ADVERTISEMENT

നിയമം നിലവിൽ വരുംവരെ കീഴ്‌വഴക്കങ്ങൾ സ‍ർക്കാരിന്റെ മനോഭാവം അനുസരിച്ചു മാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യാം. പ്രതിപക്ഷത്തെ, വിശേഷിച്ചും കോൺഗ്രസിനെ കൈകാര്യം ചെയ്യാൻ കാലങ്ങളായുള്ള കീഴ്‌വഴക്കങ്ങളിലാണു നരേന്ദ്ര മോദി സ‍ർക്കാർ കയറിപ്പിടിച്ചിരിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അനിഷ്ടം തീവ്രമാണ്. കിട്ടാവുന്ന അവസരങ്ങളിലെല്ലാം പരസ്പരം പഴിചാരുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. 

ഏറ്റുമുട്ടൽ ഏറെയും ആഭ്യന്തര വിഷയങ്ങളിലാണെങ്കിലും, സുഹൃദ് രാജ്യങ്ങളിലെ പ്രസിഡന്റോ പ്രധാനമന്ത്രിയോ രാജ്യം സന്ദർശിക്കുമ്പോൾ പാലിച്ചിരുന്ന പ്രോട്ടോക്കോളിലേക്കും സമീപകാലത്തു പോരു പടർന്നു. ബംഗ്ലദേശിൽ കൊറോണ വൈറസ് പടർന്നതിനിടെ മറ്റൊരു വിവാദവും തലപൊക്കി. ബംഗ്ലദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഒരു ചടങ്ങിലേക്കു ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കുകയാണ്ടായി. ശതാബ്ദി ആഘോഷങ്ങളിലെ പ്രധാന ചടങ്ങായ, മാർച്ച് 17ലെ വിപുലമായ ഉദ്ഘാടനത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമായിരുന്നു ക്ഷണം. ഇതിനിടെയാണ് കൊറോണ ഭീതി മൂലം  ഉദ്ഘാടനച്ചടങ്ങു മാറ്റിവയ്ക്കാൻ ബംഗ്ലദേശ് തീരുമാനിച്ചത്. ഇതോടെ സോണിയ അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന മറ്റു ചടങ്ങുകളും മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായി. 

പക്ഷേ, കേന്ദ്ര സർക്കാരിന്റെ സമ്മർദം മൂലം ബംഗ്ലദേശ് സോണിയയ്ക്കുള്ള ക്ഷണം പിൻവലിച്ചതാണെന്ന റിപ്പോർട്ടുകൾ ഇതിനിടെ പ്രചരിച്ചു. ഇതു ബംഗ്ലദേശ് സർക്കാർ ഉടൻ നിഷേധിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ പ്രതിനിധി പ്രധാനമന്ത്രി മാത്രം’ എന്ന ശ്രദ്ധ കിട്ടുന്നതിനുവേണ്ടി വിദേശകാര്യ മന്ത്രാലയം ഇടപെട്ടു സോണിയയുടെ പേരു വെട്ടിച്ചു എന്നായിരുന്നു വാർത്തകൾ. 

ഇന്ത്യയിൽനിന്നുള്ള പല പ്രമുഖ വ്യക്തികളിൽ ഒരാളായി മാത്രം മോദി പോകുന്നതിനെ വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചില്ല. മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർധൻ ശൃംഗ്ല ധാക്ക സന്ദർശിച്ചപ്പോൾ ഈ സന്ദേശം കൈമാറിയെന്നായിരുന്നു അഭ്യൂഹം. പക്ഷേ, ഡൽഹി കലാപത്തിനെതിരെ ഇന്ത്യാവിരുദ്ധ ശക്തികൾ ധാക്കയിൽ പ്രകടനങ്ങൾ നടത്തിയെന്നും നരേന്ദ്ര മോദിക്കുള്ള ക്ഷണം പിൻവലിക്കണമെന്ന് ആവശ്യമുയർന്നു എന്നുമാണ് ഡൽഹിയിലെ ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്.  

പക്ഷേ, ബംഗ്ലദേശ് വ്യക്തമാക്കിയത് ഇന്ദിരാ ഗാന്ധിയുടെ മരുമകൾ എന്ന നിലയിലാണു സോണിയയെ ക്ഷണിച്ചത് എന്നാണ്. 1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യം യാഥാർഥ്യമാക്കാൻ സഹായിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയായിരുന്നു. അതിനാൽ, ഇരുകുടുംബങ്ങളും തമ്മിൽ സവിശേഷമായൊരു ആത്മബന്ധമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി സന്ദർശിച്ചപ്പോൾ ഷെയ്ഖ് ഹസീന, സോണിയയെ മാത്രമല്ല രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കൂടി ക്ഷണിക്കുകയുണ്ടായി.

ഇന്ത്യ സന്ദർശിക്കുന്ന വിദേശനേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരങ്ങൾ കേന്ദ്രസർക്കാർ സ്ഥിരമായി നിഷേധിക്കുന്നതായി കോൺഗ്രസ് ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് രണ്ടാഴ്ചകൾക്കു മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു രാഷ്ട്രപതി ഭവനിൽ നൽകിയ വിരുന്നിലേക്കു സോണിയയെ ക്ഷണിക്കാതിരുന്നതാണ്. 

മൂന്നു കോൺഗ്രസ് നേതാക്കൾ മാത്രം മതിയെന്നു സർക്കാർ നിർബന്ധം പിടിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കു മാത്രമായിരുന്നു ക്ഷണം. മൂവരും ക്ഷണം നിരസിച്ചു. ദേശീയതാൽപര്യം അവഗണിച്ച്, ഒരു കുടുംബത്തിന്റെ കാര്യത്തിൽ അമിത ആരാധനയാണു കോൺഗ്രസ് നേതാക്കൾക്കെന്നു ബിജെപി വിമർശിച്ചു. എന്നാൽ, മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുതിർന്ന ബിജെപി നേതാക്കളുടെ പ്രതിനിധി സംഘത്തിനു വിദേശ രാഷ്ട്രത്തലവൻമാരെ കാണാൻ അവസരമൊരുക്കിയിരുന്നു എന്നാണു കോൺഗ്രസിന്റെ വാദം. പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയ  രീതിയായിരുന്നു ഇത്. വാജ്പേയി, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ, മൻമോഹൻ സിങ് എന്നിവർ പ്രധാനമന്ത്രിമാരായപ്പോഴും ഇതേ കീഴ്‌വഴക്കം തുടർന്നു. 

എന്നാൽ സമീപവർഷങ്ങളിൽ, വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നിലപാട്, രാജ്യം സന്ദർശിക്കുന്ന വിദേശ രാഷ്ട്രങ്ങളുടെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആവശ്യപ്പെട്ടാൽ മാത്രം മതി പ്രതിപക്ഷവുമായി പ്രത്യേക കൂടിക്കാഴ്ച എന്നതാണ്. പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച നിർബന്ധമാക്കുന്ന ഒരു കീഴ്‌വഴക്കമില്ലെന്നാണു മന്ത്രാലയത്തിന്റെ വാദം. പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച വേണമെന്നു വൈറ്റ് ഹൗസിൽ നിന്ന് അഭ്യർഥന ഉണ്ടായിരുന്നില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്. തങ്ങളുടെ നേതാക്കൾ പ്രതിപക്ഷത്തായിരുന്നപ്പോൾ രാജ്യത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും കോൺഗ്രസിന് എല്ലായ്പ്പോഴും നിഷേധ നിലപാടാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാൽ, വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുമ്പോൾ കോൺഗ്രസ് സർക്കാരുകളെ വിമർശിച്ചതിലൂടെ രാജ്യത്തെ തള്ളിപ്പറഞ്ഞതു നരേന്ദ്ര മോദിയാണെന്നു കോൺഗ്രസ് തിരിച്ചടിക്കുന്നു. കൊറോണ വൈറസ് അടങ്ങിയാലും, രാഷ്ട്രീയ വൈറസിന്റെ സാന്നിധ്യം ദീർഘകാലം തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com