sections
MORE

റിസോർട്ടിൽ തട്ടി കോൺഗ്രസ്

pinarayi-ramesh-cartoon
SHARE

കോൺഗ്രസിൽ ഇപ്പോൾ വസന്തകാലമാണ്. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസ് പൊതുജനങ്ങൾക്കു തുറന്നുകൊടുത്ത അന്നു മുതലാണു കോൺഗ്രസിലും വസന്തഋതു ആരംഭിച്ചത്. 

മുഗൾ ഗാർഡൻസിൽ ട്യൂലിപ് പുഷ്പങ്ങൾ വിരിഞ്ഞ അതേ ദിവസം തന്നെ കോൺഗ്രസ് ഗാർഡൻസിലും ട്യൂലിപ് പൂക്കൾ വിരിഞ്ഞിരുന്നു. പിന്നെ പേരും നാളുമൊന്നും അറിയാത്ത ഒരുപാടു പുഷ്പങ്ങൾ. കോവിഡ് ബാധ മൂലം മുഗൾ ഗാർഡൻസ് അടച്ചിരിക്കുകയാണ്. സിന്ധ്യ ബാധ മൂലം കോൺഗ്രസ് ഗാർഡൻസിലെ പൂക്കൾ മിക്കവാറും വാടുകയും കൊഴിയുകയും ചെയ്തുവെന്നാണു കേൾവി. 

ജ്യോതിരാദിത്യ സിന്ധ്യയ്ക്കു സ്വന്തം ജനിതകം തിരിച്ചറിയാൻ കഴിഞ്ഞത് അൽപം വൈകിയാണ്. അച്ഛന്റെ അമ്മയും അച്ഛനും അമ്മായിമാരുമെല്ലാം സംഘപരിവാറിന്റെ വിശാല കുടക്കീഴിലായിരുന്നു. അച്ഛൻ ഒടുവിൽ അതിന്റെ തണൽ വിട്ടു കോൺഗ്രസിന്റെ മേച്ചിൽപുറത്തേക്കു കൂടുമാറി. ആ മേച്ചിൽ പുറത്തെ പുല്ലു തിന്നാണു ജ്യോതിരാദിത്യ സിന്ധ്യ വളർന്നത്. അതെല്ലാം ആരോർക്കാൻ? ജനിതക രഹസ്യം ചുരുളഴിഞ്ഞാൽ പിന്നെ അത്തരം ഓർമകൾക്കൊന്നും പ്രസക്തിയില്ല.

മധ്യപ്രദേശിൽ നിന്നു രാജ്യസഭയിലേക്കു മൽസരിക്കുമ്പോൾ ഗ്വാളിയറിലെയും ഗുണയിലെയും ഒരുപാടു സ്മരണകൾ ജ്യോതിരാദിത്യയുടെ മനസ്സിൽ അലയടിക്കുന്നുണ്ടാകും. അച്ഛന്റെ, അച്ഛന്റെ അമ്മയുടെ.... 

ഇന്നോ നാളെയോ കമൽനാഥ് മധ്യപ്രദേശ് നിയമസഭയിൽ വിശ്വാസവോട്ട് തേടുമ്പോൾ റിസോർട് രാഷ്ട്രീയത്തിന്റെ പ്രസക്തി ഒന്നുകൂടി വർധിക്കുകയാണ്. ഗുരുഗ്രാമിലും ജയ്പൂരിലും കർണാടകയിലും തമിഴ്നാട്ടിലുമുള്ള റിസോർട്ടുകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നത്. ഈ റിസോർട്ടുകളെല്ലാം കനത്ത മുറിവാടകയാണ് ഈടാക്കുന്നത്

ബിജെപിക്ക് ഇപ്പോൾ അതെല്ലാം താങ്ങാനുള്ള പാങ്ങുണ്ട്. കോൺഗ്രസ് പണ്ട് ആനയായിരുന്നുവെന്നതു സത്യം. എന്നാൽ ഇപ്പോൾ ആടിന്റെ മിനിയേച്ചറാണ്. അതിനാൽ പരമാവധി സംസ്ഥാനങ്ങളിൽ വല്ല ഹോം സ്റ്റേകളോ മറ്റോ തുടങ്ങുന്നതാണു നല്ലത്. രാഷ്ട്രീയ പ്രതിസന്ധികൾ വരുമ്പോൾ എംഎൽഎമാരെ പാർപ്പിക്കാം. അല്ലാത്ത സമയത്തു പാർട്ടി ഖജാനയിലേക്കു വല്ല ചില്ലറയും തടയും.

ഈ തീരുമാനം വൈകിക്കരുത്. കൊമ്പൻ പോയ വഴിയേ പോകാൻ കാത്തുനിൽക്കുന്ന ചില മോഴകളുമുണ്ട്. അതു രാജസ്ഥാനിലാകാം, ഛത്തിസ്ഗഢിലാകാം, മഹാരാഷ്ട്രയിലാകാം. 

 അമ്മ വയ്ക്കും, ഞാൻ ഉണ്ണും

സഖാവേ, ഇതു കൊറോണക്കാലമാണെന്നു മറക്കരുത്. ക്രയമില്ല, വിക്രയമില്ല. പിന്നെ നാട്ടിലെ തൊഴിലാളികൾ എങ്ങനെ ജീവിക്കും. ഇക്കാര്യത്തിൽ സിഐടിയു, ഐഎൻടിയുസി വ്യത്യാസമൊന്നുമില്ല. കൊല്ലം തോട്ടിൽ നാട്ടാൻ കൊണ്ടുവന്ന സിമന്റ് തൂണുകൾ ഇറക്കാൻ ഓരോ ലക്ഷം രൂപ വീതം നോക്കുകൂലി ചോദിച്ചുവെന്ന വാർത്ത പ്രചരിപ്പിക്കുന്നവർ സാമൂഹിക യാഥാർഥ്യങ്ങൾ കൂടി ഓർക്കണം. 

പണ്ടെല്ലാം ചുമട്ടു തൊഴിലാളിയുടെ ബാഡ്ജ് വച്ച നീലയോ ചുവപ്പോ ഷർട്ടും ഒരു തലേക്കെട്ടുമുണ്ടായിരുന്നെങ്കിൽ ജീവിതം സ്വസ്ഥമായി മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. രാവിലെ രാഹുകാലത്തിനു മുൻപ് ഇറങ്ങണം. പരിസര നിരീക്ഷണം കൃത്യമായി നടത്തണം. ആരെങ്കിലും ചോദിച്ചാൽ പക്ഷി നിരീക്ഷണമാണെന്നോ ചിത്രശലഭ നിരീക്ഷണമാണെന്നോ പറഞ്ഞാൽ മതി. 

എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും ഇറക്കുകയോ കയറ്റുകയോ ചെയ്യുന്നുണ്ടെങ്കിൽ അവിടേക്കു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി നാലഞ്ചു തവണ അട്ടഹസിക്കണം. അന്നത്തെ ദിവസം കുശാൽ.

അതൊക്കെ ഇങ്ങിനി വരാത്ത സുവർണകാലം. ഇപ്പോൾ ആണ്ടിനും സംക്രാന്തിക്കുമാണ് ഇതുപോലെ വല്ല ഇരുമ്പുതൂണും വരുന്നത്. രാപകൽ വ്യത്യാസമില്ലാതെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നാലേ ഇതെല്ലാം കണ്ടെത്താൻ കഴിയൂ. അതിനുള്ള എണ്ണ വാങ്ങാൻ പോലും കാശില്ലാത്ത ചുമട്ടു തൊഴിലാളികളുടെ കാര്യം ആരും പരിഗണിക്കുന്നില്ല. കൊല്ലത്ത് ഇത്തരത്തിൽ കണ്ണിലെണ്ണയൊഴിച്ചു ശുഷ്കാന്തി പുലർത്തിയതു കൊണ്ടാണ് ഇരുമ്പുതൂണുകളുടെ വരവ് ദൃഷ്ടിയിൽ പെട്ടത്. എത്രയോ കാലം ഇങ്ങനെയൊരു കാഴ്ച കണ്ണിൽ പെടാൻ കാത്തിരിക്കുകയായിരുന്നു. അതിന് ഓരോ ലക്ഷം രൂപ വീതം നോക്കുകൂലിയോ കാണാക്കൂലിയോ ചോദിച്ചാൽ എന്താണു കുറ്റം?

പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാൻ ഉണ്ണും എന്നതാണു ചുമട്ടു തൊഴിലാളികളുടെ ആപ്തവാക്യം. ഇതുമാറ്റാൻ പിണറായി സഖാവോ ടി.പി.രാമകൃഷ്ണൻ സഖാവോ 100 വട്ടം ജനിച്ചാലും സാധിക്കുമോ എന്നു സംശയമാണ്. കൊല്ലത്തെ കരാറുകാരനു 2 ലക്ഷം രൂപ കൊടുത്തു പ്രശ്നം സെറ്റിൽ ചെയ്യുന്നതാണു ബുദ്ധി. സംഭവം വാർത്തയായതോടെ എഐടിയുസി, എച്ച്എംഎസ്‍, ബിഎംഎസ്, എസ്ടിയു, യുടിയുസി, യുടിയുസി (ലെനിൻ സരണി) തുടങ്ങിയ സംഘടനകളും ഓരോ ലക്ഷം രൂപ വീതം ആവശ്യപ്പെടാനുള്ള തയാറെടുപ്പിലാണ്. സൂചി കൊണ്ടെടുക്കേണ്ടതു സൂചി കൊണ്ടെടുക്കാതിരുന്നാൽ തൂമ്പ കൊണ്ടു പോലും എടുക്കാൻ പറ്റാതെ വരും. പിന്നെ ജെസിബി തുടങ്ങിയ അധികബാധ്യതകൾ വരും.

മീഡിയ മാനിയ:  ഫലം പോസിറ്റീവ്

മന്ത്രി ശൈലജ ടീച്ചർക്കു മീഡിയ മാനിയയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതു വെറുതെയല്ല. ടീച്ചറിൽനിന്നു ശേഖരിച്ച സാംപിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു രമേശ് രോഗനിർണയം നടത്തിയത്. 

അദ്ദേഹം അങ്ങനെയാണ്. എന്തു ചെയ്താലും ശാസ്ത്രീയമായേ ചെയ്യൂ. ടീച്ചർക്കു മീഡിയ മാനിയയാണെന്നു കണ്ടെത്തിയിട്ടും അവരെ ഐസലേഷൻ റൂമിൽ പ്രവേശിപ്പിച്ചു ക്വാറന്റീൻ ചെയ്യണമെന്നൊന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടില്ലല്ലോ. അതുതന്നെ വലിയ ഔദാര്യം. പ്രതിപക്ഷ നേതാവിനു തൊട്ടുതീണ്ടിയിട്ടില്ലാത്ത അസുഖമാണു മീഡിയ മാനിയ. അദ്ദേഹത്തിൽ നിന്നു ശേഖരിച്ച സാംപിളുകൾ മുഖ്യമന്ത്രിയും ശൈലജ ടീച്ചറും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലും പലവട്ടം പരിശോധിപ്പിച്ചിരുന്നു. തീർത്തും നെഗറ്റീവ് ആയിരുന്നു ഫലം. ഇതെല്ലാം  ഔദ്യോഗിക രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

പ്രതിപക്ഷ നേതാവിനു മീഡിയ മാനിയ എന്ന അസുഖമില്ലെന്നു തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് ആവശ്യമായ കൗൺസലിങ് നൽകണം. അദ്ദേഹം മീഡിയ റൂമിൽ നാഴികയ്ക്കു 40 വട്ടം പത്രസമ്മേളനം നടത്തുന്നുണ്ടെങ്കിൽ ഈ കൗൺസലിങ്ങിന്റെ കുറവാണ്. 

ചെന്നിത്തല സാർ വിളിക്കുന്ന പല വാർത്താ സമ്മേളനങ്ങളും അദ്ദേഹത്തിന്റെ അറിവോടെയല്ല. അദ്ദേഹത്തിന്റെ പഴ്സനെൽ സ്റ്റാഫിനാണു മീഡിയ മാനിയയുടെ വൈറസ് ബാധിച്ചിരിക്കുന്നത്. 

കന്റോൺമെന്റ് ഹൗസിലെ ഓഫിസിൽ പോയാൽ കാര്യങ്ങൾ വ്യക്തമാകും. എല്ലാവരും മീഡിയ മാനിയയെ ചെറുക്കാനുള്ള സാനിറ്റൈസറും ഹാൻഡ് വാഷും കൈവശം സൂക്ഷിച്ചിട്ടുണ്ട്. 

ഇതെല്ലാമുണ്ടെങ്കിലും ബ്രാഹ്മമുഹൂർത്തത്തിൽ 2 ട്വീറ്റ്, നട്ടുച്ചയ്ക്കു പത്രസമ്മേളനം, സായംസന്ധ്യയിൽ ഒരു ഫെയ്സ്ബുക് പോസ്റ്റ്, കൊലപ്പാതിര നേരത്ത് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം എന്ന ദിനചര്യയ്ക്കു പ്രതിപക്ഷ നേതാവ് ഒരിക്കലും മുടക്കം വരുത്താറില്ല. എന്നുവച്ചു ശൈലജ ടീച്ചറെപ്പോലെ മീഡിയ മാനിയ എന്ന രോഗം അദ്ദേഹത്തിന്റെ തീണ്ടാപ്പാടു ദൂരത്താണു നിൽക്കുന്നത്. 

മീഡിയഹരാദി അരിഷ്‍ടം, മാനിയ നിഷ്ക്രമാദി ചൂർണം, പബ്ലിസിറ്റി ഏലാദി വെളിച്ചെണ്ണ തുടങ്ങിയ ആയുർവേദ ഔഷധങ്ങളാണു കുഞ്ഞു രമേശ് ഉപയോഗിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പേരു പുറത്തുവിടാത്ത ഒരു ആസവവും വടകവുമുണ്ട്. വടകത്തിന്റെ പേർ മാനസമിത്ര വടകമാണെന്നു പറഞ്ഞു കേൾക്കുന്നു. ആസവം അസൂയ നിർമാർജനാദിയെന്നും കേട്ടു. രണ്ടിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

സ്റ്റോപ് പ്രസ്: വെടിയുണ്ട വിവാദത്തിൽ സിഎജിക്കു ഹൈക്കോടതിയുടെ വിമർശനം.

വാ വിട്ട വാക്കോ തോക്കു വിട്ട ഉണ്ടയോ തിരിച്ചെടുക്കാനാവില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA