ADVERTISEMENT

എതിർവശത്ത് ആയിരം പേരുണ്ടെങ്കിലും സിനിമയിലാണെങ്കിൽ രജനീകാന്ത് അവരെ ഇടിച്ചിട്ടിരിക്കും. രാഷ്ട്രീയത്തിൽ പക്ഷേ, തിരശ്ശീലയിലെ അമാനുഷിക പരിവേഷമല്ല, പിച്ചവച്ചു പഠിക്കുന്ന കുഞ്ഞിന്റെ ആശയക്കുഴപ്പമാണ് സൂപ്പർ താരത്തിന്റെ മുഖമുദ്ര. ‘ഇനി ജയലളിത മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല’ എന്ന സൂപ്പർ ഡയലോഗിലൂടെ രാഷ്ട്രീയത്തിൽ സ്വയം അടയാളപ്പെടുത്തിയിട്ട് 25 വർഷം കടന്നുപോയി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടു 3 വർഷം. തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷം. രജനിയുടെ പാർട്ടി റിലീസ് നീണ്ടുനീണ്ടു പോകുന്നു. ഒന്നു പതുങ്ങി, തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു കുതിക്കാനുള്ള തന്ത്രമാണോ ഇത്? അതോ, വ്യക്തമായ പദ്ധതിയില്ലാത്തതിന്റെ ആശയക്കുഴപ്പമോ? രണ്ടു ഭാഗത്തും വാദത്തിനു പോയിന്റുകളുണ്ട്. ശരിയുത്തരം അറിയുന്നയാൾ രജനീകാന്ത് മാത്രം. പരാജയം മുന്നിൽക്കണ്ടു താരം പിന്മാറുകയാണോ എന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്.

കിങ് മതി, കിങ് മേക്കറെ വേണ്ട

സിനിമയിൽ നായകനാണെങ്കിലും രാഷ്ട്രീയത്തിൽ തനിക്കു സംവിധായകനായാൽ മതിയെന്ന സൂചനയാണു രജനി പുതുതായി നൽകുന്നത്. യുവാക്കൾക്ക് അവസരം, അഴിമതിമുക്ത ഭരണം, തിരഞ്ഞെടുപ്പിൽ മാത്രം സജീവമാകുന്ന പാർട്ടി, വ്യവസ്ഥയെ അടിമുടി പൊളിച്ചുമാറ്റൽ, പാർട്ടിക്കും സർക്കാരിനും വ്യത്യസ്ത നേതൃത്വം തുടങ്ങി രജനി മുന്നോട്ടുവയ്ക്കുന്നതെല്ലാം ആദർശരാഷ്ട്രീയത്തിലെ ധാർമിക പാഠങ്ങൾ. പ്രായോഗിക തലത്തിൽ അതിന് എത്ര വോട്ടു കിട്ടുമെന്നതാണു ചോദ്യം. മറ്റൊരാളെ മുഖ്യമന്ത്രിയാക്കി കിങ് മേക്കറാകുമെന്ന പ്രഖ്യാപനം, നായകരെ സ്നേഹിക്കുന്ന തമിഴക വോട്ടർമാർക്കിടയിൽ എത്രമാത്രം ചെലവാകുമെന്നതു കണ്ടറിയണം.

1960കളിൽ കാമരാജ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പകരം ഭക്തവത്സലത്തിനു പദവി നൽകിയിരുന്നു. സംസ്ഥാനത്തു കോൺഗ്രസിന്റെ വേരറുത്ത തീരുമാനങ്ങളിലൊന്നായി അതിനെ ചരിത്രം രേഖപ്പെടുത്തുന്നു. പിന്നീടു വന്ന അണ്ണാദുരൈ ‘തമ്പി വാ, പദവി യേർക്ക വാ’ (സഹോദരാ വരൂ, പദവികളേറ്റെടുക്കൂ’) എന്ന ആഹ്വാനവുമായി യുവാക്കളെ വിളിച്ചു. 1967ൽ ഡിഎംകെയെ വിജയത്തിലേക്കു നയിച്ചതു പക്ഷേ, അണ്ണാദുരൈയുടെ തലയെടുപ്പുള്ള നേതൃത്വമായിരുന്നു. 

പിന്നീട് അര നൂറ്റാണ്ടുകാലം കരുണാനിധി, ജയലളിത എന്നീ വടവൃക്ഷങ്ങളുടെ തണലിലേക്കു ചാഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിന്റെ അഭാവം നികത്തുക എന്നതാണു രജനിക്കു മുന്നിലെ അവസരം. അതിനു സ്റ്റൈൽ മന്നൻ നായകനായിത്തന്നെ വരണമെന്നാണ് ആരാധകരുടെ ആവശ്യം. വേഷം സംവിധായകന്റേതാണെങ്കിൽ ഹിറ്റാകാനുള്ള സാധ്യത കുറയും.

കണക്ക് തുണയ്ക്കുമോ? 

അണ്ണാദുരൈ, കരുണാനിധി, ജയലളിത എന്നിവരോടുള്ള ആരാധന രജനി മറച്ചുവയ്ക്കാറില്ലെങ്കിലും രാഷ്ട്രീയത്തിലേക്കു വരുമ്പോൾ മനസ്സുനിറയെ എംജിആറാണ്. ഇതര സംസ്ഥാനത്തു നിന്നെത്തി തമിഴകത്തിന്റെ മനസ്സു കീഴടക്കി എന്നതിലൊതുങ്ങുന്നില്ല ഇരുവരും തമ്മിലുള്ള സാമ്യം. രാഷ്ട്രീയത്തിലേക്കുള്ള എംജിആറിന്റെ പാലം ഫാൻസ് അസോസിയേഷനായിരുന്നു. രജനി ആശ്രയിക്കുന്നത് ‘മക്കൾ മൻട്രത്തെ’. 

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ സൂപ്പർ സ്റ്റാറുകളായിരുന്നു ഇരുവരും. രാഷ്ട്രീയത്തിലേക്കു വരുമ്പോൾ പക്ഷേ, ഇരുവരും എതിർ ദിശകളിലാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാനമെങ്ങും സഞ്ചരിച്ചതിന്റെയും ഡിഎംകെ ട്രഷററായി പ്രവർത്തിച്ചതിന്റെയും അനുഭവ സമ്പത്ത് അണ്ണാ ഡിഎംകെ തുടങ്ങുമ്പോൾ എംജിആറിനുണ്ടായിരുന്നു. പഞ്ച് ഡയലോഗുകളിൽ ഒതുങ്ങുന്നതാണു രജനിയുടെ രാഷ്ട്രീയ പരിചയം.

മക്കൾ മൻട്രത്തെ വച്ചൊരു കണക്ക് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് അനൂകൂലമായി ആരാധകർ നിരത്തുന്നുണ്ട്. സംസ്ഥാനത്തെ 68,000 ബൂത്തുകളിലും മക്കൾ മൻട്രത്തിനു സാന്നിധ്യമുണ്ടെന്ന് അവർ പറയുന്നു. താരത്തിന്റെ ‘കട്ട ആരാധകരായി’ ഒരു കോടിയിലേറെ പേരുണ്ട്. അഞ്ചു കോടിയോളം വോട്ടർമാരുള്ള തമിഴ്നാട്ടിൽ അതു മോശം സംഖ്യയല്ല. ഡിഎംകെയും അണ്ണാഡിഎംകെയും അധികാരത്തിൽ വരുമ്പോൾ നേടുന്നതു 2 കോടിയിൽ താഴെ വോട്ടുകളാണ്. ആരാധന വോട്ടാകുമോയെന്നുപക്ഷേ, കാത്തിരുന്നു കാണണം.

സ്കോപ്പുണ്ടോ, പുതിയ പാർട്ടിക്ക്?

തമിഴക രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുന്നവർക്ക് ആശങ്കയും പ്രതീക്ഷയും നൽകുന്ന കണക്കുകളുണ്ട്. 50 വർഷമായി തുടരുന്ന 2 ദ്രാവിഡ പാർട്ടികളുടെ സ്വാധീനത്തിനു വലിയ കോട്ടമൊന്നും തട്ടിയിട്ടില്ലെന്നതാണ് ആശങ്ക നൽകുന്ന കാര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 72% വോട്ടുകൾ അണ്ണാ ഡിഎംകെ, ഡിഎംകെ ചിഹ്നത്തിലാണു വീണത്. അപ്പോഴും ചെറുകക്ഷികളെയെല്ലാം ഒറ്റ കുടക്കീഴിൽ അണിനിരത്താൻ കഴിവുള്ളൊരു നേതാവിനു മൂന്നാം ശക്തിയായി ഉയരാനുള്ള ഇടം ബാക്കിയുണ്ട്.

2009, 14 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ദ്രാവിഡ പാർട്ടികൾ ഉൾപ്പെടാത്ത മുന്നണികൾ 20% വോട്ടുവരെ നേടിയിരുന്നു. വടക്കൻ തമിഴ്നാട്ടിൽ നല്ല സ്വാധീനമുള്ള പിഎംകെ, സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പേരിനെങ്കിലും സ്വാധീനമുള്ള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ജയപ്രതീക്ഷയുണ്ടെങ്കിൽ സഖ്യം മാറ്റിപ്പിടിക്കാൻ തയാറായി നിൽക്കുന്നു.

2006ൽ മികച്ച രീതിയിൽ തുടങ്ങി പിന്നീട് പിടിവിട്ടുപോയ, വിജയകാന്തിന്റെ ഡിഎംഡികെയിലും മുന്നൊരുക്കങ്ങളിലാതെ പാർട്ടി തുടങ്ങി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 ശതമാനത്തിൽ താഴെ വോട്ടിലേക്ക് ഒതുങ്ങിയ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിലും രജനീകാന്തിനു പാഠങ്ങളുണ്ട്. അദ്ദേഹം അതു ഉൾക്കൊള്ളുമോ എന്നതാണു കാത്തിരുന്നു കാണേണ്ടത്. രജനിയും കമലും തമ്മിൽ ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ഒന്നിക്കാവുന്ന മേഖലകളുണ്ടെന്ന് ഇരുവരും സമ്മതിക്കുന്നു. അതുണ്ടായാലും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കളി വേറെ ലെവലാകും.

പേടിയോ വിമർശനങ്ങളെ ?

‍സിനിമയിൽ ആരെയും കൂസാത്ത നായകനായ രജനി, രാഷ്ട്രീയത്തിൽ പക്ഷേ, വിമർശനങ്ങളെ ഭയക്കുന്നോ എന്ന ചോദ്യമുയരുന്നു. ദേശീയ വിഷയങ്ങളിൽ ബിജെപി നിലപാടിനോടു ചേർന്നു നിൽക്കുന്ന അഭിപ്രായം പറഞ്ഞപ്പോൾ ഡിഎംകെ മുഖപത്രം ‘മുരശൊലി’ രജനി ബിജെപി ഏജന്റെന്നു പറഞ്ഞു ലേഖനമെഴുതി. കരുണാനിധിയോടുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു വൈകാരികമായാണു താരം പ്രതികരിച്ചത്. എം.കെ. സ്റ്റാലിൻ ഇടപെട്ടു തിരുത്തൽ ലേഖനമെഴുതി. കൈ നനയാതെ മീൻ പിടിക്കാമെന്ന മോഹം കളയാതെ, രജനിക്കു നല്ല രാഷ്ട്രീയക്കാരനാകാൻ കഴിയില്ലെന്നു പലരും പറഞ്ഞു കഴിഞ്ഞു. എന്നാൽ, സസ്പെൻസ് ത്രില്ലറായ തമിഴക രാഷ്ട്രീയത്തിന്റെ ക്ലൈമാക്സ് എന്താകുമെന്ന് കണ്ടുതന്നെ അറിയണം.

English Summary: Why Rajnikanth is going steps back in politics?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com