sections
MORE

വ്യാജന്റെ കൊയ്ത്തുത്സവം

vireal
ചൈനയിൽ കോവിഡ് ബാധിതനെ പൊലീസ് പിടികൂടുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ. ഇതു യഥാർഥത്തിൽ ചൈനീസ് പൊലീസിന്റെ മോക് ഡ്രിൽ ആണ്.
SHARE

വ്യാജവാർത്തകളുടെയും വിവരങ്ങളുടെയും വിളവെടുപ്പു കാലമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകമാകെ. കോവിഡ് മുതൽ കലാപം വരെ വ്യാജന് ഇത്രയേറെ ‘പ്രിയമേറിയ’ ഒരു കാലമില്ല.

ചാണകത്തിൽ കുളിച്ചാൽ ‘രണ്ടുണ്ട് ’ കാര്യം!

കോവിഡ് 19 എന്നു പിന്നീടു പേരിട്ട പുതിയ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ പടരുന്നതു സംബന്ധിച്ച ആദ്യ വാർത്തകൾ പുറത്തുവന്ന അന്നുമുതൽ അതെക്കുറിച്ചുള്ള വ്യാജവിവരങ്ങളും പ്രചരിച്ചു തുടങ്ങിയതാണ്; വുഹാനിലോ ചൈനയിലോ മാത്രമല്ല, ലോകമാകെ, ഇങ്ങു കേരളത്തിൽ വരെ. വൈറസ് ബാധ സംബന്ധിച്ചോ അതിനുള്ള പ്രതിവിധി സംബന്ധിച്ചോ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നു കേരള സർക്കാർ തന്നെ പത്രക്കുറിപ്പിറക്കി.

കോവിഡിനെക്കുറിച്ചു പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ നേരിടാൻ ലോകാരോഗ്യ സംഘടന അവരുടെ വെബ്സൈറ്റിൽ പ്രത്യേക വിഭാഗം തന്നെ തുടങ്ങുകയും ചെയ്തു. www.who.int എന്ന സൈറ്റിൽ ഇതു കാണാം. ഒരു രോഗം പടർന്നുപിടിച്ചാലുടൻ അതിനെ പ്രതിരോധിക്കാനുള്ള മാർഗമെന്ന നിലയിൽ ഒരുനൂറു ഫോർവേഡുകൾ സമൂഹമാധ്യമങ്ങളിൽ വരും. രസം കുടിച്ചാൽ രോഗം മാറുമെന്നതു മുതൽ ചാണകത്തിൽ കുളിച്ചാൽ വൈറസ് പിടികൂടില്ലെന്നതു വരെയുള്ള പല പല വിവരങ്ങൾ. ആരോഗ്യപ്രവർത്തകരെ ഏറെ ആശങ്കാകുലരാക്കുന്നതാണ് ഇത്തരം ‘വ്യാജ വൈദ്യ’ ഫോർവേഡുകൾ. പലപ്പോഴും പ്രശസ്തമായ ആശുപത്രിയിലെ പ്രമുഖനായ ഡോക്ടർ പറഞ്ഞു എന്നൊക്കെയുള്ള രീതിയിലാകും ഇത്തരം വിവരങ്ങൾ ഫോണിൽ കിട്ടുക. ചിലപ്പോൾ, യുനിസെഫ്, നാസ തുടങ്ങിയ രാജ്യാന്തര ഏജൻസികളുടെ പേരിലും വരും.

ambedkar-statue
ഡൽഹി കലാപത്തിനിടെ അംബേദ്കർ പ്രതിമ തകർക്കപ്പെട്ട നിലയിൽ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം. യഥാർഥത്തിൽ സംഭവമുണ്ടായത് ഉത്തർപ്രദേശിൽ.

രോഗചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഫോർവേഡ് മെസേജ് വാട്സാപ്പിലോ മറ്റേതെങ്കിലും രീതിയിലോ കയ്യിലെത്തിയാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടി ഇതാണ്: അവിശ്വസിക്കുക. ഒരു ആധികാരികതയുമില്ലാത്ത ഇത്തരം ഉപദേശങ്ങൾ കേട്ടു ചാണകത്തിൽ കുളിച്ചാൽ ദുർഗന്ധം മാറില്ലെന്നു മാത്രമല്ല, കാറ്റുപോകാനും സാധ്യതയുണ്ട്!

തൊടരുത്, വിദ്വേഷത്തിന്റെ വൈറസുകളാണ്

ഡൽഹി കലാപത്തിന്റെ പേരിൽ നാട്ടിൽ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വിഡിയോകൾക്കും വിവരങ്ങൾക്കും കയ്യും കണക്കുമില്ല. അവ ഓരോന്നോരാന്നായി വിവരിക്കുക തന്നെ അസാധ്യമാണ്. അത്രയളവിലാണ് ‘വ്യാജൻ’ പ്രചരിച്ചത്.

മറ്റു സ്ഥലങ്ങളിൽ മുൻപ് നടന്നിട്ടുള്ള പല ക്രൂരതകളുടെയും ചിത്രങ്ങളോ വിഡിയോകളോ ഡൽഹി കലാപകാലത്തുണ്ടായതാണ് എന്ന വ്യാജ വിവരണത്തോടെയോ അടിക്കുറിപ്പോടെയോ പ്രചരിപ്പിക്കുക, യഥാർഥത്തിൽ കലാപകാലത്തുണ്ടായ സംഭവങ്ങളുടെ ചിത്രീകരണങ്ങൾ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങൾ മാത്രമായി പ്രത്യേക വിഭാഗങ്ങൾക്കെതിരായി പ്രചരിപ്പിക്കുക തുടങ്ങി പല രീതിയിലാണ് വ്യാജനെ ഇറക്കിവിടുക. ഉത്തർപ്രദേശിലും ബിഹാറിലും ഒഡീഷയിലും മാത്രമല്ല, ബംഗ്ലദേശിലും പാക്കിസ്ഥാനിലും വരെ പണ്ടുണ്ടായ സംഭവങ്ങളുടെ വിഡിയോകളും ചിത്രങ്ങളും ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇവയുടെയെല്ലാം ഉദ്ദേശ്യം ഒന്നു മാത്രം– വർഗീയ വിദ്വേഷം പടർത്തുക. കലാപകാലങ്ങളിൽ ഫോർവേഡ് ചെയ്തു കിട്ടുന്ന ഇത്തരം വിഡിയോകളും സന്ദേശങ്ങളും സംബന്ധിച്ചു സ്വീകരിക്കേണ്ട പ്രാഥമിക നടപടി ഇതാണ്: ഡിലീറ്റ് ചെയ്യുക. ദുഷ്ടലാക്കോടെയുള്ള ഇത്തരം സന്ദേശങ്ങൾ വിശ്വസിച്ചു പ്രചരിപ്പിച്ചാൽ കേസിൽപെടുമെന്നു മാത്രമല്ല, നാടു കത്താനുമിടയുണ്ട്.

ദേവനന്ദയുടെ പാട്ട്

കൊല്ലത്തെ ദേവനന്ദയുടെ മരണം നമ്മുടെയെല്ലാം നോവായിത്തുടരുകയാണ് ഇപ്പോഴും. ഡാൻസിലൊക്കെ മിടുക്കിയായിരുന്നു ദേവനന്ദ. പക്ഷേ ഇപ്പോൾ, ദേവനന്ദ പാടുന്നതെന്ന പേരിൽ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രചരിക്കുന്ന ഒരു വിഡിയോ ഉണ്ട്. മരിച്ചുപോയ ദേവനന്ദയല്ല, അതേ പേരിലുള്ള മറ്റൊരു കുട്ടിയാണ് ആ വിഡിയോയിൽ പാടുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ ആ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA