sections
MORE

കോവിഡ് 19; വേണം വ്യക്തത

covid-tajmahal
കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ച് താജ്മഹൽ സന്ദർശിക്കാനെത്തിയവർ. ചിത്രം:പിടിഐ
SHARE

കോവിഡിനെ നേരിടാനുള്ള ഇന്ത്യയുടെ നടപടികൾ ശരിയായ ദിശയിലോ? കൃത്യമായ ഉറപ്പുകളും വ്യക്തതയുമാണ്  രാജ്യത്തിനു വേണ്ടത്. ഇതിന് പ്രധാനമന്ത്രിതല ദൗത്യസേന സ്ഥാപിക്കപ്പെടണം. വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. ടി. ജേക്കബ് ജോൺ എഴുതുന്ന ലേഖനത്തിന്റെ അവസാന ഭാഗം....

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആഗോള, പ്രാദേശിക തലങ്ങളിൽ നിരീക്ഷണം നടത്തുന്ന ഗവേഷകരും മറ്റും ഇന്ത്യയിലെ ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ സ്ഥിതി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ, പ്രധാനമന്ത്രിയാണു ദൗത്യസേനയെ നിയമിക്കേണ്ടിയിരുന്നത്. ഈ രോഗം, ഇതിന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായി എല്ലാ രാജ്യങ്ങളിലും എത്തും. നിലവിലെ ദൗത്യസേന സ്വീകരിക്കുന്നത് ഇത്തരമൊരു സാഹചര്യത്തെ നേരിടാൻവേണ്ട നടപടികളല്ല.

ഒരു സമിതിക്ക് ദൗത്യസേനയാകാൻ കഴിയില്ല. അവിടെനിന്നു ക്രിയാത്മക നടപടികളും നിർദേശങ്ങളും ഉണ്ടാകണം. ദൗത്യസേന പ്രതിദിനം സ്ഥിതി വിലയിരുത്തണം; മുന്നറിയിപ്പുകൾ നൽകണം. രാജ്യത്തിനു പ്രതിദിന അടിസ്ഥാനത്തിൽ ബുള്ളറ്റിനുകൾ വേണം. യാത്ര, ആശുപത്രിവാസം, ആളുകൾ ഒത്തുകൂടാനിടയുള്ള ചടങ്ങുകളും ആഘോഷങ്ങളും തുടങ്ങിയ കാര്യങ്ങളിലൊക്കെ മാർഗനിർദേശങ്ങൾ വേണം.

പ്രധാനമന്ത്രി നേതൃത്വം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. രംഗം അനുദിനം അതിവേഗം മാറുകയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിവരങ്ങൾ ജനങ്ങളെ ആശങ്കയിലാക്കുന്നു. ആ വിവരങ്ങളൊന്നും ഏകീകരിക്കപ്പെട്ടതല്ല; കൃത്യമായി വിശകലനം ചെയ്യപ്പെട്ടവയുമല്ല. ചില സംസ്ഥാനങ്ങൾ സ്കൂളുകൾ അടച്ചിടുമ്പോൾ ചിലരതു ചെയ്യുന്നില്ല. 

വ്യക്തത വരുത്തേണ്ട കാര്യങ്ങൾ ഏറെ

∙ സ്കൂൾ അടയ്ക്കുമ്പോൾ കോളജുകൾ അടയ്ക്കണ്ടേ? 

∙ ഒരു ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെങ്കിൽ പിന്നെ വിദ്യാലയങ്ങൾ അടയ്ക്കുന്നതു ഗുണമോ ദോഷമോ? ആരെങ്കിലും ഇതെക്കുറിച്ചു മാതൃകാപഠനം നടത്തിയോ? 

∙ ദൗത്യസേനയ്ക്ക് ആവശ്യത്തിനു ശേഷിയുണ്ടോ? 

∙ സർക്കാരിനു നേതൃത്വം കൊടുക്കുന്നവർതന്നെ വിദേശയാത്രകൾ ഒഴിവാക്കുന്നു. പക്ഷേ, അതിനു പിന്നിലെ യുക്തിയോ കാരണമോ അവർ പറയുന്നില്ല. അതിൽനിന്നു നാം എന്തു മനസ്സിലാക്കണം? 

രാജ്യത്തിനു വേണ്ടതു കൃത്യമായ ഉറപ്പുകളാണ്, വ്യക്തമായ സന്ദേശങ്ങളാണ്.

∙ എല്ലാ സംസ്ഥാനങ്ങളും ആരോഗ്യമേഖലയിലെ പൊതു – സ്വകാര്യ സ്ഥാപനങ്ങൾക്കു വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടോ? 

∙ എല്ലാ മെഡിക്കൽ കോളജുകളും ചികിത്സയ്ക്ക് ഒരുങ്ങിയോ? 

∙ ഇന്ത്യയ്ക്ക് എത്ര പരിശോധനാ കേന്ദ്രങ്ങൾ വേണം? നിലവിൽ രണ്ടു ഡസനിൽ താഴെ മാത്രമാണ് ഔദ്യോഗിക അംഗീകാരമുള്ളവ. 

∙ ഔദ്യോഗിക, ദേശീയ ഏജൻസികൾ അംഗീകരിച്ച എല്ലാ മൈക്രോ ബയോളജി ലാബുകൾക്കും സാർസും കോവിഡ് 19ഉം അടക്കമുള്ള പരിശോധനകൾക്ക് അനുമതി നൽകരുതോ? 

∙ രാജ്യത്തിന്റെ അതിദ്രുതം വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് ഉതകുന്ന വ്യക്തിഗത സംരക്ഷണ ഉപാധികൾ അതേ വേഗത്തിൽ നിർമിക്കപ്പെടുന്നുണ്ടോ? ആശുപത്രികൾക്ക് അവ സംഭരിക്കാൻ കഴിയുന്നുണ്ടോ?

∙ ഈ പകർച്ചവ്യാധി കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയാൽ അതിനെ നേരിടാൻ വ്യത്യസ്ത മന്ത്രാലയങ്ങളും വകുപ്പുകളും എന്തു തയാറെടുപ്പുകൾ നടത്തി? ഏതാനും ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾക്കകം എല്ലാ സംസ്ഥാനങ്ങളിലും രോഗമെത്തിയേക്കാം. സാമൂഹിക സമ്പർക്കങ്ങളിൽ അപ്പോൾ ഏതുതരം നിയന്ത്രണമുണ്ടാകും? 

∙ മേഖലകളു‍ടെയോ സംസ്ഥാനങ്ങളുടെയോ, ഇറ്റലിയിലെ പോലെ രാജ്യത്തിന്റെ തന്നെയോ അതിർത്തികൾ അടയ്ക്കേണ്ടി വരുമോ?

പകർച്ചവ്യാധി ഒരു ജീവ, വൈദ്യശാസ്ത്ര പ്രശ്നം മാത്രമല്ല. അതൊരു സാമൂഹിക – സാമ്പത്തിക പ്രശ്നം കൂടിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ എല്ലാ മന്ത്രാലയങ്ങൾക്കും കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്. ഇതിനായി പ്രധാനമന്ത്രിതല ദൗത്യസേന സ്ഥാപിക്കപ്പെടണം. അതു ദിവസം 24 മണിക്കൂറും പ്രവർത്തിക്കണം. അതിനൊരു വെബ്സൈറ്റ് വേണം. അതു മാത്രമായിരിക്കണം ഔദ്യോഗിക വിനിമയമാർഗം. ഇപ്പോൾ വല്ലാതെ വൈകിയിരിക്കുന്നു. 

പ്രവർത്തനനിരതമായ ഒരു ദൗത്യസേന ഇനിയെങ്കിലും സ്ഥാപിക്കപ്പെടണം. നാളെയെക്കാൾ നല്ലത് ഇന്നേ തുടങ്ങുകയാണ്. ഒരിക്കലും തുടങ്ങാതിരിക്കുന്നതിലും നല്ലതു വൈകിയെങ്കിലും തുടങ്ങുന്നതു തന്നെ.

 കോവിഡ്: അറിഞ്ഞ് പ്രതിരോധിക്കാം

∙ എന്തു കൊണ്ടാണ് ഒന്നിലേറെ മാസ്കുകൾ ഒരുമിച്ചു ധരിക്കരുതെന്നു പറയുന്നത്? 

രോഗമുള്ളവർ മറ്റുള്ളവർക്ക് അതു പകരാതിരിക്കാനും കൂടുതൽ രോഗാണുക്കൾ ശരീരത്തിലെത്താതിരിക്കാനുമാണ് മാസ്ക് ധരിക്കുന്നത്. ഒന്നിൽക്കൂടുതൽ മാസ്ക് ഒരുമിച്ചു ധരിച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമില്ല. മാസ്ക് ക്ഷാമം വർധിക്കുമെന്നുമാത്രം. 

 ∙ ടിഷ്യു പേപ്പർ കൊണ്ടും ബ്രാ കൊണ്ടുമൊക്കെ മാസ്ക് ഉണ്ടാക്കാം   എന്നു പറഞ്ഞുള്ള വിഡിയോകൾ കണ്ടു. ഇതിന്റെ യാഥാർഥ്യമെന്ത്? 

ശാസ്ത്രീയമല്ല. പക്ഷേ, അടിയന്തരസാഹചര്യങ്ങളിൽ തൂവാലയ്ക്കു പകരം ഇതെല്ലാം ഉപയോഗിക്കാം. 

∙ മാസ്കിനു പകരമായി ഒരിക്കൽ ഉപയോഗിച്ച തൂവാലയോ തുണിയോ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാമോ? 

ഉപയോഗിക്കാം. നന്നായി സോപ്പിട്ടു കഴുകി ഉണക്കിയ ശേഷമേ ഉപയോഗിക്കാവൂ.

∙ നമ്മുടെ വസ്ത്രത്തിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടെങ്കിൽ നല്ല വെയിലത്തു കൂടി നടന്നാൽ അതു മാറുമെന്നു പറയുന്നതു ശരിയാണോ? 

നല്ല ചൂടുള്ള കാലാവസ്ഥയിലും വൈറസ് പകരുമെന്ന് തെളിഞ്ഞുകഴിഞ്ഞു. 

∙ അന്തരീക്ഷത്തിൽ ഈ വൈറസ് എത്ര നേരം നശിക്കാതിരിക്കും? 

സാധാരണരീതിയിൽ അന്തരീക്ഷത്തിൽ നിൽക്കില്ല. ശരീരസ്രവങ്ങളിൽ നിന്ന് നിമിഷങ്ങൾക്കകം അടുത്ത ശരീരത്തിലെത്തിയാൽ മാത്രമേ വൈറസ് പകരൂ. 

 ∙ രോഗമുള്ളയാൾ സ്പർശിച്ച സ്ഥലങ്ങളിൽ (ഉദാ: വാതിൽ, ബസിലെ കമ്പി) തൊട്ടാൽ രോഗം പകരുമോ? 

രോഗിയുടെ സ്രവങ്ങൾ പറ്റിപ്പിടിച്ച ഭാഗങ്ങളി‍ൽ ഉടൻ തൊട്ടാൽ രോഗം പകരാനിടയുണ്ട്. 

∙ രോഗബാധിതർ കുളിച്ച നദികളിലോ കുളങ്ങളിലോ കുളിച്ചാൽ കോവിഡ് പിടിപെടുമോ? 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗിയുടെ സ്രവങ്ങൾ കലരുകയും ഉടൻ അതു നമ്മുടെ ശരീരത്തിലെത്തുകയും ചെയ്താൽ പകരാനിടയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA