sections
MORE

പകർച്ചവ്യാധികൾക്കെതിരെ വേണം: പടപ്പുറപ്പാട്

kerala-disease
SHARE

പഠനത്തിനും ജോലിക്കും വ്യവസായത്തിനും വിനോദത്തിനുമൊക്കെയായി ലോകം ചുറ്റുന്നവരാണ് മലയാളികൾ. സാംക്രമികരോഗങ്ങൾ നമുക്കു ഭീഷണിയോ?

ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിൽ വരെ കേരളം ചർച്ചയായിക്കഴിഞ്ഞു; കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിച്ച രീതിയുടെ പേരിൽ. തീർച്ചയായും അഭിമാനിക്കേണ്ട കാര്യം. പക്ഷേ, പകർച്ചവ്യാധികളുടെ വ്യാപനം ഭാവിയിൽ രൂക്ഷമായേക്കാം. അവയെ നേരിടാൻ നമ്മുടെ നിലവിലെ നയങ്ങളും സംവിധാനങ്ങളും മതിയോ എന്നുകൂടി ആലോചിക്കേണ്ട സമയമാണിത്. കേരളം ‘ആഗോള സംസ്ഥാന’മായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണം.

ലോകമെമ്പാടും സഞ്ചരിക്കുന്ന സമൂഹം എന്ന നിലയിൽ കേരളീയരിലേക്കു പകർച്ചവ്യാധികൾക്കുള്ള വഴി എളുപ്പമാണ്. അതു മുൻകൂട്ടിക്കണ്ട്, നമ്മുടെ സാഹചര്യങ്ങൾക്ക് അനുസൃതമായ പകർച്ചവ്യാധി പ്രതിരോധ പരിപാടി രൂപീകരിക്കാനാകണം. നിയമനിർമാണവും സാമൂഹിക ബോധവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവുമൊക്കെ ഇതിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടിവരും.

ps-jinesh
ഡോ.പി.എസ്.ജിനേഷ്

ഏപ്രിൽ മുതലുള്ള 4 മാസങ്ങളിൽ കോവിഡ് വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പല വിദേശ രാജ്യങ്ങളും ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. എത്ര പേർക്കു രോഗം വരാൻ സാധ്യതയുണ്ടെന്നും അതിൽ എത്ര ആളുകൾക്ക് ഐസലേഷൻ ഐസിയു സൗകര്യം ഒരുക്കേണ്ടി വരുമെന്നുമൊക്കെ അവർ കണക്കുകൂട്ടുന്നു. ഈ മുന്നൊരുക്കം നമുക്കും മാതൃകയാക്കാം.

ചൈനയിൽ കോവിഡ് പടർന്നതു പോലെ ഒരു സാഹചര്യം ഇന്ത്യയിൽ ഉണ്ടായെന്നു കരുതുക. നമ്മുടെ പ്രതിരോധ സംവിധാനത്തിലെ പഴുതുകൾ അപ്പോഴാണു വ്യക്തമാകുക. വിമാനത്താവളങ്ങളിൽ ഇപ്പോൾ നടത്തുന്നതു പോലെയുള്ള പരിശോധനാ സംവിധാനങ്ങൾ നമ്മുടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പ്രായോഗികമാണോ?

നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനത്തിന്റെ ഘടന സുശക്തമാണ്. പക്ഷേ, പകർച്ചവ്യാധികളുണ്ടായാൽ മാത്രം ഒരുക്കിയെടുക്കുന്നവയാണ് നമ്മുടെ ഐസലേഷൻ വാർഡുകൾ. അതിനു പകരം സ്ഥിരം സംവിധാനമുണ്ടാകണം. പകർച്ചവ്യാധികളെ നേരിടാൻ പ്രത്യേക കേന്ദ്രവും വിദഗ്ധ സംഘവും വേണം. കൃത്യമായ വിവരശേഖരണവും അവലോകനവും അതിനനുസരിച്ചു നിർദേശങ്ങളും നൽകാനാകുന്ന തരത്തിലാകണമിത്. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നല്ല മാതൃകയാണ്. സർക്കാർ പ്രഖ്യാപിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ഉടൻ തുടങ്ങണം. രോഗം എത്രയും നേരത്തേ തിരിച്ചറിയുക എന്നതു നിർണായകമാണ്. പഠനവും ഗവേഷണവും പകർച്ചവ്യാധി പ്രതിരോധ മേഖലയിൽ പ്രധാന ഘടകങ്ങളാണ്.

കേരളത്തിൽ രോഗകാരണം വ്യക്തമാകാത്ത മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നു. 2019ലെ പകർച്ചവ്യാധി മരണങ്ങളുടെ പട്ടിക പ്രകാരം 51 പേർ പനി ബാധിച്ചു മരിച്ചിട്ടുണ്ട്. ഏതുതരം പനി അല്ലെങ്കിൽ എന്തുകൊണ്ട് മരണം എന്ന കാര്യത്തിൽ അന്വേഷണം നടത്തി ചികിത്സാ ക്രമത്തിനു രൂപം നൽകേണ്ടതുണ്ട്. നമ്മൾ അടക്കിനിർത്തിയിരുന്ന പകർച്ചവ്യാധികളായ ഡിഫ്ത്തീരിയ, വില്ലൻചുമ എന്നിവ വീണ്ടും തലപൊക്കുന്നു. പല വിദേശ രാജ്യങ്ങളും ചെയ്തതുപോലെ പ്രതിരോധ കുത്തിവയ്പ് നിർബന്ധമാക്കണം.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടുതൽ ശാസ്ത്രീയവും ഫലപ്രദവുമാക്കാൻ നയം രൂപീകരിക്കണം. അതു മെഡിക്കൽ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തണം. കാലാകാലങ്ങളിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചു പഠനം നടത്തി ഈ നയം പരിഷ്കരിക്കണം. പകർച്ചവ്യാധികളുടെ കാര്യത്തിൽ അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. ആശുപത്രികൾ അണുബാധ പകരാൻ സാധ്യതയില്ലാത്ത ഇടങ്ങളായി മാറണം. എൻഎബിഎച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) അംഗീകാരം പോലുള്ള മാനദണ്ഡങ്ങൾ ആശുപത്രികൾക്കു നിർബന്ധമാക്കിയാൽ ഈ നിലവാരം കൈവരിക്കാനാകും.

(കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ മുൻ അധ്യാപകനും ഇൻഫോ ക്ലിനിക് സഹസ്ഥാപകനുമാണു ലേഖകൻ)
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA