sections
MORE

വധശിക്ഷ, സ്പാനിഷ് ഫ്ലൂ; ചരിത്രം പറയുന്നത്...

thalsamayam-image
SHARE

മറ്റൊരു വധശിക്ഷ നടപ്പാക്കലിന്റെ നിഴലിലാണ് ഇന്ത്യ. നിർഭയ കേസിലെ നാലു പ്രതികളുടെ പലതവണ മാറ്റിവച്ച വധശിക്ഷ, കോടതിയുടെ മറ്റൊരു ഇടപെടൽ ഇല്ലെങ്കിൽ ഈ മാസം 20നു നടക്കും. വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ പൊതുവേ വൈമുഖ്യം കാണിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. 1995 മുതൽ 2004 വരെ ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 21–ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആദ്യമായി തൂക്കിക്കൊന്നത് 2004ൽ കൊൽക്കത്തയിൽ ധനഞ്ജയ് ചാറ്റർജിയെയാണ്. അതിനു ശേഷം 3 പേർ കൂടി വധശിക്ഷയ്ക്കു വിധേയരായിട്ടുണ്ട്. എന്നിരുന്നാലും, വർഷം തോറും കോടതികൾ നൂറിലധികം പേരെ വധശിക്ഷയ്ക്കു വിധിക്കുന്നുണ്ട്.

ജനാധിപത്യ രാജ്യങ്ങളിൽ, മുഖ്യമായും യുഎസിലും ഇന്ത്യയിലും മാത്രമേ വധശിക്ഷ നിയമപുസ്തകങ്ങളിൽ അവശേഷിക്കുന്നുള്ളൂ. നിർഭയ കേസ് പോലുള്ള, അത്യന്തം ഹീനമായ കുറ്റങ്ങൾ ചെയ്ത പ്രതികൾക്കു സമൂഹത്തിൽ തുടരാനുള്ള അവകാശമില്ല എന്നതിനു രണ്ടഭിപ്രായം ഇല്ല. അത്തരമൊരു ലക്ഷ്യം വധശിക്ഷയിലൂടെ നടപ്പാക്കണമോ എന്നതിലാണു തർക്കം. ആജീവനാന്തം പരോൾ നൽകാതെ തടവിലിട്ടാലും ഇത്തരക്കാരിൽനിന്നു ജനങ്ങളെ രക്ഷിക്കാം.

രാജ്യത്തിനെതിരായ യുദ്ധം, ഭീകരത എന്നിവ ഒഴികെയുള്ള കുറ്റങ്ങൾക്കു വധശിക്ഷ നൽകരുതെന്നാണ് 2015ൽ പുറത്തുവന്ന ലോ കമ്മിഷൻ റിപ്പോർട്ട്, കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തിട്ടുള്ളത്. ലോകത്തെ 140 രാജ്യങ്ങൾ വധശിക്ഷ നടപ്പാക്കുന്നില്ലെന്നും വധശിക്ഷ കൊണ്ടു കൊലപാതകം ഉൾപ്പെടെയുള്ള ഹീനമായ കുറ്റങ്ങൾക്കു കുറവൊന്നുമുണ്ടാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപു വധശിക്ഷ ഒഴിവാക്കിയ നാട്ടുരാജ്യമാണു തിരുവിതാംകൂർ; 1945ൽ. പിന്നീട് ഇന്ത്യയുടെ ഭാഗമായപ്പോൾ വധശിക്ഷ വീണ്ടും നിലവിൽ വന്നു. എന്നിട്ടും കൊലപാതകങ്ങൾ കുറഞ്ഞില്ല.

വധശിക്ഷയ്ക്കെതിരായ ഏറ്റവും വലിയ വാദം, ഒരിക്കൽ നടപ്പാക്കിയാൽ തിരിച്ചെടുക്കാൻ പറ്റില്ല എന്നതാണ്. ഇംഗ്ലണ്ടിൽ വധശിക്ഷ നിർത്തലാക്കുന്നതിന് അനുകൂലമായ വികാരം ശക്തിപ്പെട്ടത് 1950ൽ തൂക്കിലേറ്റപ്പെട്ട ടിമത്തി ഇവാൻസിന്റെ കേസിലൂടെയാണ്. ഭാര്യയെയും മകളെയും കൊന്നുവെന്നായിരുന്നു ടിമത്തിക്കെതിരായ കുറ്റം. എന്നാൽ, മൂന്നു വർഷത്തിനു ശേഷം കണ്ടെത്തിയത് യഥാർഥ കുറ്റവാളി ഒരു ജോൺ ക്രിസ്റ്റി ആണെന്നാണ്. വിചാരണയ്ക്കു ശേഷം ക്രിസ്റ്റിയെയും തൂക്കിലേറ്റി. ഒരു കാര്യം വ്യക്തമായി: ടിമത്തി ഇവാൻസ് നിരപരാധിയായിരുന്നു!

കാലാകാലങ്ങളിൽ മനുഷ്യസ്നേഹികളും എഴുത്തുകാരും വധശിക്ഷയ്ക്കെതിരെ നിലകൊണ്ടതുകൊണ്ടാണ് ഇന്നു ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും അതു നിർത്തലാക്കിയത്. കേരളത്തിൽ ഇതിനു വേണ്ടി ശക്തമായി വാദിച്ച ചിന്തകൻ, കേസരി ബാലകൃഷ്ണപിള്ളയാണെന്നു സുനിൽ പി.ഇളയിടം അദ്ദേഹത്തിന്റെ കേസരി സ്മാരകപ്രഭാഷണത്തിൽ പറയുന്നുണ്ട്. 1935ൽ കേസരി ഇതു സംബന്ധിച്ചു മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു.

