sections
MORE

'ജ്യോതിരാദിത്യ സിന്ധ്യയുടെ വാദം തെറ്റ് ; അനീതി കാട്ടിയില്ല'

Digvijay Singh
SHARE

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് പദവികൾ നൽകാൻ കോൺഗ്രസ് ഒരുക്കമായിരുന്നുവെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സിന്ധ്യയെ കളത്തിലിറക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു. ദിഗ്‌വിജയ് സിങ് ‘മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്.

∙ സിന്ധ്യ ബിജെപിയിൽ എത്തിയിരിക്കുന്നു. കരുത്തുറ്റ നേതാവിനെ കോൺഗ്രസിനു നഷ്ടമായില്ലേ?

ശരിയാണ്. കരുത്തുറ്റ നേതാവിനെ തന്നെയാണു ഞങ്ങൾക്കു നഷ്ടമായിരിക്കുന്നത്. കോൺഗ്രസ് വിട്ട സിന്ധ്യ ബിജെപിയിൽ ചേർന്നതു നിർഭാഗ്യകരമാണ്. ഒരു മാസം മുൻപ് വരെ അദ്ദേഹം നിരന്തരം വിമർശിച്ചിരുന്ന പാർട്ടിയാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങൾ യൂട്യൂബിലടക്കം ജനങ്ങൾക്കു കാണാം. 

∙ പദവികൾ നൽകാതെ താങ്കളും മുഖ്യമന്ത്രി കമൽനാഥും അദ്ദേഹത്തെ രാഷ്ട്രീയമായി ഒതുക്കിയെന്ന ആക്ഷേപമുണ്ട്.

ഒരിക്കലുമില്ല. അദ്ദേഹത്തിനു രാജ്യസഭാ സീറ്റ് നൽകാൻ കോൺഗ്രസ് ഒരുക്കമായിരുന്നു. സംസ്ഥാന പിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രി പദവികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം അവയെല്ലാം നിരസിച്ചു. പാർട്ടി തന്നോട് അനീതി കാട്ടിയെന്ന സിന്ധ്യയുടെ വാദം തെറ്റാണ്. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു സിന്ധ്യ. തന്റെ വീട്ടിൽ ഏതു സമയത്തും വന്നുകയറാൻ കഴിയുന്ന ഏക കോൺഗ്രസ് നേതാവെന്നാണു സിന്ധ്യയെക്കുറിച്ചു രാഹുൽ പറഞ്ഞത്. 

യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ ചർച്ചകൾക്കായി പ്രിയങ്ക ഗാന്ധി സിന്ധ്യയെ അങ്ങോട്ടു ചെന്നാണു കണ്ടിരുന്നത്. തന്നെ  പാർട്ടി കൈവിട്ടുവെന്ന സിന്ധ്യയുടെ വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ കൂടി കഷ്ടപ്പാടിന്റെ ഫലമായി രൂപീകരിച്ച സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇപ്പോൾ നീക്കം നടത്തുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല.

∙ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച സിന്ധ്യയുടെ ശുപാർശകൾ പോലും കമൽനാഥ് തള്ളിയില്ലേ?

അദ്ദേഹത്തിന്റെ മിക്ക ശുപാർശകളും കമൽനാഥ് അംഗീകരിച്ചിരുന്നു. നൽകുന്ന എല്ലാ ശുപാർശകളും മുഖ്യമന്ത്രി അംഗീകരിക്കണമെന്ന് ആരും കരുതരുത്. 

∙ സിന്ധ്യ ബിജെപിയിൽ പോയേക്കുമെന്ന സൂചനകൾ പുറത്തുവന്നപ്പോൾ, അദ്ദേഹത്തെ അനുനയിപ്പിക്കാൻ താങ്കളും കമൽനാഥും എന്തൊക്കെയാണു ചെയ്തത്?

അദ്ദേഹവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഏതാനും എംഎൽഎമാരെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു കടത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള ആദ്യ നീക്കം നടന്ന കഴിഞ്ഞ മൂന്നിന് ഞാൻ സിന്ധ്യയുമായി സംസാരിച്ചിരുന്നു. നേരിൽ കാണാൻ ആഗ്രഹമറിയിച്ചപ്പോൾ പിന്നീട് ബന്ധപ്പെടാമെന്ന് അദ്ദേഹം മറുപടി നൽകി. അതിനു ശേഷം ഞാൻ അദ്ദേഹത്തെ തുടർച്ചയായി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. അദ്ദേഹത്തിനു പനിയാണെന്ന് പിന്നീട് അറിഞ്ഞു. പിന്നാലെ സ്വന്തം എംഎൽഎമാരെ ബിജെപിയുടെ സഹായത്തോടെ സിന്ധ്യ ബെംഗളൂരുവിലേക്കു കടത്തി. 

∙ ആദ്യ തവണ എംഎൽഎമാരെ ഹരിയാനയിലേക്കു കടത്തിയതിനു പിന്നിൽ ബിജെപിയാണെന്നാണു താങ്കൾ മുൻപ് ആരോപിച്ചിരുന്നത്. അതിലും സിന്ധ്യയ്ക്കു പങ്കുണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

നരോത്തം മിശ്രയുടെ (ബിജെപി ചീഫ് വിപ്പ്) നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് ഭരണമുന്നണിയിലെ ഏതാനും എംഎൽഎമാരെ ഹരിയാനയിൽ തടവിൽ പാർപ്പിച്ചത്. പക്ഷേ, അതിൽ ചിലരെ ഞങ്ങൾക്കു മോചിപ്പിക്കാൻ സാധിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ അന്നത്തെ സംഭവത്തിൽ സിന്ധ്യയ്ക്കും പങ്കുണ്ടെന്നു തോന്നുന്നു. സിന്ധ്യയുടെ സഹായമില്ലാതെ സർക്കാരിനെ അട്ടിമറിക്കാനാണു സംസ്ഥാന ബിജെപി നേതൃത്വം ആദ്യം ശ്രമിച്ചിരുന്നതെന്നാണ് എനിക്കുള്ള വിവരം. അതു നടക്കാതെ വന്നപ്പോൾ അട്ടിമറി നീക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിറങ്ങി. അദ്ദേഹം സിന്ധ്യയെ കളത്തിലിറക്കി. 

∙ സിന്ധ്യയെ കോൺഗ്രസുകാർ ആക്രമിച്ചുവെന്നു മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചിട്ടുണ്ട്.

അതു ഞാൻ വിശ്വസിക്കുന്നില്ല. അത്തരം ആക്രമണങ്ങൾ സ്വന്തം നിലയിൽ സംഘടിപ്പിക്കുന്നവരാണു ബിജെപിക്കാർ. 

∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റ് നേടാൻ കോൺഗ്രസിനു സാധിക്കുമോ?

122 എംഎൽഎമാരുള്ള ഞങ്ങൾ 2 സീറ്റ് വിജയിക്കും. 

∙ പക്ഷേ, അത്രയും പേരുടെ പിന്തുണ നിലവിൽ നിങ്ങൾക്കില്ല.

വരട്ടെ, നമുക്ക് കാണാം.

∙താങ്കളെ പോലുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പുതുതലമുറ നേതാക്കളുടെ വളർച്ച തടയാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപമുണ്ട്.

അത്തരം വാദം അടിസ്ഥാനരഹിതമാണ്. നിലവിലെ മധ്യപ്രദേശ് മന്ത്രിസഭ നോക്കുക. 60–65 % പേർ യുവാക്കളാണ്. മന്ത്രിമാരുടെ കൂട്ടത്തിലും യുവനിരയുണ്ട്. 

∙ നിയമസഭയിൽ വിശ്വാസവോട്ട് നേടാൻ ഒരുക്കമാണെന്നു കമൽനാഥ് ഗവർണറെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഭൂരിപക്ഷത്തിനുള്ള അംഗബലം കോൺഗ്രസിന് ഇല്ലല്ലോ?

ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്. വിശ്വാസവോട്ട് നടക്കട്ടെ. ബെംഗളൂരുവിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ മോചിപ്പിക്കാൻ ബിജെപി തയാറാവണം. അവർ സ്പീക്കർക്കു മുന്നിൽ ഹാജരാവട്ടെ. രാജിക്കാര്യത്തിൽ ഓരോ എംഎൽഎമാരോടും നേരിട്ടു സംസാരിച്ചു സ്പീക്കർ തീരുമാനമെടുക്കട്ടെ. രാജി തീരുമാനം സ്വന്തം ഇഷ്ടപ്രകാരമുള്ളതാണോ മറ്റുള്ളവർ ആരെങ്കിലും സമ്മർദം ചെലുത്തിയിട്ടാണോ എന്നു സ്പീക്കർ പരിശോധിക്കണമെന്നു സുപ്രീം കോടതി വിധിയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA