ADVERTISEMENT

ധ്യാനം പരിശീലിപ്പിക്കുന്ന മികച്ച ഗുരുവിനെ തേടിയാണ് അയാളുടെ യാത്ര. ആരോ പറഞ്ഞു, ഹിമാലയത്തിൽ ഒരു സന്യാസിയുണ്ടെന്ന്. ഹിമാലയത്തിലെത്തി പലരോടും ചോദിച്ചെങ്കിലും ആർക്കും സന്യാസിയുടെ കൃത്യമായ വാസസ്ഥലം പറയാൻ കഴിഞ്ഞില്ല. അയാൾ വർഷങ്ങൾ അലഞ്ഞെങ്കിലും സന്യാസിയെ കണ്ടില്ല. ക്ഷീണിച്ചു നിരാശനായി വഴിയരികിൽ കിടന്ന് അയാൾ തീരുമാനിച്ചു – എല്ലാം ഉപേക്ഷിക്കാം, ഇനി യാത്രയില്ല. കണ്ണു തുറന്നു നോക്കുമ്പോൾ തേടിനടന്ന സന്യാസി മുന്നിൽ. ‘എന്താണു നിന്റെ ആവശ്യം? – അദ്ദേഹം ചോദിച്ചു. എനിക്ക് ഒരാവശ്യവുമില്ല – അയാൾ പറഞ്ഞു. സന്യാസി അയാളെയും കൂട്ടി ധ്യാനം തുടങ്ങി. 

ആഗ്രഹങ്ങളും ആവശ്യങ്ങളും അവസാനിക്കുന്നിടത്തു മാത്രമേ ഈശ്വരധ്യാനം ആരംഭിക്കൂ. നിധികളിലും നിക്ഷേപങ്ങളിലും പിടിമുറുക്കി അവയ്ക്കു നടുവിലിരുന്ന് സ്വയം തേടലോ ഈശ്വരനെ തേടലോ സാധ്യമല്ല. പുറത്തുള്ളവയിൽനിന്നു കണ്ണും കാതും തിരിക്കാതെ ആന്തരിക ദർശനം സാധ്യമല്ല. പലരുടെയും പ്രാർഥനകളും ധ്യാനങ്ങളും നിഷ്ഫലമാകുന്നതിന്റെ കാരണം, മനസ്സു ശൂന്യമല്ല എന്നതു തന്നെയാണ്. 

സ്ഥാനങ്ങളും സ്ഥാപിത താൽപര്യങ്ങളും മാറ്റിവച്ച് മനസ്സിനെ സ്വസ്ഥതയിൽ ഉറപ്പിക്കുന്നവർക്കു മാത്രമേ വിശകലനവും വിശുദ്ധിയും സാധ്യമാകൂ. ഇച്ഛകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഈശ്വരാന്വേഷണം നടത്തുന്നവരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈശ്വരനു പോലും താൽപര്യമുണ്ടാകില്ല. എല്ലാ ഉദ്ദേശ്യങ്ങളും ഉപേക്ഷിച്ച് സ്വയം ശൂന്യരായി നടത്തുന്ന ആത്മാന്വേഷണത്തിൽ സ്വാർഥതാൽപര്യങ്ങളുടെ നിഴലുകൾ ഉണ്ടാകില്ല. 

എല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും അതേസമയം, എല്ലാറ്റിൽ നിന്നും അകന്നു നിൽക്കാൻ ശീലിക്കുകയും ചെയ്യുന്നവരുടെ ജീവിതം തന്നെ ധ്യാനമാണ്. അവരുടെ പ്രഭാഷണങ്ങളും പരിശീലനങ്ങളും വായിച്ചറിഞ്ഞവയുടെ പുനരാഖ്യാനങ്ങളല്ല, അനുഭവിച്ചറിഞ്ഞവയുടെ വിത്തു വിതയ്ക്കലാണ്. ഹൃദയത്തിൽനിന്നു പ്രവഹിക്കുന്ന സന്ദേശങ്ങൾക്ക് സ്വാഭാവികതയും സത്യസന്ധതയും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com