പ്രതിരോധ പാഠങ്ങൾ

ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരി (pandemic) ആയി പ്രഖ്യാപിച്ചിരിക്കുന്നു. നൂറിലധികം രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഈ രോഗം, മഹാമാരി എന്ന സംജ്ഞയെ അന്വർഥമാക്കുന്നു. ഇന്ത്യ നേരിട്ട ഏറ്റവും ഭീകരമായ മഹാമാരി, ഒന്നാം ലോകയുദ്ധത്തിന്റെ അവസാന കാലത്ത്, 1918ൽ ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്ലൂ ആയിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ജനസംഖ്യയുടെ ആറു ശതമാനം ഫ്ലൂ കാരണം മരിച്ചു – 1.4 കോടി ജനങ്ങൾ. പ്രസിദ്ധനായ ഹിന്ദികവി നിരാല (സൂര്യകാന്ത് ത്രിപാഠി), അദ്ദേഹത്തിന്റെ ആത്മകഥയിൽ, ആ ദിനങ്ങളിൽ ഗംഗയിലൂടെ തുടർച്ചയായി മൃതശരീരങ്ങൾ ഒഴുകുന്നതു കണ്ടതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇതാണ് മഹാമാരിയുടെ ഭീതിദമായ വിശ്വരൂപം.

സ്പാനിഷ് ഫ്ലൂവിന്റെ 102ാം വർഷത്തിലാണു കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്. കൈവിട്ടു പോയാൽ പിടിച്ചാൽ നിൽക്കില്ലെന്നാണ് സ്പാനിഷ് ഫ്ലൂ നൽകിയ പാഠം. ഇതു പിന്നീടുള്ള ആരോഗ്യരക്ഷാതന്ത്രങ്ങളെ കാര്യമായി സ്വാധീനിച്ചു. അതിനാൽ, വിദേശത്തുനിന്നു വരുന്നവർ കോവിഡ് ബാധയില്ലെന്ന സാക്ഷ്യപത്രം നിർബന്ധമായി കൊണ്ടുവരണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ, കോവിഡിനെതിരായ പ്രധാന പ്രതിരോധ നടപടിയായി കാണണം. വിദേശത്തുനിന്നു നാട്ടിലേക്കു പുറപ്പെടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇതു ബുദ്ധിമുട്ടിക്കുന്നു എന്നതു വാസ്തവമാണ്. അവർ മനസ്സിലാക്കേണ്ടത് ഇതാണ് – അസാധാരണ കാലത്താണു നാം ജീവിക്കുന്നത്; ചരിത്രം പഠിപ്പിക്കുന്നതു മുൻകരുതൽ ആവശ്യമാണെന്നാണ്.

ഇറാനിൽ ദിവസങ്ങളായി കുടുങ്ങിയിരിക്കുന്ന ആയിരക്കണക്കിനു സഞ്ചാരികൾ, ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾ, രോഗത്തെ നേരിടുന്നതിൽ പെടാപ്പാടു പെടുന്ന ഇറ്റലിയിലെ ഇന്ത്യക്കാർ... അങ്ങനെ ദുരിതം അനുഭവിക്കുന്നവർ ഒട്ടേറെ. ആ കൂട്ടത്തിൽ, റോമിലെ വിമാനത്താവളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി താമസിക്കുന്ന ഇന്ത്യക്കാരെ വ്യത്യസ്തമായി കാണണം. അവർ പുറത്തുപോകാൻ പറ്റാത്ത രീതിയിൽ നാലു ചുമരുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുകയാണ്. 

അവരുടെ കൂട്ടത്തിൽ മലയാളികൾ ഉള്ളതുകൊണ്ട്, അവർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നമുക്കു നന്നായി അറിയാം. അവർക്കുള്ള സാക്ഷ്യപത്രം കൊടുക്കാൻ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ ടീം എപ്പോൾ എത്തുമെന്ന് അവർക്കറിയില്ല. ഇവിടെയാണ്, റോമിലെ ഇന്ത്യൻ എംബസി കൂടുതൽ കാര്യക്ഷമമാകേണ്ടിയിരുന്നത്. 

എയർപോർട്ടിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മേഘാലയയിൽ നിന്നുള്ള യുവ എഴുത്തുകാരി ജാനിസ് പര്യാട്ടും ഉൾപ്പെടുന്നു. അവർ റോമിലെ ഇന്ത്യൻ സ്ഥാനപതിയുമായി സംസാരിച്ചെങ്കിലും, ‘സമൂഹമാധ്യമങ്ങളിൽ അവരെ പിന്തുടരുക’ എന്ന ഉപദേശമൊഴിച്ചാൽ കൂടുതലൊന്നും സ്ഥാനപതി പറഞ്ഞില്ല. വിമാനത്താവളത്തിൽ കുടുങ്ങിയവർക്കു സഹായമെത്തിക്കാനും അവരുമായി നിരന്തരം സമ്പർക്കം പുലർത്താനും റോമിലെ ഇന്ത്യൻ എംബസിക്കു നിർദേശം നൽകാനായിരിക്കണം, കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ടത്.

സ്കോർപ്പിയൺ കിക്ക്: മുഖ്യമന്ത്രിയാവില്ല, പാർട്ടി അധ്യക്ഷൻ ആകാമെന്ന് രജനീകാന്ത്.

എന്തൊരു ത്യാഗം!

English Summary: Capital punishment, Spanish Flu; what history says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA