sections
MORE

കോവിഡ് 19 ലോകത്തെ സാമ്പത്തിക, സാമൂഹിക രംഗങ്ങളെ ബാധിച്ചതെങ്ങനെ?

COVID 19
SHARE

കോവിഡ് 19 ലോകത്തെ സാമ്പത്തിക, സാമൂഹിക രംഗങ്ങളെ ബാധിച്ചതെങ്ങനെ? നാലു രാജ്യങ്ങളിലെ സ്ഥിതിഗതികൾ പങ്കുവയ്ക്കുകയാണ് അവിടങ്ങളിൽ താമസിക്കുന്ന ഈ മലയാളികൾ ..

വടക്കുനോക്കി ഇറ്റലി-റോമിൽനിന്ന് ഫാ. അനൂപ് തോംസൺ

ഇറ്റലിയാണിപ്പോൾ ലോകത്തിന്റെ കൊറോണദുഃഖം. ചൈന കഴിഞ്ഞാൽ കോവിഡ് 19 ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്. വിശേഷിച്ചും വടക്കൻ ഇറ്റലി. 20 റീജനുകളും 110 പ്രവിശ്യകളുമാണ് ഈ രാജ്യത്ത്. നോർത്ത്, സെൻട്രൽ, സൗത്ത് എന്നിങ്ങനെ പൊതുവേ രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. നോർത്തിലാണ് ഏറ്റവും കൂടുതൽ ആളുകളെ രോഗം ബാധിച്ചിരിക്കുന്നത്.

പ്രതിരോധ സംവിധാനം ദുർബലമാണ്. രോഗം കണ്ടെത്തി, സ്ഥിരീകരിച്ച്, ആവശ്യമായ നടപടികളെടുക്കാൻ വൈകിയത് വൈറസ് കൂടുതൽ പേരിലേക്കു പകരാനിടയാക്കി.ഇറ്റലിയിലെ കൊറോണത്തുടക്കം ഒരു ജർമൻ സ്വദേശിയിൽനിന്നാണ്. ചൈനീസ് ദമ്പതികളാണു വൈറസ് കൊണ്ടുവന്നതെന്ന് ആദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണ്. പക്ഷേ അങ്ങനെയല്ല, ലൊബാർഡിലെ മിലാൻ ഭാഗത്ത് ഒരു ജർമൻകാരനിൽനിന്നാണു രോഗത്തുടക്കം.

ഇറ്റലിക്കാർക്ക് സാധാരണ രണ്ടു വീടുകൾ കാണും. വടക്കൻ ഇറ്റലിയിൽ താമസിക്കുന്നവരിൽ പലരും തെക്കൻ ഇറ്റലിയിലെ വീട്ടിലേക്കു മാറിത്താമസിക്കാനുള്ള നെട്ടോട്ടത്തിലാണ്. അങ്ങനെ ഒരുതരം ആഭ്യന്തര ദേശാടനം തന്നെ ഇറ്റലിയിൽ ഇപ്പോൾ നടക്കുന്നു. പക്ഷേ, തെർമോ സ്കാനുൾപ്പെടെ പരിശോധനാ സംവിധാനങ്ങൾ റെയിൽവേ സ്റ്റേഷനുകളിലില്ലെന്ന വലിയ വീഴ്ചയുണ്ട്. ഗതാഗതം സാധാരണഗതിയിലാണ്. വെനീസിലും മിലാനിലും മലയാളികൾ ഏറെയുണ്ട്.യാത്ര മുൻകൂട്ടി നിശ്ചയിച്ചിരുന്ന മലയാളികൾ മാത്രമാണ് നാട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്നത്.

വടക്കൻ ഭാഗങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ കിട്ടാനില്ല. മിലാനിലെ സൂപ്പർ മാർക്കറ്റുകൾ പലതും അടഞ്ഞു കിടക്കുന്നു. സ്കൂളുകളും യൂണിവേഴ്സിറ്റികളും അടഞ്ഞുകിടക്കുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു. വിമാനസർവീസുകൾ റദ്ദാക്കിയിരിക്കുന്നു. എങ്കിലും പൊതുവേ നോക്കിയാൽ, വൈറസ് പരക്കുന്നതു തടയാനുള്ള ഫലപ്രദമായ നടപടികൾ കുറവാണെന്നു തന്നെ പറയാം. 

