sections
MORE

കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്; വേണ്ടത് ജാഗ്രതയല്ല, അതീവജാഗ്രത

covid-19
SHARE

കേരളത്തിൽ കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ നമുക്ക് വേണ്ടത് ജാഗ്രതയല്ല, അതീവജാഗ്രത....

പത്തനംതിട്ട ജില്ലയിൽ 5 പേർക്കു കോവിഡ് 19 (കൊറോണ വൈറസ് രോഗം) സ്ഥിരീകരിച്ചതോടെ, കേരളത്തിൽ രോഗബാധ മൂന്നാം ഘട്ടത്തിലേക്കു കടന്നതായി കരുതാം. ആദ്യ ഘട്ടത്തിൽ, ചൈനയിൽ നിന്നെത്തിയ 3 പേരിൽ രോഗം സ്ഥിരീകരിച്ചു. അവരെ ഉചിതമായി പരിചരിച്ച്, ചികിത്സ നൽകി രോഗവിമുക്തരാക്കി. 

ഇറ്റലിയിൽ നിന്നു വന്നവരിൽനിന്നു നാട്ടിലെ രണ്ടു ബന്ധുക്കൾക്കു രോഗം പകർന്നു. ഇതോടെ കൊറോണ വ്യാപനം രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചു. ഇറ്റലിയിൽ നിന്നെത്തിയവരുമായും രോഗം ബാധിച്ച അവരുടെ ബന്ധുക്കളുമായും ഇടപഴകിയ എല്ലാവരെയും കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് ഊർജിതശ്രമം നടത്തിവരുന്നു. 

വിദേശത്തുനിന്ന് എത്തിയവരിൽനിന്നു നാട്ടുകാരിലേക്കു രോഗം വ്യാപിച്ചിരിക്കുകയാണ്. അവരുമായി ബന്ധമുള്ളവരെയെല്ലാം കണ്ടെത്തുക ദുഷ്കരവുമാണ്. ഈ സാഹചര്യത്തിൽ കൊറോണ കേരള സമൂഹത്തിനുള്ളിൽത്തന്നെ സ്ഥാനം പിടിച്ച് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുകയാണെന്നു കരുതാം.

രോഗവ്യാപന രീതിയെക്കുറിച്ചും കരുതൽ നടപടികളെക്കുറിച്ചും വിപുലമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിലൂടെ സമൂഹത്തെയാകെ ബോധവൽക്കരിക്കുക എന്ന ദൗത്യമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിന് ആരോഗ്യവകുപ്പു മാത്രമല്ല, ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കണം. സംസ്ഥാനത്തെ ജനസാന്ദ്രത ഉയർന്നതായതിനാലും വലിയതോതിൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ഒട്ടേറെയുള്ളതിനാലും പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതു പ്രത്യേകം പരിഗണിക്കണം.

അടിയന്തരമായി ജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ഇതിനകം വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. 

∙ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി അടിയന്തര വൈദ്യസഹായം തേടണം. ‍

∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്താനും കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം. 

∙ പൊതു പരിപാടികൾ കഴിവതും ഒഴിവാക്കണം. 

∙ വിദേശത്തുനിന്ന് എത്തുന്നവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. 

വയോജനങ്ങളും മറ്റു രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പുലർത്തണം. കൊറോണ മൂലമുള്ള മരണനിരക്ക് വളരെ കുറവാണ്. പക്ഷേ, മരിച്ചവരിൽ കൂടുതലും വയോജനങ്ങളാണ് എന്നാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുപോലെ മറ്റു രോഗങ്ങളുള്ളവരിലും മരണനിരക്കു കൂടാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇപ്പോൾ 15 ശതമാനത്തിലേറെ പേർ 60 വയസ്സിനു മുകളിലുള്ളവരാണ്.

കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെയാണു ബാധിക്കുക. സംസ്ഥാനത്ത് ആസ്മ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരുടെ എണ്ണവും കൂടുതലാണ്. കേരളത്തിൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം പേർക്കെങ്കിലും ആസ്മ, സിഒപിഡി (Chronic Obstructive Pulmonary Disease) തുടങ്ങിയ രോഗങ്ങളുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. 

ഇതിൽ കുട്ടികളും‌പെടുമെന്നുള്ളതു ശ്രദ്ധിക്കണം. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ മൂന്നു വയസ്സുള്ള കുട്ടിക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പ്രമേഹ, രക്താതിമർദ, കാൻസർ രോഗികളും കേരളത്തിൽ കൂടുതലാണ്. ഇവരെ കോവിഡ് 19 പോലുള്ള പകർച്ചവ്യാധികൾ ബാധിക്കുമ്പോൾ സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ട്. 

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കേരളസമൂഹം സ്വീകരിക്കേണ്ടത് ജാഗ്രതയല്ല, അതീവജാഗ്രതയാണ് എന്നു കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA