ADVERTISEMENT

ഏത് ഇസ്‌ലാം വിശ്വാസിയും സക്കാത്ത് നൽകാൻ ബാധ്യസ്ഥനാണ്. മന്ത്രിയാണോ എംഎൽഎയാണോ എന്നൊന്നും നോക്കേണ്ടതില്ല. ഗവർണർക്കോ കോടതിക്കോ ഇതിലൊന്നും ഇടപെടാൻ അധികാരമില്ല. ഇതെല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ സുരക്ഷയുമുണ്ട്. വരുമാനത്തിന്റെ പത്തിലൊന്നാണു സക്കാത്ത് നൽകേണ്ടത്. വേണമെങ്കിൽ, ദശാംശമെന്നു സംസ്കൃതസ്പർശമുള്ള മലയാളത്തിലും ടൈത് എന്ന് ഇംഗ്ലിഷിലും വിളിച്ചാലും മുഷിയില്ല.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ സക്കാത്ത് നൽകിയതിനെതിരെ ഗവർണർ വാളോങ്ങിയിരിക്കുകയാണ്. മൗലാനാ ജലീൽ സായ്‌വ് നൽകിയ സക്കാത്ത് നിയമവിരുദ്ധമെന്നാണു ഗവർണറുടെ കല്ലേപ്പിളർക്കുന്ന കൽപന. ജലീൽ സായ്‌വിന്റെ ഖജനാവിൽ കേരളത്തിലെ ഏതു വിദ്യാർഥിയെയും വിജയിപ്പിക്കാൻ കഴിയുന്നത്ര അനന്തമായ മാർക്ക് സ്റ്റോക്കുണ്ട്. അതു മന്ത്രിയാപ്പീസിലെ സ്ട്രോങ് റൂമിൽ അട്ടിയട്ടിയായി വച്ചിരിക്കുകയാണ്. എപ്പോൾ ആവശ്യം വരുന്നോ അപ്പോൾ സ്ട്രോങ് റൂം തുറന്നു സക്കാത്തുകർമം നിർവഹിക്കും.

മന്ത്രി സാങ്കേതിക സർവകലാശാലയിൽ നടത്തിയ അദാലത്തും സക്കാത്തും നിയമവിരുദ്ധമാണെന്നാണു ഗവർണർ പറയുന്നത്. ഇതു കേട്ടാൽ തോന്നുക ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തന്റെ വകുപ്പിൽ സക്കാത്ത് നൽകാൻ അവകാശമേയില്ലെന്നാണ്. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണൊരു മന്ത്രി? വൈസ് ചാൻസലർമാരും ഗവർണറും ചേർന്നങ്ങു സർവകലാശാലകൾ ഭരിച്ചാൽ പോരേ?

ജലീൽ സായ്‌വിന്റെ സ്ട്രോങ് റൂമിൽ ഇനിയും ഒരുപാടു മാർക്കുകൾ ബാക്കിയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ആനക്കൊമ്പു കത്തിച്ചു കളയുന്നതു പോലെ മാർക്കും കത്തിച്ചു കളയണമെന്നു ഗവർണർ നിർദേശിച്ചാൽ സായ്‌വിനു വേണമെങ്കിൽ അതും ആഘോഷമാക്കാം. സ്ട്രോങ് റൂമിലെ മുഴുവൻ മാർക്കും പുത്തരിക്കണ്ടം മൈതാനത്തു കൂട്ടിയിട്ടു കത്തിക്കാം. അതിനെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്നു പേരു വിളിക്കാം. അപ്പോൾ സംഗതി ഇരമ്പും.

ഗവർണർ മുട്ടുമടക്കുമോ എന്നതിൽ സംശയമുണ്ട്. അദ്ദേഹത്തിനു വാതത്തിന്റെ അസുഖമുള്ളതിനാൽ ആരുടെ മുന്നിലും മുട്ടുമടക്കാൻ പറ്റില്ലെന്നാണു രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.

കാലിക്കറ്റ് സർവകലാശാലയാണ് അതിബുദ്ധി കാണിച്ചത്. മിനിസ്റ്റേഴ്സ് അദാലത്ത് എന്ന സക്കാത്ത് സമ്മേളനത്തിന്റെ പേര് ഒറ്റയടിക്കു മാറ്റി ഒറ്റത്തവണ തീർപ്പാക്കൽ എന്നാക്കിയതോടെ പ്രശ്നങ്ങളെല്ലാം ഒതുങ്ങുമെന്നു തോന്നുന്നു.

കാനവും പിന്നെ മാനവും

തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം കെ എസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് എന്തുകൊണ്ടും ന്യായമാണ്. പണിമുടക്കുന്ന ജീവനക്കാർക്കു ബസ് ആകാശത്തു നിർത്തിയിടാൻ പറ്റുമോ എന്ന കാനം സഖാവിന്റെ ചോദ്യം കെഎസ്ആർടിസിയെക്കുറിച്ചുള്ള സമ്പൂർണ അജ്ഞതയാണു വെളിപ്പെടുത്തിയത്. പിന്നെ ബസ് വീട്ടിൽ കൊണ്ടുപോകാൻ പറ്റുമോ എന്ന ചോദ്യം കെഎസ്ആർടിസിക്കാരുടെ വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള പൂർണമായ തിരിച്ചറിവും തെളിയിച്ചെന്നു പറഞ്ഞാൽ തെറ്റാകില്ല.

എയർ ബസ് തുടങ്ങിയ സാധനങ്ങളെക്കുറിച്ചൊന്നും അദ്ദേഹം കേട്ടിട്ടില്ല. അത് ആകാശത്തു പാർക്ക് ചെയ്യാവുന്ന ഇനം ബസ് ആണ്. അമേരിക്കയിലാണ് ഉണ്ടാക്കുന്നതെങ്കിലും കെഎസ്ആർടിസിക്കും ഇത്തരത്തിലെ കുറെ ബസുകൾ ഉണ്ടായിരുന്നു. പോരാത്തതിനു സ്കൈ ബസ്‍, ടെറാ പ്ലെയ്ൻ, സിൽവർലൈൻ ജെറ്റ് തുടങ്ങി കരയിലും ആകാശത്തും സഞ്ചരിക്കാൻ കഴിയുന്ന ഒരുപാടു ബസുകൾ കോർപറേഷന് ഉണ്ടായിരുന്നു. അതിനും പുറമേയാണ് ഇപ്പോഴത്തെ മിന്നൽ സർവീസുകൾ. അവയ്ക്കും ആവശ്യാനുസരണം ആകാശത്തേക്ക് ഉയരാനും ഭൂമിയിലേക്കു യഥേഷ്ടം പൊട്ടിവീഴാനും കഴിയും. ഇതൊന്നും കാനം സഖാവിന് അറിയില്ലെന്നു തോന്നുന്നു.

ഗതാഗതക്കുരുക്കു വരുമ്പോൾ ഈ ബസുകൾ വാനിലേക്കുയരുകയും കുരുക്കില്ലാത്ത സ്ഥലം വരുമ്പോൾ റോഡിൽ ലാൻഡ് ചെയ്യുകയുമാണു പതിവ്. പട്ടാളത്തിന്റെ കൈവശമുള്ള ആംഫീബിയൻ ടാങ്കുകളുടെ കെ എസ്ആർടിസി മാതൃകയെന്ന് ഇവയെ വിശേഷിപ്പിച്ചാൽ അധികമാകില്ല. ബസ് വീട്ടിൽ കൊണ്ടുപോകാൻ കഴിയുമോ എന്ന കാനം സഖാവിന്റെ ചോദ്യം അതിലേറെ ന്യായം. കെഎസ്ആർടിസി ജീവനക്കാരിൽ പലരുടെയും വീട്ടുവളപ്പിൽ ബസ് എന്നല്ല സ്കൂട്ടർ പോലും കയറുമോ എന്നു കണ്ടറിയണം.

ബസ് റോഡിൽ പാർക്ക് ചെയ്തതിനെ തോന്ന്യാസമെന്നൊക്കെയാണു മുഖ്യമന്ത്രിക്കുവേണ്ടി നിയമസഭയിൽ അടിയന്തര പ്രമേയത്തിനു മറുപടി പറഞ്ഞ കടകംപള്ളി മന്ത്രി പറഞ്ഞത്. അത്തരക്കാരെ ഇപ്പോൾത്തന്നെ ശരിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതു പറഞ്ഞതായി നിയമസഭാ രേഖകളിൽ കാണുമെന്നതേ മിച്ചം കാണൂ. പിന്നെ വേണമെങ്കിൽ അതു വാർത്തയാക്കിയവർക്കെതിരെ അവകാശലംഘന നോട്ടിസ് നൽകാം.

ഇപ്പോൾ കേൾക്കുന്നതു കെഎസ്ആർടിസിക്കാർ പാവം മന്ത്രിയെ ശരിപ്പെടുത്തുമെന്നാണ്. ‘പിടിച്ചു ഞാനവനെന്നെക്കെട്ടി, കൊടുത്തു ഞാനവനെനിക്കു രണ്ട്’ എന്നു പറഞ്ഞതു പോലെയാകുന്ന ലക്ഷണമാണ്.

ഉന്നതങ്ങളിലെ അധോലോകം

രാജ്യാന്തര അധോലോക നായകൻ രവി പൂജാരിക്കു കേരള പൊലീസിലെ പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണു പറഞ്ഞു കേൾക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാകുമ്പോൾ അധോലോക നായകരുമായി അൽപസ്വൽപം ബന്ധമൊക്കെ വേണ്ടിവരും. ഡോൺമാരുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഡിജിപിമാരുടെയും എഡിജിപിമാരുടെയും പടം കാണുമ്പോൾത്തന്നെ മലയാളികളുടെ അന്തരംഗം അഭിമാനപൂരിതമാകും. പൂജാരിയും അവരുമായുള്ള സംഭാഷണത്തിന്റെ വോയ്സ് ക്ലിപ് കേട്ടാൽ ഞരമ്പുകളിൽ ചോര തിളയ്ക്കും.

പൊലീസ് ഉന്നതരിൽ ആരെങ്കിലും രവി പൂജാരിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതു പൂജാരിയെന്ന പേരു കേട്ടിട്ടാകണം. മംഗളൂരുവിലോ ഉഡുപ്പിയിലോ ഉള്ള ഏതോ അമ്പലത്തിലെ ശാന്തിക്കാരൻ എമ്പ്രാശ്ശനാണെന്നു കരുതിക്കാണും. കർണാടക ബ്രാഹ്മണർക്കു പൂജാകർമങ്ങളിൽ കടുത്ത പിടിപാടാണ്. കേദാർനാഥിൽ പോലും മുഖ്യപൂജാരി കർണാടകക്കാരൻ എമ്പ്രാശ്ശനാണ്. ഉത്തരാഖണ്ഡിൽ ബ്രാഹ്മണരെ കിട്ടാത്തതു കൊണ്ടല്ല അങ്ങനെ വ്യവസ്ഥ വച്ചത്. ഏതെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രവി പൂജാരിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതു വീട്ടിൽ വല്ല കർമമോ ക്രിയയോ നടത്താനാകും.

ഇല്ലെങ്കിൽത്തന്നെ ഏതെല്ലാം ഉദ്യോഗസ്ഥർ ഏതെല്ലാം പൂജാരിമാരെ വിളിച്ചു വീട്ടിൽ ശത്രുസംഹാരപൂജ മുതൽ കോഴിവെട്ടു വരെ നടത്തുന്നു? ധനാഗമ യന്ത്രം, കാമമോഹിനി യന്ത്രം തുടങ്ങി ഒരുപാടു യന്ത്രസാമഗ്രികൾ കയ്യിൽ വയ്ക്കുന്ന പൊലീസ് ഉന്നതരെയും കണ്ടിട്ടുണ്ട്. പോരാത്തതിന് 10 വിരലിൽ 12 മോതിരങ്ങൾ ധരിക്കുന്നവരും മരതകം, മാണിക്യം, മുത്ത്, പവിഴം തുടങ്ങിയ നവരത്നക്കല്ലുകൾ പതിച്ചിട്ടും മതിയാകാതെ നവരത്നങ്ങളുടെ പുതിയ കോമ്പിനേഷനുകൾ സൃഷ്ടിച്ചും പുതിയ വിരലുകൾ വച്ചുപിടിപ്പിച്ചും വിലസുന്ന ഓഫിസർമാരും കുറവല്ല.

വിശ്വമഹാഗുരു സന്തോഷ് മാധവാനന്ദ സ്വാമികളുടെ അനുഗ്രഹം നേരിട്ടു വാങ്ങിയ പൊലീസ് ഉന്നതരെക്കുറിച്ചുള്ള പാട്ടുപുസ്തകം 1 ക 4 ണ കൊടുത്താൽ തമ്പാനൂർ ബസ് സ്റ്റാൻഡിൽ ലഭ്യമാണ്. ഇതിനിടയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു രവി പൂജാരിയുമായി ബന്ധമുണ്ടെന്നു കേട്ടാൽ ആരും ചോദിച്ചു പോകും: വാട്ട് ഈസ് ന്യൂസ് ഇൻ ദാറ്റ്?

സ്റ്റോപ് പ്രസ്: കുട്ടനാട് സീറ്റ് തങ്ങളുടേതാണെന്നു യുഡിഎഫ് നേതൃത്വം സമ്മതിച്ചെന്ന് പി.ജെ.ജോസഫ്.

സീറ്റ് പോയാലും സമ്മതം കിട്ടിയതു തന്നെ ധാരാളം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com