ഏപ്രിൽ 3 വരെ പളളികൾ അടച്ചിരിക്കുകയാണ്. പള്ളി വാതിലുകൾ തുറന്നു കിടക്കുന്നെങ്കിലും കുർബാന ഉൾപ്പെടെ പൊതുശുശ്രൂഷകൾ നിർത്തി വച്ചിരിക്കുന്നു.മിലാനിൽ വളരെ നേരത്തേതന്നെ പള്ളികൾ അടച്ചു. മാർപാപ്പയുടെ പൊതുചടങ്ങുകളെല്ലാം റദ്ദാക്കി. വിഡിയോ വഴി മാർപാപ്പ കുർബാന നടത്തിയപ്പോൾ ഏതാനും ആളുകൾ സ്ക്രീനിനു മുന്നിൽ കൂടി നിൽക്കുന്നതു കാണാമായിരുന്നു. റോമിൽ ഇപ്പോഴും വിനോദസഞ്ചാരികൾ വരുന്നും പോകുന്നുമുണ്ട്.

(കൊല്ലം കൊട്ടാരക്കര സ്വദേശിയായ ലേഖകൻ റോമിൽ തിയോളജി ഗവേഷണ വിദ്യാർഥിയാണ്) 

ഒരുങ്ങിത്തന്നെ ജപ്പാൻ-ടോക്കിയോയിൽ നിന്ന് പ്രഫ. ഡി.ശക്തികുമാർ

ഭീതിയുടെ മുഖങ്ങളാണു ചുറ്റിലും. കോവിഡ് 19 കാരണം ജീവൻ നഷ്ടപ്പെടുമോ എന്ന ഭീതിയല്ല ജപ്പാൻകാർക്കുള്ളത്. രോഗം പിടിപെട്ടാൽ ജോലി ചെയ്യാൻ പറ്റാതാകുമോ എന്ന ആശങ്കയാണ് ഇവരുടെ ഭീതിക്കു കാരണം. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ഒറ്റപ്പെട്ടു കഴിയേണ്ടി വരുമെന്നതിനെപ്പറ്റി ഇവർക്കു ചിന്തിക്കാനേ പറ്റുന്നില്ല. 

     ജപ്പാൻകാർ ഇങ്ങനെയാണ്. ഏതു പ്രതിസന്ധിയിലും ഇവരുടെ ചിന്ത ഉപജീവനമാർഗമായ ജോലിയെക്കുറിച്ചാണ്. എത്ര കടുത്ത പ്രതിസന്ധിയെയും അതിജീവിക്കാനുള്ള മനക്കരുത്തുണ്ട് ഇവിടെയുള്ളവർക്ക്. ഭൂചലനങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും തുടരെത്തുടരെ ഇരയാകുന്ന ഇവർ അങ്ങനെയായില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. 

കൊറോണ പ്രതിരോധത്തിലെ ജപ്പാൻ മാതൃക ശ്രദ്ധേയമാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ സർക്കാർ നിർദേശങ്ങൾ നൽകി. 

വീടിനു പുറത്തേക്കിറങ്ങുന്നവരെല്ലാം മാസ്ക് ധരിച്ചാണ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രത്യേക അടിയന്തരാവസ്ഥാ നിയമം നടപ്പാക്കാമെന്ന തീരുമാനത്തിലാണു യോഗം പിരിഞ്ഞത്. നിയമം നടപ്പാക്കിയാൽ ജനത്തിനു വീടുവിട്ടു പുറത്തേക്കിറങ്ങുന്നതിനു പോലും നിയന്ത്രണം വരും. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ സർക്കാരിന്റെ നിർദേശങ്ങളെല്ലാം ജനം മടികൂടാതെ അനുസരിക്കുകയാണു പതിവ്. 

ഷോപ്പിങ് മാളുകളിലും മറ്റും തിരക്കിനു കുറവില്ല. പക്ഷേ, വയോധികരിൽ ചിലർ രൂക്ഷമായാണു പ്രതികരിക്കുന്നത്. 

കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാതെ ട്രെയിനിൽ യാത്ര ചെയ്ത ഒരു യുവാവ് ചുമയ്ക്കുകയും തുമ്മുകയും ചെയ്തപ്പോൾ സഹയാത്രികരായ വയോധികർ ബഹളമുണ്ടാക്കിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 

രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റി ജനങ്ങൾ ബോധവാൻമാരാണ്. യാത്രകൾ കഴിവതും കുറയ്ക്കണമെന്ന നിർദേശം അവർ പാലിക്കുന്നു. 

പല സ്ഥാപനങ്ങളും ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. മാസ്ക്, സാനിറ്റൈസർ, ടിഷ്യു പേപ്പർ തുടങ്ങിയവ റേഷൻകണക്കിലാണു വിൽപന. എല്ലാവർക്കും ഇത്തരം അവശ്യസാധനങ്ങൾ ലഭിക്കുന്നുവെന്നു സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. 

(കോട്ടയം സ്വദേശിയായ ലേഖകൻ ജപ്പാനിലെ ടോയോ സർവകലാശാലാ ബയോ നാനോ ഇലക്ട്രോണിക്സ് റിസർച് സെന്റർ ഡപ്യൂട്ടി ഡയറക്ടറാണ്)

തീ തിന്ന് ഓസ്ട്രേലിയ-സിഡ്നിയിൽ നിന്ന് ദീജു ശിവദാസ്

ഓസ്ട്രേലിയയിൽ 3 പ്രതിരോധ സേനാംഗങ്ങൾക്കും 4 സ്കൂൾ കുട്ടികൾക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി. രാജ്യത്താകെ 90ലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 3 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഡ്നിയിൽ വിദ്യാർഥികൾക്കു രോഗം സ്ഥിരീകരിച്ച മൂന്നു സ്കൂളുകൾ അടച്ചിട്ടു.

ജനസംഖ്യയുടെ ആറു ശതമാനം ചൈനീസ് വംശജരുള്ള ഓസ്ട്രേലിയയിൽ, ചൈനയിലും ദക്ഷിണ കൊറിയയിലും ഇറാനിലും നിന്നു വരുന്ന വിദേശ പൗരൻമാർക്കു യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറ്റലിയിൽ നിന്നുള്ളവർക്ക് അധിക പരിശോധനയും നടത്തുന്നുണ്ട്. വ്യാപകനാശം വിതച്ച കാട്ടുതീയ്ക്കു പിന്നാലെ കോവിഡ്-19 കൂടിയായപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലായെന്നു സർക്കാർ അറിയിച്ചു. 

സിഡ്നിയിലും മെൽബണിലും ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും കോവിഡ്-19 സ്ഥിരീകരിച്ചത് ഓസ്ട്രേലിയൻ മലയാളികളിലും ആശങ്ക പടർത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ മലയാളികളിൽ 40 ശതമാനത്തിലേറെയും ആരോഗ്യമേഖലയിലാണു ജോലി ചെയ്യുന്നത് എന്നാണ് സെൻസസ് കണക്കുകൾ.

സിഡ്നിയിൽ ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന ലിവർപൂൾ, റൈഡ് ആശുപത്രികളിലെ ഡോക്ടർമാർക്കാണു രോഗബാധ കണ്ടെത്തിയത്. ഈ ഡോക്ടർമാർക്കൊപ്പം ജോലി ചെയ്ത ഒട്ടേറെ നഴ്സുമാരും ഡോക്ടർമാരും നിരീക്ഷണത്തിലാണ്. എന്നാൽ, ഇതിൽ മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ്-19 ബാധയെക്കുറിച്ചുള്ള ആശങ്ക രൂക്ഷമായതോടെ ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടിയത് ഓസ്ട്രേലിയൻ വിപണിയിൽ പല ഉൽപന്നങ്ങൾക്കും കനത്ത ക്ഷാമം സൃഷ്ടിച്ചിരിക്കുന്നു. ടോയ്‌ലറ്റ് പേപ്പർ, പാരസെറ്റമോൾ പോലുള്ള അടിസ്ഥാന മരുന്നുകൾ, ഹാൻഡ് സാനിറ്റൈസർ, മാസ്കുകൾ തുടങ്ങിയവ കിട്ടാനില്ല. ടോ‌ലറ്റ് പേപ്പർ വാങ്ങുന്നതിന്റെ പേരിൽ പല സൂപ്പർമാർക്കറ്റുകളിലും ജനങ്ങൾ തമ്മിൽ കയ്യാങ്കളിയായതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ വൂൾവർത്സും കോൾസും ടോയ്‌ലറ്റ് പേപ്പർ വാങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. എട്ടു പേജുകൾ ടോയ്‌ലറ്റ് പേപ്പർ രൂപത്തിൽ അച്ചടിച്ചുകൊണ്ടാണ് നോർത്തേൺ ടെറിട്ടറിയിലെ ഒരു ദിനപ്പത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

(ഓസ്ട്രേലിയൻ ദേശീയ മാധ്യമമായ എസ്ബിഎസിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ലേഖകൻ തിരുവനന്തപുരം വർക്കല സ്വദേശിയാണ്)

പിച്ചവച്ച് ചൈന-ബെയ്ജിങ്ങിൽ നിന്ന് മുകേഷ് വടക്കേ ഇടശ്ശേരിൽ

ചൈനയിൽ എല്ലായിടത്തേക്കും പരന്നിരിക്കുന്ന പരിഭ്രാന്തിക്കും ആശങ്കയ്ക്കും പേടിയോടെയുള്ള നോട്ടങ്ങൾക്കുമിടയിൽ ജോലി ചെയ്യുന്നത് അൽപം ബുദ്ധിമുട്ടുതന്നെയാണ്. പേടിയും പരിഭ്രാന്തിയും അനുദിനം കുറഞ്ഞു വരുന്നു എന്നതു മാത്രമാണ് ഒരാശ്വാസം. സ്കൂളുകൾ അനിശ്ചിതമായി അടഞ്ഞുകിടക്കുന്നു. പക്ഷേ ഓൺലൈൻ ക്ലാസുകൾക്കു മുടക്കമില്ല.

ചില ഓഫിസുകൾ ഇപ്പോഴും അടഞ്ഞു കിടപ്പാണ്. റസ്റ്ററന്റുകൾ ഏറെയും പ്രവർത്തിക്കുന്നില്ല. ആളുകൾ ജാഗരൂകരാണെന്നും അവർ ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നുവെന്നതിനുമുള്ള തെളിവാണിത്. റോഡിലെ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ കുറെ ദിവസങ്ങളായി കൂടിയിട്ടുണ്ട്. ഞാൻ അടുത്തിടെ ഒരു ഷോപ്പിങ് മാളിലും ഹൈപ്പർ മാർക്കറ്റിലും പോയിരുന്നു. മാളിലെ റസ്റ്ററന്റുകൾ സജീവമാണ്. 

പക്ഷേ ആളുകൾ അവിടെയിരുന്നു കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രം. ആഹാരം വാങ്ങി വീട്ടിലേക്കു മടങ്ങുന്നവരാണേറെയും. 

ഒരു റസ്റ്ററന്റിൽനിന്ന് ഞാൻ അത്താഴം കഴിച്ചിരുന്നു. റസ്റ്ററന്റിലും ഇപ്പോൾ കർശന നിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. സംഘമായിട്ടു വന്നവരെ മാത്രമേ ഒരുമിച്ചിരുന്നു കഴിക്കാൻ അനുവദിക്കുന്നുള്ളൂ.

ചൈനയിലെ യൂബർ ടാക്സിയിലും (ഡിഡി എന്നാണു ചൈനക്കാർ പറയുന്നത്) ഞാൻ കയറിയിരുന്നു. മുൻസീറ്റിൽ ഇരിക്കാൻ ഡ്രൈവർമാർ ഇപ്പോൾ സമ്മതിക്കില്ല.

 മുൻ, പിൻ സീറ്റുകൾക്കിടയിൽ സുതാര്യമായ മറ സ്ഥാപിച്ചിരിക്കുന്നു. ഡ്രൈവറും യാത്രക്കാരും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനാണിത്.

ഒരു ദിവസം ഞാൻ സബ്‍വേ (മെട്രോ) വഴി അടുത്തു തന്നെയുള്ള ഒരു ഓഫിസിലും പോയി. ട്രെയിനിലെ എല്ലാ സീറ്റുകൾക്കടിയിലും ഹീറ്റർ സ്ഥാപിച്ചിരിക്കുന്നതു കൗതുകത്തോടെ നോക്കി. ഇരിപ്പിടത്തിൽ ചൂടു കിട്ടുമെന്നേയുള്ളൂ. എന്നാലുമാകട്ടെ. മാത്രമല്ല, സബ്‌വേ ട്രെയിനുകളെല്ലാം തന്നെ അവസാന സ്റ്റോപ്പെത്തുമ്പോൾ അണുവിമുക്തമാക്കുന്നുണ്ട്.

ചൈനക്കാർ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ്.  കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ചു റോഡിൽ ആൾസഞ്ചാരം കൂടിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും തിരക്കായിക്കഴിഞ്ഞു. കൂടുതൽ പേർക്കു രോഗം ഭേദമാകുന്നുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അതൊരു നല്ല സൂചനയാണ്.

(ബെയ്ജിങ്ങിൽ ഉദ്യോഗസ്ഥനായ ലേഖകൻ, എറണാകുളംതൃപ്പൂണിത്തുറ സ്വദേശിയാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA