ADVERTISEMENT

പ്രായമായാൽ എന്താണു കുഴപ്പം, പ്രായം വെറും അക്കം മാത്രമല്ലേ എന്ന പോസിറ്റീവ് ചോദ്യങ്ങളുടെ കാലമാണിത്. എങ്കിലും പ്രായമാകാതിരിക്കാൻ, ആയ പ്രായത്തെ തിരികെ യൗവനത്തിലേക്കു തിരിച്ചുവിടാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നു, ഒരു വലിയ വിഭാഗം. അവർക്കു കൂട്ടായി ഗവേഷണങ്ങളും പുരോഗമിക്കുന്നു. നിലവിൽ, പരീക്ഷണങ്ങൾ എല്ലാം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്; നമ്മെ വൃദ്ധരാക്കുന്ന ശരീര ഘടകങ്ങളെ കണ്ടെത്തി ‘യൗവന മറുമരുന്ന് ’ നൽകുകയെന്ന സ്വപ്നസമാന ലക്ഷ്യത്തിലേക്കു ദൂരമൊരുപാടുണ്ട്. എങ്കിലും, പ്രായമാകുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ ആധുനിക ശാസ്ത്രം ഒരു പരിധിവരെ വിജയിച്ചു എന്നതു ശുഭസൂചന തന്നെ.

വയസ്സല്ല, ആരോഗ്യജീവിതകാലം

പ്രായമാകുന്നത് അവയവങ്ങൾക്കു മാത്രമല്ല, കോശങ്ങൾക്കും ജീനുകളടങ്ങുന്ന ക്രോമസോം, പ്രോട്ടീൻ ഘടകങ്ങൾക്കും എല്ലാമാണ്. പ്രായമാകുമ്പോൾ ശാരീരികപ്രവർത്തനങ്ങൾക്കു സംഭവിക്കുന്ന വ്യതിയാനത്തിനുള്ള കൃത്യമായ കാരണം കണ്ടെത്തി പരിഹരിച്ചാൽ രോഗങ്ങളെ അകറ്റാം, കൂടുതൽ കാലം ജീവിക്കാം. വാർധക്യം എന്ന അവസ്ഥയ്ക്കു തന്നെയുള്ള കാരണം കണ്ടെത്തി പരിഹരിച്ചാലോ? ജീവിതകാലത്തിന്റെ ഏറിയ പങ്കും ആരോഗ്യത്തോടെ, ഉഷാറോടെ കഴിയാം. ജീവിത വർഷങ്ങളുടെ കണക്കാണല്ലോ വയസ്സ്, അഥവാ ലൈഫ് സ്പാൻ. എന്നാൽ, ആരോഗ്യത്തോടെയുള്ള ജീവിതകാലമാണ് ഹെൽത്ത് സ്പാൻ അഥവാ ആരോഗ്യപ്രായം. അതു കൂട്ടുകയാണ് ആന്റി ഏജിങ് ഗവേഷണങ്ങളുടെ ലക്ഷ്യം.

പ്രായമാകുന്നത് 4 തരത്തിൽ

ഓരോരുത്തരും പ്രായമാകുന്നത് പലതരത്തിലാണ്. 60 വയസ്സുള്ള ചിലരെ കണ്ടാൽ നാൽപതേ തോന്നൂ എന്നും തിരിച്ച് മുപ്പതുകാരെ കണ്ടാൽ നാൽപതെങ്കിലും പറയും എന്നും കേട്ടിട്ടില്ലേ. ശരിയായ വയസ്സും ജൈവികമായ വയസ്സും (ബയളോജിക്കൽ ഏജിങ്) വ്യത്യസ്തമാകുന്നതു കൊണ്ടാണിത്. 106 പേരെ 2–4 വർഷം നിരീക്ഷിച്ച് 18 ദശലക്ഷം വിവരങ്ങൾ ശേഖരിച്ച് സ്റ്റാൻഫഡ് സർവകലാശാല നടത്തുന്ന ഗവേഷണം കണ്ടെത്താൻ ശ്രമിക്കുന്നത് വിവിധ പാറ്റേണുകളിലുള്ള പ്രായമാകൽ രീതികളാണ്. 

ഈ ഗവേഷകർ നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക പഠന റിപ്പോർട്ട് അനുസരിച്ച് 4 രീതിയിലാണു പ്രായമാകുക. 1. മെറ്റബോളിക് (ഉപാപചയം), 2. ഇമ്യൂൺ (പ്രതിരോധ വ്യവസ്ഥ), 3. ഹെപാറ്റിക് (കരൾ സംബന്ധം), 4. നെഫ്രോറ്റിക് (വൃക്ക സംബന്ധം). ഓരോരുത്തരുടെയും ഏജിങ് സ്റ്റൈൽ കണ്ടെത്തിയാൽ വരാൻ പോകുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ടു പരിഹരിക്കാം. 

ടെലോമിയറും പ്രായവും

ശരീരകോശങ്ങളിലെ പ്രായഘടികാരമാണ് ടെലോമിയർ. ജീവജാലങ്ങളുടെ പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഡിഎൻഎകൾ ഇഴചേർന്നുള്ള ക്രോമസോമുകളെ അറിയാമല്ലോ. ഓരോ ക്രോമസോമിന്റെയും അറ്റത്താണു ടെലോമിയറുകളുടെ സ്ഥാനം. ഷൂ ലേസിന്റെ അറ്റത്തുള്ള പ്ലാസ്റ്റിക് ടിപ് കണ്ടിട്ടില്ലേ അതുപോലെ തന്നെ. ലേസ് അഴിയാതിരിക്കാൻ ഈ ടിപ്പുകൾ സഹായിക്കുന്നതുപോലെ, ക്രോമസോമുകളുടെ ചുരുൾ നിവർന്നു പോകാതിരിക്കാനാണു ടെലോമിയറുകൾ. 

പ്രായമാകുമ്പോൾ ടെലോമിയറുകൾ ചെറുതാകുന്നു. ഇതോടെ കോശമുറുക്കവും കുറയും. കോശവിഭജനം നിലച്ച് അവയുടെ അന്ത്യംതന്നെ സംഭവിക്കും. പ്രായമാകുമ്പോൾ മൂലകോശങ്ങൾ കുറയുന്നതിന്റെ പ്രധാന കാരണവും ടെലോമിയറുകൾ ചുരുങ്ങുന്നതാണെന്നാണു കരുതുന്നത്. മൂലകോശങ്ങൾ ഇല്ലാതാകുന്നതോടെ സെനസെന്റ് കോശങ്ങൾ കൂടുതലാകും. ഇവയാണ് വാർധക്യത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. സെനസെന്റ് കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള സെനോലിറ്റിക് കോംപൗണ്ടുകൾ കണ്ടെത്താനാണു ഗവേഷകരുടെ ശ്രമം. 

കാലറിയും ആയുസ്സും തമ്മിൽ

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കുറച്ചുകൊണ്ടുള്ള പരീക്ഷണമാണു വിസ്കോൻസിൻ–മാഡിസൻ യൂണിവേഴ്സിറ്റിയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്ങും ചേർന്നു നടത്തുന്നത്. മനുഷ്യരുടെ ശാരീരിക പാറ്റേണിനോട് അടുത്തു നിൽക്കുന്ന റീസസ് കുരങ്ങുകളിൽ സാധാരണയിലും 30% കാലറി കുറച്ചു നടത്തിയ പരീക്ഷണം ആയുസ്സു കൂട്ടാൻ സഹായിച്ചെന്നാണു റിപ്പോർട്ട്. 

പരീക്ഷണത്തിലുൾപ്പെട്ട പതിനാറുകാരൻ കുരങ്ങിന് (ഇവയ്ക്ക് 16 എന്നാൽ മധ്യവയസ്സിന്റെ അവസാനം) ഇപ്പോൾ പ്രായം 43. റീസസ് കുരങ്ങുകളിലെ റെക്കോർഡ് ആയുസ്സാണിത്. ഒരു മനുഷ്യൻ 130 വയസ്സുവരെ ജീവിക്കുന്നതിനു തുല്യം. പക്ഷേ, സ്ഥിരമായി 25– 50 % കാലറി കുറയ്ക്കുന്നത് ഏറെ അപ്രായോഗികം. അങ്ങനെ വിഷമിച്ച് ആയുസ്സു കൂട്ടണോ എന്നാണു ചോദ്യം. 

ആന്റി  – ഏജിങ് മരുന്നുകൾ?

സിർടുയിൻ പ്രോട്ടീനുകൾ ഉപയോഗിച്ചുള്ള ആന്റി ഏജിങ് മരുന്നുകൾ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ഈ ദിശയിലുള്ള ഗവേഷണങ്ങളെല്ലാം പിച്ചവയ്ക്കുന്നതേയുള്ളൂ. നിലവിൽ പ്രായത്തെ പിടിച്ചു കെട്ടാനുള്ള മരുന്നുകൾ ഒന്നുമില്ല. ആ ലക്ഷ്യത്തിലേക്ക് ഇനിയും കാതങ്ങളേറെയുണ്ട്.

(യുഎസിലെ ഹാർവഡ് സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറും ബോസ്റ്റണിലെ ബെത് ഇസ്രയേൽ ഡീക്കനസ് മെഡിക്കൽ സെന്ററിലെ സെറിബ്രോ വാസ്കുലാർ ന്യൂറോസർജറി വിഭാഗം മേധാവിയുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com