sections
MORE

തട്ടിക്കാൻ ചിട്ടിയും

uts-office
കോയമ്പത്തൂർ പീളമേട്ടിൽ യുടിഎസ് കമ്പനിയുടെ പൂട്ടിക്കിടക്കുന്ന ഓഫിസ്. ചിത്രം: വിബി ജോബ് ∙ മനോരമ
SHARE

യുടിഎസിൽ പണം നിക്ഷേപിച്ചവർക്ക് ലാഭവിഹിതമായി നൽകിയ പണം ‘കൈവിട്ടു’ പോകാതിരിക്കാനും അവർ വഴി കണ്ടിരുന്നു – ചിട്ടിക്കമ്പനി. ലാഭവിഹിതം കിട്ടിയവരിൽ പലരും പണം ചിട്ടിയിലേക്കു മാറ്റി. പക്ഷേ, എല്ലാം പൂട്ടിക്കെട്ടി. ഇങ്ങനെ എത്ര പണമാണു തട്ടിയത് എന്നതിനു കൃത്യമായ കണക്കുമില്ല...

കോയമ്പത്തൂരിൽ തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫിസിൽ ‘മനോരമ’ സംഘം എത്തുമ്പോൾ, മലയാളമറിയാവുന്ന ആരെയെങ്കിലും കാത്തിരിക്കുകയായിരുന്നു അവർ. മലയാളത്തിൽ എഴുതിയ ഒരു കെട്ടു കടലാസുകൾ അവർ ഞങ്ങൾക്കു നേരെ നീട്ടി – പണമിടപാടു കേന്ദ്രങ്ങളിൽനിന്നു കിട്ടിയ ആധാരങ്ങളുടെ പകർപ്പ്! 

പണം നിക്ഷേപിച്ച വകയിലും കടമായി വാങ്ങിയ വകയിലും കോടികളാണ് മലയാളികളിൽനിന്നു തമിഴ്നാട്ടിലെ ചില കമ്പനികൾ തട്ടിയെടുക്കുന്നത്. കേരളത്തിൽ പലയിടത്തു നിന്നും ഭൂമി തട്ടിയെടുത്ത കമ്പനികളും കൂട്ടത്തിലുണ്ട്. ‘മലയാളീസ് കുടുങ്ങാത്ത ഒരു കമ്പനിയും ഇല്ലയേ സാർ...’ ഓഫിസിലെ ജീവനക്കാരി തമാശയായി പറഞ്ഞു.

3500 കോടിയോളം രൂപ തട്ടിയെടുത്ത കോയമ്പത്തൂരിലെ യൂണിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ് (യുടിഎസ്) കമ്പനിയുടെ ഇടപാടുകാരിൽ പകുതിയിലേറെ മലയാളികളാണ്. രണ്ടും മൂന്നും കോടി മുതൽ കേട്ടാൽ അമ്പരക്കുന്ന തുകകൾ വരെ കമ്പനിയിൽ നിക്ഷേപിച്ച മലയാളികളുണ്ട്. 

ഒന്നും ചെയ്യാൻ കഴിയില്ല!

‘എന്റെ മുന്നിലെത്തിയാൽ പോലും യുടിഎസ് എംഡി ഗൗതം രമേഷിനെ ഒന്നും ചെയ്യാൻ കഴിയില്ല. അയാൾ മുങ്ങി നടക്കുന്നത് ആളുകളെ പേടിച്ചു മാത്രമാണ്’ – കോടികൾ തട്ടിയെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ത് എന്ന ചോദ്യത്തിനു തമിഴ്നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ മറുപടിയാണിത്. യുടിഎസിന്റെ കടങ്ങൾ തീർക്കുന്ന നടപടികൾക്കായി മദ്രാസ് ഹൈക്കോടതിയിൽനിന്ന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിപ്പിച്ചതും ഗൗതം രമേഷിന്റെ ഗൂഢതന്ത്രമായിരുന്നു. പണമടയ്ക്കാൻ തയാറാണെന്നു കോടതിയിൽ സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് തടഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗൗതം രമേഷിന് ആസ്തികൾ വിൽക്കാനോ മറ്റൊരാൾക്കു കൈമാറാനോ ഒരു തടസ്സവുമില്ല. സ്വത്തുക്കളെല്ലാം വിറ്റു മുങ്ങിയാൽ ഇടപാടുകാർക്കു പണം ലഭിക്കാത്ത അവസ്ഥയാകും. തമിഴ്നാട്ടിൽ ഭരണകക്ഷിയുമായി ഏറെ അടുപ്പമുള്ളയാളാണു ഗൗതം രമേഷ്. പ്രതിപക്ഷത്തിനും പ്രിയപ്പെട്ട ആൾ. ഏതാനും ആഴ്ച മുൻപ് ആഡംബരമായി നടന്ന ഇയാളുടെ വിവാഹത്തിൽ എല്ലാ കക്ഷികളിലെയും നേതാക്കൾ സജീവമായി പങ്കെടുത്തിരുന്നു. 

സർവത്ര കള്ളക്കണക്ക് 

കള്ളക്കണക്കിൽ യുടിഎസിനെ ആർക്കും മറികടക്കാനാകില്ലെന്നു തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പറയുന്നു. 365 പേർക്കായി 11.55 കോടി രൂപയാണു നൽകാനുള്ളതെന്നും അതു കൊടുത്തുതീർക്കുമെന്നുമാണ് ഗൗതം രമേഷ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ പ്രവർത്തനം തുടങ്ങി മൂന്നു മാസം തികയുമ്പോഴേക്കും ലഭിച്ചത് 6884 പേരുടെ പരാതികൾ. ഇതു തീർക്കാൻ മാത്രം 69 കോടി രൂപ വേണം. കമ്മിഷന്റെ കാലാവധി ഫെബ്രുവരി 29ന് അവസാനിച്ചപ്പോൾ ആകെയുള്ളത് 17,926 പരാതികൾ. ഇത്രയും പേർക്കു പണം കൊടുത്തുതീർക്കാൻ 1000 കോടിയെങ്കിലും വേണ്ടിവരും. ഗൗതം രമേഷിന്റെ ആസ്തിയായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണക്കാക്കുന്നത് 30 കോടിയോളം രൂപയാണ്. ആസ്തിയില്ലെന്നു പറഞ്ഞ് രമേഷിന് കടക്കാരിൽനിന്നു രക്ഷപ്പെടാം. എന്നാൽ, കണക്കില്ലാത്ത എത്രയോ കോടികളുടെ സമ്പത്ത് ഇയാൾ പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ട്. 

ചിട്ടിയിലിട്ടു, പൊട്ടി

പണം നിക്ഷേപിച്ചവർക്കു യുടിഎസിൽനിന്നു ലാഭവിഹിതമായി നൽകിയ പണം തങ്ങൾക്കുതന്നെ ലഭിക്കാൻ ഗൗതം രമേഷ് തമിഴ്നാട്ടിലാകെ 31 ചിട്ടിക്കമ്പനി ബ്രാ‍ഞ്ചുകൾ തുടങ്ങി. എല്ലാം നല്ല സൂപ്പർ ഓഫിസുകൾ! നിക്ഷേപത്തിന്റെ ലാഭവിഹിതം ചിട്ടിയിലേക്കു പലരും മാറ്റി. ലൈസൻസ് ഇല്ലാത്ത ചിട്ടിക്കമ്പനിയായതിനാൽ കള്ളപ്പണം ഈ വഴിക്കു വന്നു. ഒരു കോടിയുടെയും രണ്ടു കോടിയുടെയും ചിട്ടികൾ തുടങ്ങിയെങ്കിലും ഈ ബ്രാഞ്ചുകളെല്ലാം പൂട്ടി. പക്ഷേ, ചിട്ടിക്കമ്പനിയിൽ ഗൗതം രമേഷിന്റെ കൂട്ടാളികളാണു കൂടുതൽ പണം തട്ടിയെടുത്തത് എന്നറിയുന്നു.

uts-reciepts
പരാതി സമർപ്പിച്ചവർക്ക് കമ്മിഷൻ നൽകിയ രസീത്.

കമ്മിഷനെ നോക്കുകുത്തിയാക്കി

പൊരിവെയിലത്തു കണ്ണീരോടെ കാത്തുനിന്നാണ് യുടിഎസിൽ പണംപോയ ആയിരങ്ങൾ ജസ്റ്റിസ് കെ.എൻ.ബാഷ കമ്മിഷനു പരാതി നൽകിയത്. അപേക്ഷകർക്കു വിശദാംശങ്ങളുള്ള രസീതു പോലും നൽകിയില്ല. കൊടുത്തത് ഒരു കടലാസ് കുറിപ്പു മാത്രം. അപേക്ഷകരുടെ ബാധ്യത ഒത്തുനോക്കിയ ശേഷം ആ പണം കമ്മിഷനെ ഏൽപിക്കണമെന്നും കമ്മിഷൻ അതു വിതരണം ചെയ്യുമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, അപേക്ഷകരുടെ അന്തിമ ബാധ്യത നോക്കി എത്ര തുകയാണു നൽകാനുള്ളതെന്ന കണക്ക് ഇതുവരെ കമ്പനി അധികൃതർ കമ്മിഷനു നൽകിയിട്ടില്ല. അതേസമയം, ജുഡീഷ്യൽ കമ്മിഷന്റെ അധികാരം ഉപയോഗിച്ച് യുടിഎസ് കമ്പനിയിൽനിന്നു പണം വസൂലാക്കാനുള്ള ഇടപെടൽ കമ്മിഷൻ ചെയർമാൻ നടത്തണമെന്ന് ഇടപാടുകാർ ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA