ADVERTISEMENT

എല്ലാക്കാലത്തും മാതൃകാപരമായ പൗരബോധം പ്രകടമാക്കിയിട്ടുള്ള ജനതയാണ് നാം. സഹജീവികളോടുള്ള കരുതൽ ഈ പൗരബോധത്തിന്റെ ആണിക്കല്ലാണുതാനും. ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുള്ള കൊറോണ ബാധയുടെ ഈ നാളുകൾ നമ്മുടെ പൗരബോധവും ഉത്തരവാദിത്ത ബോധവും തെളിയിക്കാനുള്ള അവസരം കൂടിയാണ്.

നമ്മുടെ രാജ്യത്തും ലോകമാകെത്തന്നെയും കൊറോണ ബാധിതരിൽ ബഹുഭൂരിപക്ഷവും ചികിത്സയിലൂടെ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനാൽ അതിരുവിട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നോർക്കാം. ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചാവണം നാം കൊറോണയോടു പടപൊരുതാൻ. കേരളത്തിന്റെ അതിജീവനശേഷി നമുക്ക് ഈ പോരാട്ടത്തിൽ ഊർജം പകരുമെന്നു തീർച്ച. കൂട്ടായ്മ കൊണ്ടും കരുതൽ കൊണ്ടും ഏകോപനശേഷി കൊണ്ടും രണ്ടുതവണ നിപ്പയെ നാം തോൽപിച്ചതാണെന്നു നമ്മെത്തന്നെ വീണ്ടും ഓർമിപ്പിക്കാം. ഏതു പകർച്ചവ്യാധിയോടും പതിവായി സമൂഹം കാണിച്ചുപോരുന്ന മുൻകരുതൽ കുറെക്കൂടി ഉണ്ടാവണമെന്നു മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നത്.

തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കുക എന്നതുകൂടി ഈ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. രോഗബാധയുടെ വ്യാപനത്തെക്കുറിച്ചും രക്ഷാമാർഗങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് സമഗ്രമായ വിശദാംശങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നിരിക്കെ, ഊഹിച്ചും സത്യാവസ്ഥ മറച്ചുവച്ചുമൊക്കെയുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതു സമൂഹത്തോടുതന്നെയുള്ള കുറ്റമായി മാറുന്നു. വ്യാജവാർത്തകൾ നിർമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഫോർവേഡ് ചെയ്യുന്നതുമൊക്കെ ശിക്ഷാർഹമായ കുറ്റംതന്നെയാണെന്നു മനസ്സിലാക്കണം. വ്യാജവാർത്തകൾക്കെതിരെ കർശനനടപടി ഉണ്ടാവുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

കോവിഡ് സംബന്ധിച്ച സഹായത്തിനും സംശയനിവാരണത്തിനും സർക്കാരും ആരോഗ്യ വകുപ്പും സദാ സന്നദ്ധമാണെന്നുകൂടി ഓർമിക്കാം. ഇന്ത്യയിൽത്തന്നെ ആദ്യമായി കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനമായിട്ടുപോലും ഇതിനെതിരെ സർവസജ്ജമായി, മാതൃകാപരമായി പോരാട്ടം നടത്തുന്നതിനു കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതാണു കേരളം. മാസ്കിനും മരുന്നുകൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡോക്ടർമാരുടെ നിർദേശമില്ലാതെ ആരും മരുന്നു വാങ്ങരുതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞതും ഗൗരവത്തോടെ കാണണം.

കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് 19) പോരാട്ടത്തിൽ മാതൃകാപരമായ മുൻകരുതലാണു കേരള സർക്കാർ സ്വീകരിച്ചി‌ട്ടുള്ളത്. ഓരോ പൗരന്റെയും സഹകരണം കൊണ്ടു മാത്രമേ, ഈ മുൻകരുതൽ വിജയത്തിലെത്തൂ. രോഗബാധ വ്യാപകമായിട്ടുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ചു നാട്ടിലെത്തിയവരും അവരുമായി ബന്ധപ്പെടാനിടയായവരും അക്കാര്യം മറച്ചുവയ്ക്കുന്നത് സഹജീവികളോടു ചെയ്യുന്ന തെറ്റാണ്. ഇങ്ങനെയുള്ളവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ച് കരുതൽചികിത്സ നേടാനും മു‍ൻകരുതലെടുക്കാനും ഒട്ടും വൈകരുത്. അവരവരോടു മാത്രമല്ല, സമൂഹത്തോടു തന്നെയുള്ള ഉത്തരവാദിത്തമാണിത്.

രോഗബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ വിവരം മറച്ചുവയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടായിട്ടും വിവരം അറിയിച്ചില്ലെങ്കിൽ കേസെടുക്കാം. സ്വയം അറിയിക്കാത്തവരെക്കുറിച്ചു സമീപവാസികൾക്കു പൊലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാം.

ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ടു കൊറോണയെ തോൽപിക്കാൻ നമുക്കാവും; ആവണം. അതിനുവേണ്ടത് ഓരോ പൗരന്റെയും സാമൂഹികബോധവും ഉത്തരവാദിത്ത ബോധവും തന്നെയാണ്. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചും സംയമനം പാലിച്ചും കൊറോണയെ നമുക്കു തോൽപിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com