ADVERTISEMENT

അധ്യാപകൻ കുട്ടികളെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുകയാണ്. കുട്ടികൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ അദ്ദേഹം ബോർഡിൽ വരച്ചു കാണിക്കും. അവ എളുപ്പത്തിൽ വരയ്ക്കാനുള്ള മാർഗവും കാണിച്ചുകൊടുക്കും. ഒരു കുട്ടി മീൻ വരയ്ക്കാനാവശ്യപ്പെട്ടു. അധ്യാപകൻ വരച്ചു. ഇഷ്ടമായോ എന്ന് അവനോടു ചോദിച്ചപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു: സാറ് വെള്ളം വരച്ചിട്ടില്ല!

ജനിക്കാൻ മാത്രമല്ല, വളരാനും ഒരിടം വേണം. തനിയെ നിൽക്കാനുള്ള പ്രാപ്തിയും ധൈര്യവും രൂപപ്പെടുന്നതുവരെ എല്ലാവരും സംരക്ഷിക്കപ്പെടണം. ജനിച്ചു എന്നതിന്റെ പേരിൽ എല്ലാവരും വളരണമെന്നില്ല. ജീവൻ നൽകുന്നതിനെക്കാൾ പ്രധാനമാണു ജീവിതം നൽകുക എന്നത്. ജന്മം നൽകി എന്നതിന്റെ പേരിൽ ആരും രക്ഷിതാവാകില്ല. സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നവർക്കു മാത്രമാണ് ആ പേരിനവകാശം. വളർത്തിയില്ലെങ്കിലും വളരാൻ അനുവദിക്കുകയെങ്കിലും വേണം.

വളർച്ചയുടെ സ്വാഭാവിക സാധ്യതകളും സാഹചര്യങ്ങളും എന്തൊക്കെ എന്നറിയുകയാണ് ജന്മം നൽകുന്നവരുടെയും വളർത്തുന്നവരുടെയും ഉത്തരവാദിത്തം. അതറിയാത്തവർ കിളിയെ കൂട്ടിലട‌ച്ച് വയറുനിറയെ ഭക്ഷണം നൽകുന്നതിന്റെ പേരിൽ മികച്ച പരിപാലകൻ എന്നഭിമാനിക്കും. ഓരോന്നും വളരേണ്ട ഇടമുണ്ട്. അവിടെ മാത്രമേ അവയ്ക്കു വളരാനാകൂ. മീനുകൾ വെള്ളത്തിലും വാനരൻ മരത്തിലും വളരണം. മൃഗങ്ങൾ വളരേണ്ടതു മൃഗശാലയിലാണ് എന്നു തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് അവർ വെറും പ്രദർശനവസ്തുക്കളായി മാറുന്നത്.

സ്നേഹവും പരിഗണനയും ലാളനയും ഓരോരുത്തരുടെയും ജന്മാവകാശമാണ്. അതു നിഷേധിക്കപ്പെടുന്നവർ പൂർണവളർച്ച എത്തില്ലെന്നു മാത്രമല്ല, വളർച്ച മുരടിച്ച് അവരിൽത്തന്നെ അവസാനിക്കുകയും ചെയ്യും.അപരന്റെ ലോകം അവനുവേണ്ടി ഒരുക്കുന്നവരാണ് യഥാർഥ സംരക്ഷകർ. വളർന്നുവരുന്ന ഓരോരുത്തരെയും നിരീക്ഷിച്ചാൽ വളർത്തുന്നവരുടെ കരസ്പർശം അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com