sections
MORE

കോൺഗ്രസിന്റെ അപഹാസ്യ പതനം

SHARE

കൂറുമാറ്റ രാഷ്ട്രീയത്തിന്റെ മറ്റൊരു അപഹാസ്യനാടകം കൂടി കാണുകയാണ് രാജ്യം. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, അതിൽ കോൺഗ്രസിന്റെ വീഴ്ച കൂടി തെളിയുന്നു.

കുറെ ദിവസങ്ങളായി മധ്യപ്രദേശ് സർക്കാർ പ്രതിസന്ധിയിലായിട്ടും അതിനു പരിഹാരം കാണുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിന്റെ സാക്ഷ്യമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ അധികാരത്തിൽ വന്നതു മുതൽ സിന്ധ്യ ഇടഞ്ഞുനിൽക്കുകയായിരുന്നു. സംസ്ഥാനത്തു പിസിസി പ്രസിഡന്റ് സ്ഥാനമോ രാജ്യസഭാ സീറ്റോ വേണം എന്നാണു സിന്ധ്യ ആവശ്യപ്പെട്ടത്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഒരു പരിഹാരം കാണാമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

ഗോവയിലും കർണാടകയിലുമൊക്കെ ബിജെപി പയറ്റിയ തന്ത്രം കണ്ടിട്ടും കോൺഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു മധ്യപ്രദേശ്. സംസ്ഥാനങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇടപെട്ടു പരിഹരിക്കുന്ന കേന്ദ്ര നേതൃത്വം കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. കൂറുമാറ്റ രാഷ്ട്രീയം അധാർമികം തന്നെയെങ്കിലും കോൺഗ്രസ് ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ ദൗർബല്യത്തിന് അതൊരു ന്യായീകരണമല്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോഴുണ്ടായ കൂറുമാറ്റത്തിന്റെ അപകടം കോൺഗ്രസിനു മുൻകൂട്ടി കാണാനും കഴിഞ്ഞില്ല.

കേഡർ സ്വഭാവമുള്ള പാർട്ടികളിലെപ്പോലെ കർശനമായ അച്ചടക്കമോ കർക്കശമായ അച്ചടക്ക നടപടികളോ കോൺഗ്രസിലില്ലാത്തത് ആ പാർട്ടിയുടെ ദൗർബല്യം തന്നെയാണെന്നാണു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പും തെളിയിച്ചത്. ഈ അയഞ്ഞ ചട്ടക്കൂടാണു കോൺഗ്രസിനെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും പാരവയ്ക്കലിന്റെയും വിളനിലമാക്കി മാറ്റിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടപ്പെട്ടതിന്റെ കാരണങ്ങളിൽ പാർട്ടിയുടെ ദിശാബോധമില്ലായ്മയും ഗ്രൂപ്പുകളിക്കൊപ്പമുള്ള സംഘടനാ ദൗർബല്യവുമുണ്ടെന്നു തിരിച്ചറിയാതിരുന്നത് ആ പാർട്ടി മാത്രമാവും.

പാർട്ടി അധ്യക്ഷനെ അടിയന്തരമായി തിരഞ്ഞെടുക്കണമെന്ന് ഒരുകൂട്ടം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുമ്പോൾ, ആദ്യം പാർട്ടി നയവ്യക്തത വരുത്തണമെന്നും അങ്ങനെയായാൽ അതു നടപ്പാക്കാനുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമാണെന്നുമാണു മറുവാദം. ഉടനെ സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന ചില നേതാക്കളുടെ ആവശ്യം പക്ഷേ, മുതിർന്ന നേതൃത്വം കേട്ട മട്ടു കാണിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ലാത്ത കോൺഗ്രസ്, ബിജെപിയും വിവിധ പ്രാദേശിക കക്ഷികളും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാകാതെ കാലിടറി നിൽക്കുന്നുവെന്നാണ് സംഘടനാ തിരഞ്ഞെടുപ്പിനായി വാദിക്കുന്ന നേതാക്കൾ പറയുന്നത്.

മധ്യപ്രദേശിൽ ഇപ്പോഴുണ്ടായ നാടകീയ സംഭവവികാസങ്ങൾ കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാകാമെന്നു തോന്നേണ്ടതും അതിനെതിരായ മുൻകരുതൽ സ്വീകരിക്കേണ്ടതും ആ പാർട്ടിതന്നെയാണ്. അതിനാവശ്യമായ ഉൾപ്പാർട്ടി ജനാധിപത്യവും നേതൃശേഷിയും രാഷ്ട്രീയതന്ത്രജ്ഞതയും കോൺഗ്രസിനുണ്ടോ എന്നതാണു ചോദ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA