sections
MORE

റബർ കർഷകരെ കൈവിടരുത്

HIGHLIGHTS
  • ഒരു വർഷമായി സബ്സിഡി നിഷേധം
SHARE

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന നാണ്യവിളയാണ് റബർ. ഉയർന്ന വില ലഭിച്ചിരുന്ന കാലത്ത് റബർ കർഷകന്റെ അധ്വാനത്തെക്കുറിച്ചും റബർ അധിഷ്ഠിത വ്യവസായങ്ങൾ സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചിരുന്ന നമ്മുടെ നേതാക്കളും ഭരണകർത്താക്കളുമെല്ലാം, ഇന്നു പക്ഷേ നിശ്ശബ്ദരാണ്. ആർക്കുമില്ല, റബർ വിലയെക്കുറിച്ച് ആശങ്കയും റബർ കർഷകനെക്കുറിച്ച് ആധിയും. കൃഷിയും ജീവിതവും വഴിമുട്ടിയ സാധാരണ റബർ കർഷകനെ ആരും തിരിഞ്ഞുനോക്കാത്ത ദുഃസ്ഥിതിയാണിപ്പോഴുള്ളത്.

ഒരു കിലോഗ്രാം റബർ ഉൽപാദിപ്പിക്കാൻ 172 രൂപ ചെലവു വരുമെന്നു മൂന്നു വർഷം മുൻപ് റബർ ബോർഡ് കണക്കാക്കിയിരുന്നു. അപ്പോഴേക്കും 100 രൂപയിലും താഴ്ന്ന വിലയ്ക്കു ഷീറ്റ് വിൽക്കേണ്ട ഗതികേടിലെത്തിയിരുന്നു റബർ കർഷകർ. കടുത്ത പ്രതിസന്ധിയിൽ പകച്ചുനിന്നപ്പോൾ കിലോയ്ക്കു 150 രൂപ എന്ന വിലസ്ഥിരതാ പദ്ധതി നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. അതും മുടങ്ങിയ സ്ഥിതിയാണിപ്പോൾ.

റബർവില കിലോയ്ക്കു 150 രൂപ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ യുഡിഎഫ് സർക്കാർ വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ചത്. 150 രൂപയിൽ താഴെ റബർവില ഇടിയുന്ന സാഹചര്യത്തിൽ കുറവു വരുന്ന തുക കർഷകന്റെ അക്കൗണ്ടിലേക്കു നൽകുന്ന രീതി പ്രാരംഭ ഘട്ടത്തിൽ കാര്യമായ കാലതാമസമില്ലാതെ മുന്നേറുകയും ചെയ്തു. എന്നാൽ, ഒരു വർഷമായി ഈ സബ്സിഡി മുടക്കിയിരിക്കുകയാണു സർക്കാർ. 2019 മാർച്ച് 31നു ശേഷമുള്ള ബില്ലുകളൊന്നും പരിഗണിച്ചിട്ടില്ല. കിലോയ്ക്ക് 130 രൂപയിലും താഴ്ന്ന വിലയ്ക്ക് ഷീറ്റു വിറ്റ്, ബിൽ ഏൽപിച്ച്, അക്കൗണ്ടിലെത്തുന്ന ആശ്വാസധനത്തിനായി കാത്തിരിക്കുന്ന കർഷകർക്കു നിരാശ മാത്രം മിച്ചം.

ഒരു കിലോഗ്രാം റബർ ഉൽപാദിപ്പിക്കാൻ 172 രൂപ ചെലവു വരുമെന്ന സാഹചര്യത്തിൽ, കിലോയ്ക്ക് 200 രൂപയെങ്കിലും ലഭിച്ചാലല്ലേ എന്തെങ്കിലും മെച്ചമുള്ളൂ എന്നു ചോദിക്കുന്നു നമ്മുടെ കർഷകർ. എന്നിട്ടും, കിലോയ്ക്കു 150 രൂപ എന്ന പിടിവള്ളിയിൽ ആശ്വസിച്ചത് റബർപോലെ നിത്യവരുമാനത്തിനുതകുന്ന മറ്റൊരു കാർഷിക വിളയില്ല എന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ്.

ഭക്ഷ്യവിളക്കൃഷി ഉപേക്ഷിച്ചു നാണ്യവിളക്കൃഷിയിലേക്കു ചുവടുമാറ്റിയതുകൊണ്ടല്ലേ ഈ ദുരിതം എന്നു റബർ കർഷകരെ ഉപദേശിക്കുന്നവരും കുറവല്ല. വിലത്തകർച്ചയും ഉൽപാദനച്ചെലവും തൊഴിലാളിക്ഷാമവും മറ്റും മൂലം ഭക്ഷ്യവിളയിൽനിന്നു പിന്മാറേണ്ടിവന്നവരാണ് ഇന്നത്തെ റബർ കർഷകരിൽ നല്ല പങ്കുമെന്നതു മറക്കരുത്. പിന്നീടുള്ള അവരുടെ അതിജീവനത്തിന് മുഖ്യ അടിത്തറയായത് റബർ ആയിരുന്നു. അവർ റബർ വിട്ടു മറ്റു കൃഷികളിലേക്കു തിരിയുകയാണെങ്കിൽ, അതു ഭാവിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്നതും ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.

ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽകൂടിയും റബറിന്റെ സംഭരണ വിലയിൽ ചെറിയ വർധന പ്രതീക്ഷിക്കാമെന്ന് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കഴിഞ്ഞ ബജറ്റ് അവതരണത്തിനു ശേഷം പറയുകയുണ്ടായി. കിലോയ്ക്ക് 50 രൂപയുടെ വർധനയാണു കർഷകർ ആവശ്യപ്പെടുന്നതെന്നും അത്രയും സാധ്യമല്ലെങ്കിലും നേരിയ വർധന പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റബർ വിലസ്ഥിരതാ പദ്ധതിയുടെ കുടിശികയായി കർഷകർക്കു കൈമാറാനുള്ള 57 കോടിയോളം രൂപ വൈകാതെ നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും നിയമസഭയിൽ അറിയിക്കുകയുണ്ടായി. പ്രഖ്യാപനങ്ങൾ നിറവേറുന്ന നാൾ നോക്കിയിരിക്കുകയാണു നമ്മുടെ റബർ കർഷകർ. സബ്സിഡി കുടിശിക എത്രയും വേഗം ലഭ്യമായാൽ കർഷകരുടെ മനസ്സിലെ ആധിക്കു കുറച്ചെങ്കിലും ശമനമാകുമെന്നു സർക്കാർ തിരിച്ചറിഞ്ഞേതീരൂ.

വിലയിടിവും ഉൽപാദനം കുറയുന്ന സാഹചര്യവുമൊക്കെ കേരളത്തിലെ പത്തു ലക്ഷത്തിലേറെ റബർ കർഷകരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. സഹനത്തിന്റെ പരിധി കണ്ട റബർ കർഷകരെ ഇനിയും പരീക്ഷിക്കാൻ സർക്കാർ തുനിയരുത്.

English Summary: Do not avoid rubber farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA