sections
MORE

ആ ജീവന്റെ നഷ്ടം ആരു നികത്തും?

ksrtc-strike-surendran-death
SHARE

തലസ്ഥാന നഗരത്തിൽ വഴിനീളെ ബസുകൾ നിർത്തി ഉണ്ടാക്കിയ 5 മണിക്കൂർ ഗതാഗത സ്തംഭനം ഒരു ജീവനെടുത്തതിനും ആയിരക്കണക്കിനു പേരെ പെരുവഴിയിലാക്കിയതിനും കാരണം പല തലങ്ങളിലുണ്ടായ നിരുത്തരവാദിത്തവും ജനവിരുദ്ധതയും തന്നെയാണ്. കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ കൺമുന്നിലുള്ള നഗരം നരകയാതന അനുഭവിച്ചപ്പോൾ, അതിൽ ഇടപെടാൻ മടിച്ചുനിന്ന ഭരണസംവിധാനവും സമരത്തിലേക്കു നയിച്ച പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ പൊലീസും പ്രശ്നത്തെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം മിന്നൽസമരത്തിലേക്കു നയിച്ച കെഎസ്ആർടിസി യൂണിയൻ നേതൃത്വവുമൊക്കെ ഇതിൽ കുറ്റക്കാരാണ്.

ബസുകൾ റോഡിൽ തലങ്ങും വിലങ്ങുമിട്ട മിന്നൽ പണിമുടക്കിൽ തലസ്ഥാനം സ്തംഭിച്ചപ്പോൾ, മാതൃകാപരമായി തെളിഞ്ഞ കരുതലിന്റെ ഒരു കരസ്പർശം ഇതിനിടെ മാധ്യമങ്ങൾ സമൂഹ മനസ്സാക്ഷിക്കു മുന്നിൽ സമർപ്പിച്ചിരുന്നു. കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ ബസ് കാത്തിരുന്നുമടുത്ത് അവശനായ സുരേന്ദ്രൻ എന്ന യാത്രക്കാരൻ കുഴഞ്ഞുവീണപ്പോൾ പ്രഥമശുശ്രൂഷ നൽകിയ വി. രഞ്ജു എന്ന നഴ്സിന്റെ ചിത്രമായിരുന്നു അത്. പ്രഥമശുശ്രൂഷ നൽകിയശേഷം, ഗതാഗതക്കുരുക്കിലൂടെ ശ്രമപ്പെട്ടു പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ സുരേന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല എന്നതു നാടിന്റെ നൊമ്പരമാകുകയും ചെയ്തു. അപരിചിതനായ യാത്രക്കാരനെ പരിചരിക്കാൻ തോന്നിയ ആ മാനുഷികതയും മനസ്സലിവും പക്ഷേ, കെഎസ്ആർടിസി ജീവനക്കാർക്കോ പൊലീസിനോ സർക്കാരിനോ ഉണ്ടായില്ല എന്നത് ഈ നാടിന്റെ ദുർവിധി.

സ്വകാര്യ ബസിന്റെ അനധികൃത സർവീസ് ജില്ലാ ട്രാൻസ്പോർട് ഓഫിസർ (ഡിടിഒ) തടഞ്ഞു. തുടർന്ന്, ഡി‍ടിഒയെയും മറ്റും പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കു പൊലീസ് കൂട്ടുനിൽക്കുന്നു എന്ന പരാതി മുൻപേയുണ്ട്. നിയമപ്രകാരം പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനോടു പൊലീസ് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നാണു കെഎസ്ആർടിസി ജീവനക്കാരുടെ ചോദ്യം. അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക്.
മിന്നൽസമരം പരിഹരിച്ചു യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റോ ഗതാഗത വകുപ്പോ തുടക്കത്തിൽ മുന്നിട്ടിറങ്ങിയില്ല. സ്വകാര്യ ബസിന്റെ അനധികൃത സർവീസ് പ്രശ്നം നീതിപൂർവം പരിഹരിക്കുന്നതിനു പകരം കെഎസ്ആർടിസി ജീവനക്കാരെ പ്രകോപിപ്പിക്കുന്നവിധം വളർത്തിയ പൊലീസ്, സമരം കടുത്തപ്പോൾ ക്രമസമാധാനപാലനം മറന്നു നിഷ്ക്രിയമാകുകയും ചെയ്തു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽനിന്ന് 2 കിലോമീറ്റർപോലും ദൂരമില്ലാത്ത കിഴക്കേകോട്ടയിൽ നടന്ന സംഘർഷത്തോടു ഭരണാധികാരികളും മുഖം തിരിച്ചതോടെ ജനം നിസ്സഹായതയോടെ കൊടുംദുരിതത്തിനു തലകുനിക്കേണ്ടി വന്നു; ഒരു ഹതഭാഗ്യന്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

അവശ്യസർവീസുകളുടെ വിഭാഗത്തിൽപെടുന്ന കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്ക് നിയമവിരുദ്ധമാണ്. തലസ്ഥാന നഗരം കേന്ദ്രീകരിച്ചുണ്ടാകുന്ന കെഎസ്ആർടിസിയിലെ ആദ്യത്തെ മിന്നൽ പണിമുടക്കല്ലായിരുന്നു ബുധനാഴ്ച നടന്നത്. കുടുംബശ്രീക്കു കെഎസ്ആർടിസിയിലെ ടിക്കറ്റ് റിസർവേഷൻ ചുമതല നൽകാനുള്ള നീക്കത്തിനെതിരെ 2018 ഒക്ടോബർ 16നു നടന്ന മിന്നൽ പണിമുടക്കിൽ അന്നു കെഎസ്ആർടിസിക്കുണ്ടായ ഒന്നരക്കോടി രൂപയുടെ നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കാൻ മാനേജ്മെന്റ് നിർദേശിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായില്ല. മിന്നൽ പണിമുടക്കുകൾ ഒഴിവാക്കുന്നതിന് എതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങൾ നമുക്കു മുന്നിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

പണിമുടക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളെ അംഗീകരിക്കുമ്പോൾത്തന്നെ, ജനജീവൻ നഷ്ടപ്പെടുത്തിയും ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയുമുള്ള സമരങ്ങൾ ഒഴിവാക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും, പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ. സ്വകാര്യ ബസുകൾ പെർമിറ്റ് ലംഘനങ്ങൾ നടത്തുന്നതു തടയുകതന്നെ വേണം. മിന്നൽ സമരവും യാത്രക്കാരന്റെ മരണവും അനുബന്ധപ്രശ്നങ്ങളും അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തലസ്ഥാനത്തെ നരകിപ്പിച്ച സംഭവത്തിൽ നടപടികൾ ഉണ്ടായാൽ മാത്രം പോരാ, ജനത്തെ പെരുവഴിയിലാക്കുന്ന ഇത്തരം മിന്നൽക്രൂരതകൾ ആവർത്തിക്കപ്പെടില്ലെന്ന ഉറപ്പാണു കേരളത്തിനു വേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA