ADVERTISEMENT

എല്ലാവരെയും എക്കാലവും തന്ത്രങ്ങളിലൂടെ കബളിപ്പിക്കാനാകില്ല. തന്ത്രങ്ങളുടെ പരിമിതി, മറുതന്ത്രങ്ങൾക്കു മുന്നിൽ അവ പരാജയപ്പെടും എന്നതാണ്. കൗശലങ്ങൾ കണ്ടെത്താനും കാണിക്കാനും ഉപയോഗിക്കുന്ന സമയവും കഴിവും കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ എല്ലാ പ്രവൃത്തികളും അതിന്റെ പൂർണതയിൽ അവസാനിച്ചേനെ.

ചെപ്പടിവിദ്യകൾ കാണിക്കുന്നവർക്കെല്ലാം എന്തൊക്കെയോ മറയ്ക്കാനുണ്ട്. അർഹതയില്ലാത്ത വിജയം അടവുകളിലൂടെ നേടാൻ ശ്രമിക്കുന്ന ആരും ആത്യന്തിക വിജയം സ്വന്തമാക്കില്ല. കുതന്ത്രങ്ങൾ പയറ്റുന്നവർ സ്വന്തം കഴിവിനെയും അന്യരുടെ സാമാന്യബോധത്തെയുമാണു പരീക്ഷിക്കുന്നത്. പരിശ്രമിക്കുന്നവർ പല വഴികൾ കണ്ടെത്തും; ഒളിച്ചോടുന്നവർ ഒഴികഴിവിന്റെ വഴി മാത്രം തേടും.

കൗശലങ്ങളും കൃത്രിമങ്ങളും കണ്ടെത്തുകയും മാറ്റിനിർത്തുകയുമാണ് കർമമേഖലകളെ കാര്യക്ഷമമാക്കാനുള്ള ക്രിയാത്മക മാർഗം. കഠിനവഴികളിൽ കൃത്യതയോടെ കടന്നുവരുന്നവരുടെ കൂടെ, സൂത്രവഴികളിൽ സഞ്ചരിക്കുന്നവർക്കു സ്ഥാനമുണ്ടാകരുത്. അതു മികവിന്റെ മാർഗങ്ങളെയും ആ മാർഗങ്ങളിലൂടെ യാത്ര ചെയ്യുന്നവരെയും പരിഹസിക്കുന്നതിനു തുല്യമാണ്. കാര്യശേഷിയുള്ളവരുടെ കർമകുശലത സൃഷ്ടിപരമാണ്. അവരുടെ പദ്ധതികൾക്കും പ്രയത്നങ്ങൾക്കും നിയതമായ തീരുമാനങ്ങളും രൂപകൽപനയും ഉണ്ടാകും. വളഞ്ഞ വഴികൾ തേടുന്നവർക്ക് ഒന്നിനോടും ആഭിമുഖ്യം ഉണ്ടാകില്ല.

അർഹതയില്ലാത്തവർ അർഹതയുള്ളവരുടെ കൂടെ എണ്ണപ്പെട്ടാൽ മികവു തെറ്റിദ്ധരിക്കപ്പെടും എന്നു മാത്രമല്ല, നുഴഞ്ഞുകയറ്റക്കാരുടെ എണ്ണവും കൂടും. അർഹതയുള്ള ഒരാളും അവഗണിക്കപ്പെടാതിരിക്കാനും അർഹതയില്ലാത്ത ഒരാളും തിരഞ്ഞെടുക്കപ്പെടാതിരിക്കാനും നടത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് പരിശീലനങ്ങളുടെ കാതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com