ADVERTISEMENT

കറൻസി കൈമാറ്റം വഴി കോവിഡ് 19  പകരുമോ? 

രോഗബാധയുള്ളയാളുടെ സ്രവങ്ങൾ പുരണ്ട കറൻസി ഉടനെ മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ രോഗം പകരാൻ സാധ്യതയുണ്ട്. 

കൊറോണ വൈറസ് പ്രതിരോധത്തിൽ ചെയ്യാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടോ?

കൊറോണയെ പ്രതിരോധിക്കാനുള്ള വഴിയെന്ന പേരിൽ പല വ്യാജസന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. പുകവലി, പരമ്പരാഗത മരുന്ന് ഉപയോഗം, ഒട്ടേറെ മാസ്കുകൾ ഒരുമിച്ചു ധരിക്കുന്നത്, ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള സ്വയംചികിത്സ എന്നിവ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. 

മൂക്കൊലിപ്പുണ്ടെങ്കിൽ അത് കോവിഡ് 19 അല്ല, വരണ്ട ചുമയാണ് കോവിഡിന്റെ ലക്ഷണം– ഈ പ്രചാരണം ശരിയാണോ?

വ്യാജപ്രചാരണമാണിത്. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്കു പകരുന്നതുതന്നെ. മേൽപറഞ്ഞ തരത്തിൽ സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വ്യാജസന്ദേശങ്ങൾ വിശ്വസിക്കരുത്.

കൊതുകുകളിലൂടെ കോവിഡ് 19 പകരുമോ?

കൊതുകുകളിലൂടെ കോവിഡ് 19 പകരുമെന്നതു സംബന്ധിച്ച് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.  

covid-mosquito

ഹാൻഡ് ഡ്രയർ ഉപയോഗിച്ചാൽ വൈറസിനെ ഇല്ലാതാക്കാനാകുമോ?

ഹാൻഡ് ഡ്രയർ ഉപയോഗിച്ച് വൈറസിനെ നശിപ്പിക്കാനാകില്ല. സോപ്പും വെള്ളവും ഉപയോഗിച്ചോ 60% വരെ ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകിയാൽ മാത്രമേ  കാര്യമുള്ളൂ. അതിനു ശേഷം ടിഷ്യൂ കൊണ്ടോ  എയർ ഡ്രയർ കൊണ്ടോ കൈകൾ ഉണക്കുക.

അൾട്രാവയലറ്റ് ഡിസ്‌ഇൻഫെക്‌ഷൻ ലാംപ് ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കാനാകുമോ?

അൾട്രാവയലറ്റ് ഡിസ്‌ഇൻഫെക്‌ഷൻ ലാംപ് ഉപയോഗിച്ച് കൈകളോ മറ്റു ഭാഗങ്ങളോ അണുവിമുക്തമാക്കരുത്. ചർമത്തിന് അസ്വസ്ഥതയുണ്ടാകാൻ  ഇതു കാരണമാകും.

തെർമൽ സ്കാനറുകൾ വഴി കോവിഡ് 19 ബാധിതരെ എളുപ്പം കണ്ടെത്താനാകുമോ?

ശരീരോഷ്മാവിനെക്കാൾ കൂടുതൽ ടെംപറേച്ചർ ഉള്ളവരെയും കോവിഡ് 19 ബാധിച്ചതിനെത്തുടർന്നു പനി പിടിച്ചവരെയും എളുപ്പം തിരിച്ചറിയാൻ തെർമൽ സ്കാനറുകൾ വഴി സാധിക്കും. എന്നാൽ, വൈറസ് ബാധിച്ചാലും പലരിലും പനി പോലുള്ള രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസ് ബാധിച്ച് ലക്ഷണങ്ങൾ കാണിക്കാൻ 2 മുതൽ 10 ദിവസം വരെയാകും. അത്തരക്കാരെ തിരിച്ചറിയാൻ തെർമൽ സ്കാനറുകൾക്കാവില്ല.

കോവിഡ് 19 സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ  79022 79797 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യൂ. പ്രസക്തമായ ചോദ്യങ്ങൾക്ക്  ആരോഗ്യവകുപ്പ് അധികൃതർ മറുപടി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com