sections
MORE

സാനിറ്റൈസറുകൾ തന്നെ വേണമെന്നില്ല; ഹാൻഡ്‌വാഷ് ഫലപ്രദം

covid-guidlines
SHARE

വായനക്കാരുടെ സംശയങ്ങളും ആരോഗ്യവകുപ്പിന്റെ മറുപടിയും 

ഇതരസംസ്ഥാനങ്ങളിൽ നിന്നു ബസിലും ട്രെയിനിലും വരുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം? 

രോഗസാധ്യതയുള്ള മേഖലയിൽ നിന്നു വന്നവരുമായി യാത്രയിൽ ഇടപഴകിയിട്ടുണ്ടെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണു യാത്ര ചെയ്യുന്നതെങ്കിൽ അവർ രോഗികളുമായി ഇടപഴകിയിട്ടുള്ളതിനാൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. 

എല്ലാ യാത്രക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. ട്രെയിനിലും ബസുകളിലും നടത്തുന്ന പരിശോധനയുമായി സഹകരിക്കുക. രോഗലക്ഷണങ്ങളുള്ളവരും സാധ്യതയുള്ളവരും പരമാവധി പൊതുഗതാഗതസംവിധാനങ്ങൾ ഒഴിവാക്കണം.

ബസ് കണ്ടക്ടർമാർ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? 

വളരെയേറെ ജാഗ്രത പാലിക്കണം. യാത്രക്കാരുമായി സുരക്ഷിതമായ അകലം പാലിക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ കൈ കഴുകുക.  

മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ മറ്റൊരാൾ ഉപയോഗിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ടോ? 

സാധ്യതയുണ്ട്. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് ഇവ വൃത്തിയാക്കണം. 

അവയവം സ്വീകരിച്ചിട്ടുള്ളവർ (ഇമ്യൂണോസപ്രസീവ് കഴിക്കുന്നവർ) ഈ സാഹചര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? 

ഇത്തരം രോഗികൾ ഷുഗർ ലെവൽ പതിവായി പരിശോധിക്കണം. പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി അധികം ഇടപെടാതിരിക്കുക. കഴിയുന്നതും വീട്ടിൽ ക്വാറന്റീൻ അവസ്ഥയിൽ കഴിയുകയാണു നല്ലത്. 

ഇൻക്യുബേഷൻ പീരിയഡിൽ രോഗം പകരുമോ? 

ഇൻക്യുബേഷൻ പീരിയഡിൽ രോഗം പകരാനുള്ള സാധ്യതയുണ്ട്. 

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക എന്നാൽ എന്താണ് അർഥം?

പൊതുസ്ഥലങ്ങളിൽ പരസ്പരം അടുത്തിടപഴകാതെ 1 മീറ്ററെങ്കിലും അകലം പാലിക്കുക. സ്പർശനം കഴിയാവുന്നത്ര ഒഴിവാക്കുക. ഇതിലൂടെ രോഗം പകരുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. 

ഹാൻഡ്‌വാഷ് ഉപയോഗിച്ചു കഴുകിയാൽ വൈറസ് പൂർണമായി നശിക്കുമോ, അതോ സാനിറ്റൈസറുകൾ തന്നെ വേണോ?

ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകുന്നതു ഫലപ്രദമാണ്. സാനിറ്റൈസറുകൾ തന്നെ വേണമെന്നില്ല. 

എടിഎമ്മുകൾ ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? 

എടിഎമ്മുകൾ വഴി രോഗം പകരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, എടിഎമ്മുകളിൽ പോകുന്നതു കഴിയുന്നത്ര കുറയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA