 48 തൊഴിൽ ദിനങ്ങളാണ് ഒരു ദിവസത്തെ സ്വാഗതത്തിൽ മുങ്ങിച്ചാകുന്നതെന്നു പറയാം. ഒരു വർഷത്തെ സ്വാഗതം കണക്കാക്കിയാൽ ഏറ്റവും മടിയനായ മലയാളിക്കുപോലും താങ്ങാനായെന്നുവരില്ല.

ഈ സമയച്ചിതയിൽ ചാടി എത്രയെത്ര ദിവസങ്ങളും മാസങ്ങളുമാണ് ആത്മാഹുതി ചെയ്യുന്നത്.

നിർത്തണം പിണറായി സഖാവേ, ഈ ദുരാചാരം. സതി നിർത്തലാക്കിയതിന്റെ ഈ 191–ാം വർഷത്തിൽ സ്വാഗതപ്രസംഗം നിരോധിച്ച് മുഖ്യമന്ത്രി ചരിത്രത്തിലേക്കു കയറിനിൽക്കട്ടെ.

സതി നിരോധനത്തിന്റെ ഓർമയിൽ ‘പരിഷ്കാരം 191’ എന്ന് ഇതിനു പേരിടുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com