sections
MORE

നമ്മുടെ നിയമസഭയെ നാണംകെടുത്തരുത്

SHARE

മൂല്യശോഷണത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കാൻ സ്വയം മത്സരിക്കുകയാണു നമ്മുടെ നിയമസഭയെന്നുവേണം കരുതാൻ. ചൊവ്വാഴ്ച നിയമസഭയ്ക്കു കേൾക്കേണ്ടിവന്ന സഭ്യേതര വാക്കുകളും പ്രകോപനപരമായ പരാമർശങ്ങളും കയ്യാങ്കളിയുടെ വക്കോളമെത്തിയ സാഹചര്യവുമൊക്കെ അതുതന്നെയാണു ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളുടെ അന്തസ്സുറ്റ പെരുമാറ്റത്തിലൂടെ മാതൃകാസ്ഥാനമായി മാറേണ്ട നിയമസഭ, നാണക്കേടിന്റെ നെല്ലിപ്പലകയിൽ നിൽക്കുന്നതു കാണുകയാണു കേരളം.

രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസ് സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിന്മേലുള്ള ചർച്ചയ്ക്കിടയിലാണ് നിലവിട്ട വാമൊഴി വിളയാട്ടത്തിനും കയ്യാങ്കളിശ്രമത്തിനും നിയമസഭ സാക്ഷ്യം വഹിച്ചത്. പൊതുപ്രവർത്തനരംഗത്ത് അവരവരുടെ സ്‌ഥാനവലുപ്പവും സമൂഹം പ്രതീക്ഷിക്കുന്ന അന്തസ്സും വെടിഞ്ഞു ചിലർ സ്വന്തം നാവിന്റെ വേലി ചാടുമ്പോൾ അതിലെ മാലിന്യം ഈ നാടിന്റെ സംസ്‌കാരത്തിലാകെ കലരുന്നു. സഭ്യതയുടെയും സാമാന്യമര്യാദയുടെയും അതിരുകൾ ലംഘിക്കുന്ന പരാമർശങ്ങൾ പ്രബുദ്ധ കേരളത്തിന്റെയും നിയമസഭയുടെയും പാരമ്പര്യത്തിലാണു നിഴൽ വീഴ്ത്തുന്നതെന്ന് അറിയാത്തവരാണോ സമാജികരാവുന്നതും മന്ത്രിപദമേറുന്നതും ?

വിവേകവും പക്വതയുമുള്ള നേതാക്കളുണ്ടെങ്കിലേ ജനാധിപത്യത്തിൽ ജനങ്ങൾക്കു പ്രതീക്ഷയുണ്ടാകൂ. ജനങ്ങളുടെ അംഗീകാരവും ആദരവും നിലനിർത്തണമെങ്കിൽ വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും വാക്കുകൾ നേതാക്കൾ ശൈലിയായി സ്വീകരിച്ചുകൂടാ. ഏതു സാഹചര്യത്തിലും ആത്മനിയന്ത്രണം കൈവെടിയാത്തവർക്കും സംസ്കാരമുള്ള ഭാഷ ഉപയോഗിക്കുന്നവർക്കും മാത്രമേ, നേതാവ് എന്ന സ്ഥാനത്തിനും ജനപ്രതിനിധി എന്ന പദവിക്കും അർഹതയുള്ളൂ.

ജനപ്രതിനിധികൾ അന്തസ്സോടെ സഭയിൽ പെരുമാറുകയും ഗൗരവത്തോടെ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത കാലഘട്ടം നമുക്കുണ്ടായിരുന്നു. അന്ന് ആശയങ്ങളും ആദർശങ്ങളുമായിരുന്നു സഭാംഗങ്ങളുടെ ആയുധങ്ങൾ. സഭയിൽ കയ്യൂക്കു കൊണ്ടല്ല, കതിർക്കനമുള്ള വാദമുഖങ്ങൾ കൊണ്ട് ഏറ്റുമുട്ടുന്നതാണ് അന്തസ്സെന്ന് അക്കാലത്തെ അംഗങ്ങൾക്ക് അറിയാമായിരുന്നു; കൈവിട്ടുപോയൊരു മോശം വാക്കിനു ജനത്തോടു മറുപടി പറയേണ്ടിവരുമെന്നും. അതിനുപകരം, കയ്യോങ്ങലും സഭ്യേതര വാക്കുകളുമായി ജനാധിപത്യത്തിന്റെ വസ്ത്രാക്ഷേപമാണ് ഇപ്പോൾ നമ്മുടെ നിയമസഭ പതിവായി കണ്ടുപോരുന്നത്.

സ്പീക്കറുടെ റൂളിങ്ങിനെ ധിക്കരിക്കൽ, വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കൽ തുടങ്ങി എംഎൽഎമാരുടെ പെരുമാറ്റച്ചട്ടത്തിൽ എന്തൊക്കെ അരുതെന്നു പറഞ്ഞിട്ടുണ്ടോ, അതൊക്കെ പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നവരാണു നമ്മൾ. പവിത്രമെന്നു കരുതിപ്പോരുന്ന സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും അധ്യക്ഷവേദി തകർത്തുമൊക്കെ ജനപ്രതിനിധികൾ അഴിഞ്ഞാടുന്നതും കണ്ടിട്ടുണ്ട്. ജനത്തിന്റെ പണം കൊണ്ടാണു നിയമസഭയിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. അതേ പണം കീശയിലാക്കിയാണു നമ്മുടെ സാമാജികർ സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും അന്തസ്സു കെടുത്തുകയും ചെയ്യുന്നത് എന്നതിൽ പരിഹാസ്യമായൊരു വൈരുധ്യവുമുണ്ട്.

ജനപ്രതിനിധികൾ അന്തസ്സോടെ സഭയിൽ പെരുമാറുകയും ഗൗരവത്തോടെ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്ന കാലം അവസാനിച്ചെന്ന് അടിവരയിട്ടു പറയുകയാണു കഴിഞ്ഞ കുറെ കാലമായി നമ്മുടെ സഭാംഗങ്ങളിൽ ചിലരെങ്കിലും. സഭയെ മാനിക്കുന്ന കാലത്തുനിന്ന് എത്രയോ താഴേക്ക് ഇറങ്ങിവന്ന്, സാമാജികർ സഭയിൽ മുണ്ടു മടക്കിക്കുത്തി തല്ലാനും തടയാനും സഭ്യേതര വാക്കുകൾ പറയാനും തെരുവുശൈലിയിൽ മുന്നിട്ടിറങ്ങുന്ന കാഴ്ചകൾ കേരളത്തിന്റെ കണ്ണിൽനിന്ന് എന്നേക്കുമായി മാഞ്ഞേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA