sections
MORE

തട്ടിപ്പുകൾക്ക് ത‍ല വയ്ക്കരുത്

SHARE

കോയമ്പത്തൂരിലെ യൂണിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ് (യുടിഎസ്) ഒട്ടേറെ മലയാളികളടക്കമുള്ള നിക്ഷേപകരെ പറ്റിച്ചതിന്റെ വ്യാപ്തി ഇനിയും പൂർണമായും വെളിപ്പെട്ടിട്ടില്ല. പത്തു മാസം കൊണ്ടു പണം ഇരട്ടിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഇവർ പിരിച്ചത് 3500 കോടി രൂപയെന്നു നിക്ഷേപകർ പറയുമ്പോൾ, പിരിച്ചത് 8000 കോടി രൂപയെന്നാണു കമ്പനി മുൻ വൈസ് പ്രസിഡന്റ് പറയുന്നത്. അതെന്തായാലും, ഇപ്പോൾ കമ്പനിയുമില്ല, പണവുമില്ല എന്ന അവസ്ഥയാണ്. ഇതിനകം, സാമ്പത്തിക തട്ടിപ്പുകളുടെ ഒരുപാട് ഉദാഹരണങ്ങൾ കണ്ടു മനസ്സിലാക്കിയിട്ടുള്ള മലയാളികൾപോലും ഈ കമ്പനിയുടെ വഞ്ചനയ്ക്കു തലവച്ചുകൊടുത്തതു നിർഭാഗ്യകരമാണ്.

കഷ്ടപ്പെട്ടു സമ്പാദിച്ച പണമെല്ലാം ഈ കമ്പനിയിൽ നിക്ഷേപിക്കാൻ ആളുകൾ തയാറായതിനു കാരണം മോഹനവാഗ്ദാനങ്ങൾത്തന്നെ. ‘ബാങ്ക് വഴി ഇടപാട്, മുദ്രപ്പത്രത്തിന്റെ ഉറപ്പ്’ എന്നിവയെല്ലാം കമ്പനി വച്ചുനീട്ടിയപ്പോൾ പലരും കെണിയിൽ വീണു എന്നാൽ, റജിസ്റ്റർ ചെയ്യാത്ത, കടലാസിൽ ഒപ്പിട്ടു നൽകിയ കരാറിനു നിയമസാധുതയില്ലെന്ന് പണം നഷ്ടപ്പെട്ടപ്പോഴാണ് ഇവർ മനസ്സിലാക്കിയത്. ഇപ്പോൾ നിക്ഷേപകരുടെ കയ്യിൽ ഈ മുദ്രപ്പത്രങ്ങൾ മാത്രം മിച്ചം. കമ്പനിയുടെ ഇടപാടുകാരിൽ പകുതിയിലേറെ മലയാളികളാണ്. വൻ തുകകൾവരെ കമ്പനിയിൽ നിക്ഷേപിച്ച മലയാളികളുണ്ട്.

തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നടത്തിയ റെയ്ഡിലാണു കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ യുടിഎസിൽ നടക്കുന്നതായി മനസ്സിലാക്കിയത്. ഇതോടെ സ്ഥാപനത്തിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. ഈ കമ്പനി പണം തട്ടിച്ചുവെന്ന് ആദ്യം കണ്ടെത്തിയതു കേരള പൊലീസാണ്. മലബാർ ജില്ലകളിലെ പലരുടെയും വൻതുക നഷ്ടമായെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയെങ്കിലും ഒരാൾപോലും പരാതി നൽകാൻ തയാറായിരുന്നില്ല. പരാതിയോ തെളിവോ ഇല്ലാത്തതിനാൽ കേസെടുക്കാനും കഴിഞ്ഞില്ല. ആരെങ്കിലും അന്നു പരാതി നൽകിയിരുന്നെങ്കിൽ, പിന്നീടു കുറെപ്പേരുടെ പണം നഷ്ടമാകുന്നത് ഒഴിവാക്കാമായിരുന്നു.

കേരളത്തിൽ ഇതിനകം വൻതുകകളുടെ സാമ്പത്തിക തട്ടിപ്പുകൾ നടന്നുകഴിഞ്ഞു. നാണക്കേടു ഭയന്നും നഷ്ടമായതു കള്ളപ്പണമായതു കൊണ്ടും പരാതി നൽകാത്തവർ എത്രയോ പേരാണ്. അതുകൂടി ചേർത്താൽ തട്ടിപ്പിന്റെ വ്യാപ്തി പല മടങ്ങാകും. ഉയർന്ന സാക്ഷരതയുടെ പേരിൽ പെരുമ കൊള്ളുമ്പോഴും തട്ടിപ്പുകാരെ തിരിച്ചറിയാനും അവരുടെ വലയിൽ കുടുങ്ങാതിരിക്കാനുമുള്ള ശ്രദ്ധ നമ്മളിൽ പലർക്കും ഇല്ലാതെപോകുന്നത് എന്തുകൊണ്ടാണെന്ന പതിവുചോദ്യംതന്നെ ഇപ്പോഴും ചോദിക്കാം. പത്തു മാസം കൊണ്ട്, നിക്ഷേപിച്ചതിന്റെ ഇരട്ടി പണം കിട്ടുമെന്നു കേൾക്കുമ്പോൾത്തന്നെ അതു തട്ടിപ്പാണെന്നു മനസ്സിലാക്കാൻ വലിയ സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ടെന്നതാണു സത്യം. എന്നിട്ടും, എത്രയോ കാലമായി, വിവിധതരം തട്ടിപ്പുകാരുടെ കയ്യിൽപെട്ടു കീശകീറി കടന്നുപോകുകയാണു കേരളം.

നാഗമാണിക്യത്തിനും സ്വർണച്ചേനയ്‌ക്കും ഭാഗ്യയന്ത്രങ്ങൾക്കുമൊക്കെവേണ്ടി തട്ടിപ്പുകാരന്റെ കയ്യിൽ പണം വച്ചുകൊടുക്കുന്നതടക്കം കേരളം വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കഥകളെത്രയോ. നോട്ടിരട്ടിപ്പിനും മണിചെയിനിനുമൊക്കെ ശേഷമുള്ള ‘ന്യൂ ജനറേഷൻ തട്ടിപ്പു’കളുടെ വിളനിലമായിക്കഴിഞ്ഞ ഇന്റർനെറ്റ് വഴിയും മലയാളികളേറെ തട്ടിപ്പിൽ കുടുങ്ങുന്നുണ്ട്. ലക്ഷക്കണക്കിനു ഡോളറോ പൗണ്ടോ വെറുതെ കിട്ടുമെന്നും ആ തുക കിട്ടണമെങ്കിൽ പ്രാരംഭത്തുക അയച്ചുകൊടുക്കണമെന്നും പറഞ്ഞ് ശരിയായ പേരും ഊരുമില്ലാത്ത ഏതെങ്കിലും ഇ മെയിലോ എസ്‌എംഎസോ കിട്ടുന്നത് ഇവിടെ പതിവായിക്കഴിഞ്ഞു. അതു കണ്ട് ഒട്ടും സമയം കളയാതെയും ഉറ്റവരോടുപോലും പറയാതെയും തുക അയച്ചുകൊടുക്കുന്നവർ കേരളത്തിൽ കുറച്ചൊന്നുമല്ല.

പെട്ടെന്നു പണക്കാരനാക്കാമെന്നു വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കിൽ അങ്ങേയറ്റം സൂക്ഷിച്ചേ തീരൂ. തട്ടിപ്പുകാരിൽനിന്നു സ്വയം രക്ഷിക്കാൻ നമ്മുടെ സാക്ഷരതയ്‌ക്കും സാമാന്യബോധത്തിനും തീർച്ചയായും സാധിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA