sections
MORE

നാടിന്റെ രക്ഷയ്ക്ക് ഒരുമിച്ചു നിൽക്കാം വേണ്ട, വ്യാജപ്രചാരണം

kk-shailaja-health-minister
SHARE

‘കോവിഡ് 19’ ഭീഷണിയെ  ഏറെക്കുറെ മറികടന്നെന്ന ആശ്വാസത്തിലായിരുന്നു ശനിയാഴ്ച രാത്രിവരെ കേരളം. പത്തനംതിട്ടയിൽ 5 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ വീണ്ടും അതീവ ജാഗ്രതയിലേക്ക്. അനാവശ്യ ഭീതി വേണ്ടെന്നും മുൻകരുതലും ജാഗ്രതയുമാണു വേണ്ടതെന്നും ആരോഗ്യവകുപ്പും സർക്കാരും. നിലവിലെ സാഹചര്യത്തെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മനോരമയോട്

സംസ്ഥാനത്തു വീണ്ടും രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ച്...

ഇറ്റലിയിൽ കോവിഡ്–19 റിപ്പോർട്ട് ചെയ്ത ശേഷമാണ് പത്തനംതിട്ടയിലെ കുടുംബം നാട്ടിലെത്തിയത്. രോഗത്തിന്റെ തീവ്രതയെക്കുറിച്ച് അവർക്കറിയാം. ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല. വീട്ടിൽത്തന്നെ കഴിഞ്ഞതുമില്ല. സമീപവാസികൾ പനി ബാധിച്ചു റാന്നി ആശുപത്രിയിലെത്തി. ഡോക്ടർമാർ വിശദാംശങ്ങൾ തേടിയപ്പോഴാണ് ഇറ്റലിയിൽ നിന്നുള്ളവരുമായുള്ള ബന്ധം അറിയുന്നത്.

തുടരന്വേഷണത്തിൽ ഇറ്റലിയിൽ നിന്നുവന്ന സ്ത്രീ പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നു കണ്ടെത്തി. അവർക്കു 102 ഡിഗ്രി പനി ഉണ്ടായിരുന്നു. എന്നിട്ടും കുടുംബം ആശുപത്രിയിൽ പോകാൻ തയാറായില്ല. ആംബുലൻസിൽ കയറില്ലെന്നു വാശിപിടിച്ചു. തിരികെ പോകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നു പറഞ്ഞപ്പോൾ സ്വന്തം കാറിൽ വരാമെന്നു പറഞ്ഞു.

∙ വിമാനത്താവളത്തിൽ ഇവർക്കു മുന്നറിയിപ്പു നൽകിയില്ലെന്നു പറയുന്നതോ?

അതു ശരിയല്ല. അവിടെ എല്ലാവിധ മുന്നറിയിപ്പുകളും നൽകുന്നുണ്ട്. കോവിഡ് 19 ഇറ്റലിയിലും കേരളത്തിലും ഉണ്ടെന്ന് അറിയാവുന്നവരല്ലേ? യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനുള്ള ഫോം വിമാനത്തിനുള്ളിൽ നൽകിയിരുന്നു. ഇവർ അതു പൂരിപ്പിച്ചു നൽകിയില്ല. നാട്ടിലെത്തിയ ശേഷം യാത്രാവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് എപ്പോഴും ടിവി ചാനലുകളിൽ മുന്നറിയിപ്പുണ്ട്. ഈ കുടുംബം 19 ദിവസത്തെ അവധിക്കു വന്നതാണ്. വീട്ടിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് അറിഞ്ഞതിനാൽ വിവരങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു. 

∙ നിരീക്ഷണം ശക്തമല്ലെന്നു പരാതിയുണ്ടല്ലോ?

വുഹാനിൽ നിന്നു കേരളത്തിലെത്തിയവർക്ക് വൈറസ് ബാധ വന്നപ്പോൾത്തന്നെ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നു ഫെബ്രുവരി ആദ്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാർച്ച് ഒന്നിനാണു വ്യോമയാന മന്ത്രാലയം നടപടി സ്വീകരിച്ചത്.

കേരളത്തിൽ വൈറസ് കണ്ടപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർ വിമാനത്താവളം കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ, എമിഗ്രേഷൻ പോലുള്ള മേഖലകളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പുറത്തിരുന്നു നിർദേശങ്ങൾ നൽകി. 

∙ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

ഇപ്പോൾ എമിഗ്രേഷനിൽ പോകാമെങ്കിലും അവിടങ്ങളിൽ വിമാനത്താവള ജീവനക്കാർ കുറവായതിനാൽ യാത്രക്കാരുടെ വലിയ ക്യൂവാണ്. അപ്പോൾ നിരീക്ഷണത്തിനു വേണ്ടത്ര സമയം ലഭിക്കുന്നില്ല. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള പട്ടിക ആവശ്യപ്പെട്ടെങ്കിലും അതു സാധ്യമല്ലെന്ന് അറിയിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാർ പട്ടിക വാങ്ങി ‍‍‍ഡിടിപി ഓപ്പറേറ്റർമാരെക്കൊണ്ടു ജില്ല തിരിച്ചു വിലാസം എടുക്കുന്നുണ്ട്. പകർച്ചവ്യാധികളുടെ കാര്യത്തിൽ എല്ലാം സർക്കാരിനു ചെയ്യാനാവില്ല. ഓരോ വ്യക്തിയുടെയും ജാഗ്രതയാണു നാടിനെ രക്ഷിക്കേണ്ടത്.

∙ ഇറ്റലിയിൽനിന്നു വന്ന 3 വയസ്സുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചല്ലോ...

ആ കുട്ടിയുടെ അമ്മയെ അഭിനന്ദിക്കുന്നു. ഫോം പൂരിപ്പിച്ചു തന്ന അവർ കുട്ടിക്കു ചെറിയ പനി ഉണ്ടെന്നും അറിയിച്ചു. വിമാനത്താവളത്തിൽ എത്തിയ അടുത്ത ബന്ധുക്കളെ പോലും കുട്ടിയെ തൊടാൻ അനുവദിച്ചില്ല. ആശുപത്രിയിലേക്കു മാറ്റണമെന്നു പറഞ്ഞപ്പോൾ പൂർണമായി സഹകരിച്ചു.

∙ താപനില ഉയർന്ന സ്ഥലങ്ങളിൽ വൈറസ് പടരില്ലെന്ന വാദങ്ങളെക്കുറിച്ച്...

സെൻകുമാറൊക്കെ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു ജനം കരുതുന്നവർ ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കണം. കേരളത്തെക്കാൾ താപനില കൂടിയ പ്രദേശങ്ങളിൽ ഒട്ടേറെപ്പേർക്കു വൈറസ് ബാധിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞതെന്ന പേരിലും തെറ്റായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കേസ് എടുക്കും. 

∙ മരുന്നിനും മാസ്കിനും ക്ഷാമമുണ്ടോ? അമിതവില ഈടാക്കുന്നെന്നു പരാതി ഉണ്ടല്ലോ?

നിലവിൽ മരുന്നും മറ്റു സാധനങ്ങളും കുറവില്ല. ചൈന പ്രതിസന്ധിയിലായതിനാൽ ഉൽപാദകർക്ക് അസംസ്കൃത വസ്തുക്കളുടെ കുറവുണ്ട്. അമിതവില ഈടാക്കുന്നതു തടയാൻ വ്യാപകമായ റെയ്ഡ് നടത്തണമെന്ന് ഡ്രഗ് കൺട്രോളറോടു നിർദേശിച്ചിട്ടുണ്ട്.

∙ വിദേശയാത്ര നടത്തുന്നവർക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നു സർട്ടിഫിക്കറ്റ് നൽകാനാവില്ലേ?

അതു സാധ്യമല്ല. വൈറസ് ബാധിച്ചു 14 ദിവസംവരെ വേണ്ടിവരും തിരിച്ചറിയാൻ. ഈ കാലാവധിക്കുള്ളിൽ പരിശോധിച്ചാൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയണമെന്നില്ല. സർട്ടിഫിക്കറ്റുമായി ഓരോ സ്ഥലത്തും എത്തിയ ശേഷമായിരിക്കും രോഗം പ്രത്യക്ഷപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA