sections
MORE

ശലഭം പോലെ പാറി, പിന്നെ കൊറോണയുടെ കടന്നൽക്കുത്ത്

iran-covid
ഇറാനിലെ കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഗാസിയാബാദിലെ ഹിൻഡാൻ വ്യോമതാവളത്തിൽ എത്തിച്ച ഇന്ത്യക്കാരെ പരിശോധിക്കുന്ന മെഡിക്കൽ ടീം.
SHARE

കോവിഡ് 19 മറ്റു വൈറസ്ജന്യ രോഗങ്ങളിൽനിന്ന് വ്യത്യസ്തമാകുന്നത്  എങ്ങനെ? പ്രതിരോധിക്കാൻ നമുക്കു മുന്നിലുള്ള വഴികൾ ‌എന്തെല്ലാം? വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. ടി. ജേക്കബ് ജോൺ എഴുതുന്നു...

1980 മുതൽ അനേകം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് ഇന്ത്യ പലതവണ സാക്ഷ്യം വഹിച്ചു. ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ് – 19 ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. പുതുതായി കണ്ടെത്തിയ സാർസ് കോവ് – 2 എന്ന വൈറസാണ് രോഗത്തിനു കാരണം. പേരു പോലെ തന്നെ, 2003ൽ ഇന്ത്യയിലെത്തിയ സാർസ് വൈറസിന്റെ ഉറ്റബന്ധുവാണ് ഇത്. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) ഈ രോഗത്തിന്റെ അകന്ന ബന്ധുവും. 

സാർസ് വൈറസ് ഉപരി ശ്വാസനാളത്തെയല്ല, ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. അതിനാൽ 2009ൽ പടർന്നുപിടിച്ച് വ്യാപക മരണം വിതച്ച എച്ച്1എൻ1 വൈറസിനെ പോലെ അത്ര വേഗത്തിലും വ്യാപകമായും ഇതു പടർന്നിട്ടില്ല. എച്ച്1എൻ1 വൈറസുകളാകട്ടെ, ഉപരി ശ്വാസനാളത്തെയാണ് ബാധിക്കുക. സാർസ് കോവ് – 2 ഉപരിശ്വാസനാളത്തെയും ശ്വാസകോശങ്ങളെയും ബാധിക്കും. അതുകൊണ്ട് ഇതിന്റെ വ്യാപനം എച്ച്1എൻ1 പോലെ അതിവേഗത്തിലാണ്.

രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നു വന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ തന്നെ പരിശോധനയ്ക്കു വിധേയമാക്കി പനിയുള്ളവരെ  ഐസലേഷൻ വാർഡുകളിലാക്കി സാർസ് വൈറസ് കൂടുതൽ പടർന്നു പിടിക്കുന്നത് തടയാനായി. ആരോഗ്യരംഗത്തെ വിദഗ്ധർക്ക് ഇതൊരു പരിശീലന അനുഭവമായിരുന്നു. നാലു രാജ്യങ്ങൾ മാത്രമായിരുന്നു രോഗബാധയുടെ പ്രഭവകേന്ദ്രങ്ങൾ. ചൈനയിലെ ഗ്വാങ്ഡോങ് മേഖല, ഹോങ്കോങ്, വിയറ്റ്നാം, സിംഗപ്പുർ എന്നിവ. രോഗം ബാധിച്ചവരിൽ പനി തുടങ്ങിയതിനു ശേഷം മാത്രമായിരുന്നു വ്യാപനം സംഭവിച്ചത്. സാർസ് വൈറസ് ബാധ ചൈനയിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ട് 10 മാസത്തിനു ശേഷം രോഗവ്യാപനം തടയാനായി. അപ്പോഴേക്കും 27 രാജ്യങ്ങളിൽ രോഗം ബാധിച്ചിരുന്നു.

വൈറസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ തീവ്രത പ്രാഥമികമായി നിർണയിക്കുന്നത് അതിന്റെ ജീവാപായശേഷിയുടെ അടിസ്ഥാനത്തിലാണ്. സാർസ് വൈറസ് ജീവാപായ ശേഷി കൂടിയ ഇനമായിരുന്നു. രോഗബാധിതരിൽ 10 % പേരോളം മരിച്ചു. എച്ച്1എൻ1 രോഗത്തിന്റെ തീവ്രത താരതമ്യേന കുറവായിരുന്നു. 0.1% ആയിരുന്ന മരണനിരക്ക്. ഇന്ത്യയിൽ രോഗം തീവ്രമാകുന്ന രോഗികളിൽ മാത്രമേ എച്ച്1എൻ1 നിർണയ പരിശോധന നടത്താറുള്ളു. അതിനാൽ രോഗബാധിതരിൽ എത്ര ശതമാനമാണ് മരിക്കുക എന്നത് കൃത്യതയോടെ പറയാനാകില്ല. സർക്കാർ കണക്കുകളിൽ ഇത് 5 ശതമാനമാണ്. പക്ഷേ, ഇത് അതീവ ഗുരുതരമായി രോഗം ബാധിച്ചവരെ മാത്രം വച്ചുള്ള വളച്ചൊടിച്ച കണക്കാണ്. ചില റിപ്പോർട്ടുകളിൽ മരണനിരക്ക് 15 % വരെ ഉയർന്നു കണ്ടിട്ടുണ്ട്.

സാർസ് കോവ് – 2 ന്റെ അപായശേഷി സാർസിന്റേതിനെക്കാൾ വളരെ കുറവാണ്. എന്നാൽ എച്ച്1എൻ1 ബാധയെക്കാൾ 10 മുതൽ 30 മടങ്ങ് വരെ കൂടുതലുമാണ്. കോവിഡ് – 19 ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ മരണനിരക്ക് 2 – 3 ശതമാനമായിരുന്നു. ചൈനയ്ക്കു പുറത്ത് ഇത് 0.5 – 1% ആണ്.

ജാഗ്രത അത്യാവശ്യമാണ്. ഊന്നൽ വൈറസ് ബാധയ്ക്കാകുമ്പോൾ, വ്യാപനം കുറയ്ക്കുന്നതിനായി, രോഗം ബാധിച്ച എല്ലാവരെയും കണക്കിലെടുക്കണം. ഇവരിൽ തന്നെ 10 % പേർക്കേ കടുത്ത ന്യുമോണിയ ബാധ ഉണ്ടാകൂ. അവരിൽ ഒന്ന്, രണ്ട് ഏറിയാൽ മൂന്നു പേരേ മരിക്കൂ. രോഗിയുമായി സമ്പർക്കമുണ്ടായ എല്ലാവരെയും പരിശോധനകൾക്കു വിധേയമാക്കിയാൽ, വൈറസ് ബാധിച്ചിട്ടുള്ളവരിൽ തന്നെ നല്ലൊരു പങ്കിനു നിസാരമായ രോഗമേ ഉണ്ടാകൂ. കർശനമായി അന്വേഷിച്ച് 1000 വൈറസ് ബാധിതരെ കണ്ടെത്തിയാൽ അതിൽ 900 പേർക്കും യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല. അല്ലെങ്കിൽ നിസ്സാരമായ രോഗമേ ഉണ്ടാകൂ. ബാക്കി നൂറു പേരിൽ ചിലർക്ക് ആശുപത്രിയിൽ തീവ്രപരിചരണം ആവശ്യമായേക്കും. കൃത്രിമ ശ്വാസവും നൽകേണ്ടി വരാം. അവരിൽ പത്തോ മുപ്പതോ പേർ മരിച്ചേക്കാം. അങ്ങനെയാണ് ആകെയുള്ള മരണനിരക്ക് 1–3% ആകുന്നത്.

കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമടക്കമുള്ള തീവ്രപരിചരണത്തിന് സാഹചര്യമില്ലെങ്കിൽ 20 മുതൽ 50 പേർ വരെ മരിച്ചേക്കാം. അപ്പോൾ വൈറസ് ബാധയുടെ അപായശേഷിയോടൊപ്പം ആശുപത്രിയുടെ കാര്യക്ഷമതയും മരണനിരക്ക് നിശ്ചയിക്കുന്നതിൽ നിർണായകമാകുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് ആശങ്കയുണ്ടാക്കുന്നു. എന്നാൽ കേരളവും തമിഴ്നാടുമൊക്കെ ഇക്കാര്യത്തിൽ സുരക്ഷിതമാണ്.

സാർസിൽനിന്ന് വ്യത്യസ്തമായി ഏറ്റവും കുറഞ്ഞ ലക്ഷണങ്ങളോടെയും പനിയില്ലാതെയും സാർസ് കോവ് – 2 പടരാം. വൈറസ് ബാധിച്ചവർ ആദ്യ ഘട്ടത്തിലേ രോഗം പരത്തുകയും എന്നാൽ അവരിൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത് അതിനു ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാവുകയും ചെയ്യാറുണ്ട്. അതിനാൽ രോഗിയുമായി സമ്പർക്കുമുണ്ടായവരെ കണ്ടെത്തി അവരെ പരിശോധനയ്ക്കു വിധേയരാക്കുന്നതും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ ഐസലേഷനിലാക്കുകയും ചെയ്യുന്നത് രോഗം പടരുന്നത് തടയാൻ സഹായിക്കും. എന്നാൽ സാർസിന്റെ കാര്യത്തിലേതു പോലെ രോഗസംക്രമണം തടയാനാകില്ല. കൂടുതൽ ആളുകളിൽ രോഗം കണ്ടെത്തിയാൽ അവരുമായി സമ്പർക്കമുണ്ടായവരെയെല്ലാം കണ്ടെത്തി പരിശോധിപ്പിക്കുന്നത് എളുപ്പമല്ലാത്ത ഒരു ഘട്ടം വരും. അതിനാൽ രോഗവ്യാപനത്തിന്റെ വേഗവും തോതും മനസ്സിലാക്കേണ്ടതുണ്ട്.

ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ രോഗം വ്യാപിച്ചതിന്റെ തോത് അമ്പരപ്പിക്കുന്നതും വിവരണാതീതവുമാണ്. എന്നാൽ ശ്വാസക്കുഴലുകളെ ബാധിക്കുന്നതും അതിവേഗം വ്യാപിക്കുന്നതുമായ രോഗത്തെ കുറിച്ച് ലോകത്തിനുള്ള മുന്നറിയിപ്പായി അത്. 2020 ജനുവരിയിൽ വൈറസ് ഏതെന്നു കണ്ടെത്തി. അതിന്റെ ജനിതക രേഖ നിർണയിക്കാനായി. ടെസ്റ്റ് റീഏജന്റുകൾ (മുഖ്യമായും ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് – നാറ്റ് (NAAT) അല്ലെങ്കിൽ പോളിമറേസ് ചെയിൻ റിയാക്‌ഷൻ – പിസിആർ (PCR) തയാറാക്കുകയും അതിന്റെ ചേരുവകൾ സൗജന്യമായി ലോകമെങ്ങും എത്തിക്കുകയും ചെയ്തു.ജനുവരി 30നും ഫെബ്രുവരി 2നും വുഹാനിൽനിന്ന് കേരളത്തിലെത്തിയ രണ്ടു വിദ്യാർഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അപ്പോഴേക്കും ചൈന – ഹോങ്കോങ് – മക്കാവു എന്നിവയ്ക്കു പുറത്ത് 24 രാജ്യങ്ങളി‍ൽ കൂടി വൈറസ് എത്തിയിരുന്നു. ആ വേഗം അമ്പരിപ്പിക്കുന്നതായിരുന്നു. പകർച്ചപ്പനിയുടേതു പോലെ അതിവേഗമാണ് രോഗവ്യാപനമെന്ന് വൈറസ് ഗവേഷകർ തിരിച്ചറിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA