ADVERTISEMENT

കാൽപനികതയിൽ നിന്നുള്ള മോചനമാണ് ഏതൊരു ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രായപൂർത്തിയെത്തൽ. ആ വിമോചനത്തിനായി മലയാള സാഹിത്യം ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അദ്ഭുതമെന്തെന്നാൽ സാഹിത്യത്തിനു കഴിയാത്തത് പുതുതലമുറ മലയാള സിനിമയിലെ യുവതീയുവാക്കൾക്കു കഴിയുന്നുവെന്നതാണ്. മറിച്ചാണു സംഭവിച്ചുകൊണ്ടിരുന്നത്. സാഹിത്യത്തിൽ നിന്നാണു സിനിമ മാറ്റം ഉൾക്കൊണ്ടിരുന്നത്.

∙ സക്കറിയ

കേരളത്തിലെ അധികാരബലമുള്ള കുറെ വിദ്യാഭ്യാസ വിചക്ഷണൻമാർ പറയുന്നത് കുട്ടികളെ മാനകഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് (ഈ പരമദ്രോഹികൾ സ്വന്തം മക്കളെ ഭാഷ ശരിയായി പഠിപ്പിക്കുകയും ചെയ്യുന്നു). വിഷയം അറിയാത്തവർക്ക് ഔദാര്യമായി മാർക്ക് നൽകുന്നതു വിദ്യാഭ്യാസത്തട്ടിപ്പാണ്. അവർക്കു നൽകുന്ന സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റാണ്.

∙ ബാലചന്ദ്രൻ ചുള്ളിക്കാട്

∙ എം.എൻ. കാരശ്ശേരി: അക്ഷരപ്പിശകോ വ്യാകരണത്തെറ്റോ ഒന്നും തിരുത്തിക്കൂടാ എന്നു നിലപാടുള്ളവർ അധ്യാപകർക്കിടയിലുണ്ട്. കുട്ടി സ്വാഭാവികമായി എഴുതുന്നതിന് ‘അതിന്റേതായ ഒരു ഭംഗിയുണ്ട്’ എന്നത്രേ സിദ്ധാന്തം. അതിനാൽ തിരുത്തൽവാദം പിന്തിരിപ്പനാകുന്നു. സർ, പിന്നെ നിങ്ങൾക്കെന്താണു പണി? ആ ‘പ്രത്യേക ഭംഗി’ ആസ്വദിക്കുന്നതിനാണോ നിങ്ങൾ ശമ്പളം വാങ്ങുന്നത്?

∙ ശശി തരൂർ: കോൺഗ്രസിന്റെ ആദർശങ്ങളോടും മൂല്യങ്ങളോടുമുള്ള അഗാധമായ കൂറുകൊണ്ടാണു ഞാൻ തുറന്നുപറച്ചിൽ നടത്തുന്നത്. ഞാനൊരു ആജീവനാന്ത രാഷ്ട്രീയക്കാരനല്ല. അപ്രിയ സത്യങ്ങൾ പുറപ്പെടുവിക്കാൻ മടിക്കുന്ന ഉത്കർഷേഛുവുമല്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു ചില ബോധ്യങ്ങളെ മുറുകെപ്പിടിക്കുന്നതു കൊണ്ടാണ്.

∙ ദുൽഖർ സൽമാൻ: പഴയ ജനറേഷന്റെ മുതൽക്കൂട്ട് അവരുടെ ജീവിതാനുഭവങ്ങളും കഥകളും മനുഷ്യബന്ധങ്ങളുമാണ്. രണ്ടു ജനറേഷനും ഒന്നിച്ചു നിന്നതുകൊണ്ടാണു മലയാള സിനിമയിൽ വലിയൊരു മാറ്റം സാധ്യമായത്. ഇപ്പോൾ സംഭവിച്ച മാറ്റം ഒരു തലമുറയ്ക്കു മാത്രം അവകാശപ്പെട്ടതല്ല.

∙ കെ.വേണു: ‘ഒളിവു ജീവിത കഥകൾ’ പലതും കെട്ടുകഥകളാണ്. ഞങ്ങളെക്കുറിച്ചൊക്കെ ധാരാളം കഥകൾ പ്രചരിച്ചിട്ടുണ്ട്. പലതും വാസ്തവവിരുദ്ധമാണ്. നക്സലൈറ്റ് പ്രവർത്തകനായിരിക്കുമ്പോൾ ബസിലും മറ്റുമായിരുന്നു കൂടുതൽ യാത്രകൾ. അന്നൊക്കെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിയാൻ മാർഗങ്ങൾ ഒന്നുമില്ല. ഫോട്ടോ പോലും ഇല്ലായിരുന്നു.

∙ ഇ. സന്തോഷ്കുമാർ: ലോക സാഹിത്യം, ലോക സിനിമ എന്നൊക്കെ പണ്ഡിതർ പറയുമ്പോൾ അതേതോ പരലോകത്തു സംഭവിക്കുന്ന കാര്യമാണെന്നു തോന്നും. ലോക മനുഷ്യൻ എന്നോ ലോക മുതല എന്നോ പറയാൻ പറ്റില്ലല്ലോ. പറഞ്ഞാൽത്തന്നെ അതിൽ മലയാളികളായ മുതലകളും ഉൾപ്പെടും. അതേസമയം, ഏതൊക്കെയോ അധമ ധാരണകളുടെ അടിമകളായ ആളുകൾ ലോക സാഹിത്യം എന്നു പറഞ്ഞാൽ മൊത്തത്തിൽ മലയാളത്തെ അല്ലെങ്കിൽ പ്രാദേശിക സാഹിത്യത്തെ മാറ്റിനിർത്തും.

∙ ഭാഗ്യലക്ഷ്മി: ഏറ്റവും നന്നായി അഭിനയിക്കുന്ന നടിമാർക്കു ശബ്ദം കൊടുക്കുമ്പോഴാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. ഉർവശി, അമല, ശോഭന, സൗന്ദര്യ എന്നിവർക്കുവേണ്ടി ഡബ്ബ് ചെ‌യ്യുമ്പോൾ അവരുടെ അത്രയും കഴിവ് എനിക്കില്ലല്ലോ എന്നു സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്യഭാഷാ നടിമാർക്കു ശബ്ദം കൊടുക്കാൻ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് എളുപ്പമാണ്.

∙ ഡോ. കെ.ശ്രീകുമാർ: സരസ ബാലുശ്ശേരിയെയും സാവിത്രി ശ്രീധരനെയും അറിയാത്തവർ ഇന്നു ചുരുക്കമാണ്. ജനപ്രീതി നേടിയ സിനിമാതാരങ്ങളായി കേരളമെങ്ങുമുള്ള സഹൃദയർ അവരെ നെഞ്ചേറ്റുന്നു. എന്നാൽ, ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ സുഡുമോന്റെ അമ്മമാരാകും മുൻപ്, പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അരങ്ങുജീവിതം ഇരുവർക്കുമുണ്ടായിരുന്നു. മലബാറിന്റെ നാടകഭൂമികയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളായി ജീവിച്ച് ഇവർ അഭിനയമികവു പ്രകടമാക്കിയിരുന്നു. അക്കാലത്തൊന്നും അവരെ കണ്ട ഭാവം നടിക്കാത്തവർ പോലും ഇന്നവരുടെ താരപ്രഭയിൽ വിസ്മയിച്ചു നിൽക്കുന്നു. അതാണു വെള്ളിത്തിരയുടെ നേട്ടം; അരങ്ങിന്റെ കോട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com