sections
MORE

റോത്തക്കിലെ താരോദയം

corona-agra-students
യുപിയിലെ ആഗ്രയിൽ മാസ്ക് ധരിച്ചു പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ വിദ്യാർഥികൾ. ചിത്രം: പിടിഐ
SHARE

ഹരിയാനയിലെ റോത്തക്ക് പട്ടണത്തിൽ ചെറിയൊരു ജ്വല്ലറിയുടെ ഉടമയായ സഞ്ജീവ് വർമ പ്രഭാതസവാരിക്കു പോകുമ്പോൾ തികച്ചും അപരിചിതർ അദ്ദേഹത്തെ തടഞ്ഞു നിർത്തി ചോദിക്കും: ‘എന്തായിത് സഞ്ജീവ് ഭായി, നിങ്ങളുടെ മകൾ ഞങ്ങളെ മഹിളകളുടെ ക്രിക്കറ്റ് കാണാൻ നിർബന്ധിതരാക്കുന്നു’. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമാണു സഞ്ജീവിന്റെ മകൾ ഷഫാലി വർമ. റോത്തക്ക് മാത്രമല്ല, ഇന്ത്യ മുഴുവൻ വനിതാ ക്രിക്കറ്റ് കാണാൻ തുടങ്ങിയിരിക്കുന്നു; അതിനു പ്രധാന കാരണം ഷഫാലിയുടെയും കൂട്ടുകാരികളുടെയും അടുത്ത കാലത്തെ, പ്രത്യേകിച്ച് വനിതാ ട്വന്റി20 ലോകകപ്പിലെ, പ്രകടനമാണ്.

Shafali-Verma-4
ഷഫാലി വർമ

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം നോക്കിയാൽ ഇത്രയേറെ അസമത്വം നിലനിന്നിരുന്ന മറ്റൊരു കളിയില്ലായിരുന്നുവെന്നു മനസ്സിലാക്കാം. സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയുടെ ക്രിക്കറ്റ്, രാജാക്കന്മാരുടെ കളിയായിരുന്നു. ശരിക്കും കളിക്കാനറിയാത്ത മഹാരാജ്കുമാർ ഓഫ് വിജയനഗരം (വിസ്സി) ഉൾപ്പെടെ ഇന്ത്യയുടെ ക്യാപ്റ്റൻ പദവി അലങ്കരിച്ചിട്ടുണ്ട്. പിന്നെ അതു ബോംബെ, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലെ കളിയായിരുന്നു; കളിസാമഗ്രികളുടെ വിലക്കൂടുതൽ കാരണം പണക്കാരുടെയും. ദലിത് കളിക്കാർ അപൂർവമായിരുന്നു. അതിന്റെ ഭാഷ ഇംഗ്ലിഷായിരുന്നു. 1983ലെ ലോകകപ്പ് വിജയവും ഓൾ ഇന്ത്യ റേഡിയോയിൽ തുടങ്ങിയ ഹിന്ദി കമന്ററിയും കളിയുടെ ജനപ്രീതി വർധിപ്പിച്ചു. ഇപ്പോൾ ജാതിമത ഭേദമന്യേ ആർക്കും, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയ്ക്കു വേണ്ടി കളിക്കാമെന്നായി. ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിൽനിന്നു വരെ ടെസ്റ്റ് കളിക്കാരുണ്ടായി

സ്ത്രീകളുടെ ക്രിക്കറ്റ് ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലും പ്രേക്ഷകർ കുറഞ്ഞ സംപ്രേഷണങ്ങളിലൂടെയും ഒരു വശത്തു നടന്നിരുന്നു. അവിടെ അസമത്വം തുടരുന്നു.
ഏറ്റവും യാഥാസ്ഥിതികവും സ്ത്രീകളെ സംബന്ധിച്ച സൂചികകൾ എല്ലാം മോശമായിട്ടുമുള്ള ഹരിയാനയിൽ ഒരു പെൺകുട്ടി തലമുടി ക്രോപ് ചെയ്യുക എന്നു പറഞ്ഞാൽ വിചാരിക്കാൻ പറ്റാത്ത കാര്യമാണ്. ഷഫാലി ഒൻപതാം വയസ്സിൽ അതു ചെയ്തതു ക്രിക്കറ്റിനോടുള്ള പ്രേമം കൊണ്ടാണ്. മകളെ പ്രോത്സാഹിപ്പിച്ച സഞ്ജീവ് വേണ്ടത്ര പഴിയും കേട്ടിരുന്നു. ഷഫാലിക്കു കൂസലുണ്ടായിരുന്നെന്നു തോന്നുന്നില്ല. ആ ആത്മവിശ്വാസം ഈ പതിനാറുകാരിയുടെ ഒരു ടിവി അഭിമുഖത്തിൽ ഞാൻ കഴിഞ്ഞ ദിവസം കണ്ടു. ഹരിയാന്വി കലർന്ന ഹിന്ദിയിൽ അവൾ, കളിരഹസ്യം പറഞ്ഞു: ‘അടിക്കാൻ പറ്റിയ പന്തെല്ലാം അടിക്കുക’. ഷഫാലിയെപ്പറ്റി പറയുമ്പോൾ ആളുകൾ വിരേന്ദർ സേവാഗിനെ ഓർക്കുന്നതു കുറ്റമല്ല. മാർച്ച് 8ന്, ലോക വനിതാ ദിനത്തിൽ, ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ ഇന്ത്യയിലെ ക്രിക്കറ്റിന്റെ അവസാനത്തെ അസമത്വവും അവസാനിക്കുമെന്ന് ആശിക്കുന്നു.

‘വലയിലാക്കി’ കോവിഡ്

എൺപതിലേറെ രാജ്യങ്ങളിലേക്കു പടർന്ന കോവിഡ് 19 വൈറസ് ഇപ്പോൾത്തന്നെ പല കാര്യങ്ങളും മാറ്റിയിരിക്കുന്നു. പല രാജ്യങ്ങളിലും ആളുകൾ കൈകൊടുക്കാൻ മടിക്കുന്നു. ചിലതിനെല്ലാം ദൂരവ്യാപക ഫലങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിനു സ്കൂളുകൾ എടുക്കുക. കോവിഡ് ബാധിത രാജ്യങ്ങളിൽ പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പകരം, ഓൺലൈനിലാണു പഠിപ്പിക്കുന്നത്. യുഎഇയിൽ 4 ആഴ്ചത്തേക്കു സ്കൂളുകൾ അടച്ചതോടെ പല മലയാളി കുടുംബങ്ങൾക്കും കുട്ടികൾ വീട്ടിലിരുന്നു ഓൺലൈനായി പഠിക്കുന്നതിന്റെ പുതിയ അനുഭവം ലഭിച്ചു. കോവിഡിനു ശേഷമുള്ള കാലത്ത് ഒരു ചോദ്യമുയരും? ഏറെ മൂലധനച്ചെലവുള്ള, കോൺക്രീറ്റിലും ഗ്ലാസിലുമുള്ള സ്കൂൾ കെട്ടിടങ്ങൾക്കു പകരമായോ അനുപൂരകമായോ ഓൺലൈൻ പഠനം എന്തുകൊണ്ടു വ്യാപകമാക്കിക്കൂടാ? ഇതിലൂടെ നഗരവാസികൾക്കും വരേണ്യർക്കും കൂടുതൽ പ്രാപ്യമായ വിദ്യാഭ്യാസം, അരികുപ്പറ്റി ജീവിക്കുന്ന സമൂഹങ്ങളിലുമെത്താൻ സാധ്യത വർധിക്കുന്നു.

സ്കൂളുകളെപ്പറ്റി പറഞ്ഞത് ഓഫിസുകൾക്കും ബാധകം. കോവിഡ് പരന്നതിനു ശേഷം മൈക്രോസോഫ്റ്റ്, ഹിതാച്ചി, ഷെവ്റോൺ തുടങ്ങിയ കമ്പനികൾ ജോലിക്കാരോടു വീട്ടിലിരുന്നു ജോലിയെടുക്കാൻ പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഒരു ഡിജിറ്റൽ പേയ്മെന്റ് കമ്പനി, ഒരു ജീവനക്കാരനിൽ വൈറസ് സ്ഥിരീകരിച്ചതിനുശേഷം, ഓഫിസുകൾ പൂട്ടി, ജോലിക്കാരോട് വീട്ടിൽനിന്നു പ്രവർത്തിക്കാൻ നിർദേശിച്ചിരിക്കുന്നു. വലിയ കൺവൻഷൻ സെന്ററുകളുടെയും സ്ഥിതി വ്യത്യസ്തമല്ല: എപ്രിലിൽ നടക്കേണ്ടിയിരുന്ന രാജ്യാന്തര നാണയ നിധി, ലോക ബാങ്ക് എന്നിവയുടെ സമ്മേളനം ഓൺലൈനാക്കി പ്രഖ്യാപനം വന്നുകഴിഞ്ഞു. ഒരു ഭാഗത്ത് രോഗം രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക്, ഭീതിദമായി പരക്കുമ്പോൾ, മറുഭാഗത്ത് അതു ജീവിതശൈലിയെ നാം അറിയാതെതന്നെ ഗ്രസിക്കുന്നു.

സ്കോർപ്പിയൺ കിക്ക്: പ്രതിപക്ഷമോഹം നടക്കില്ല, ഡിജിപിയെ മാറ്റില്ലെന്നു മുഖ്യമന്ത്രി.

എന്നാൽ ഡിജിപിയുടെ മോഹം നടക്കും, പൊലീസിൽ പർച്ചേസ് മാനദണ്ഡങ്ങൾ മാറ്റും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA