sections
MORE

സാധാരണക്കാർക്ക് ഇന്ധനാഘാതം

SHARE

ക്രൂ ഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞിട്ടും പെട്രോളിനും ഡീസലിനും നികുതി കൂട്ടിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അല്ലെങ്കിൽത്തന്നെ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണ് ഇതെന്നതിൽ സംശയമില്ല.   

ഇപ്പോഴത്തെ നികുതിവർധനയിലൂടെ വർഷം 39,000 കോടി രൂപയുടെ അധികവരുമാനം  ലക്ഷ്യമിടുന്ന സർക്കാർ രാജ്യത്തെ സാധാരണക്കാരുടെ ആധി കാണാതെപോയതെന്തുകൊണ്ടാണ്? നികുതി ഉയർന്നുനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വിലയിടിവിന് ആനുപാതികമായി പെട്രോൾ, ഡീസൽ വിലകൾ കാര്യമായി ഇനി കുറച്ചാലും വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്തുമോ എന്നതിൽ സംശയമുണ്ട്. ഇന്ധനത്തിന്റെ വിലക്കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ സർവ വസ്‌തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലം. പക്ഷേ, ഭരണാധികാരികൾ മാത്രം അത് അറിയുന്നില്ലെന്നോ അറിഞ്ഞില്ലെന്നു നടിക്കുന്നുവെന്നോ കരുതണം. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള അവസരമാണ് സർക്കാർ നഷ്ടമാക്കിയതെന്ന ആരോപണം തീർച്ചയായും ഗൗരവമുള്ളതാണ്. 

ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ കുറവു വരുത്തുന്നതു സംബന്ധിച്ച തർക്കം സൗദി അറേബ്യയും റഷ്യയും തമ്മിലാണെങ്കിലും അതിന്റെ ഫലമായ വിലത്തകർച്ചയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. ക്രൂഡിന്റെ വില ഇപ്പോഴത്തെ നിലവാരത്തിൽ തുടർന്നാൽ ആനുപാതികമായി ഡീസൽ, പെട്രോൾ വിലകളിൽ ലീറ്ററിനു 10 – 12 രൂപ വരെ കുറവുവന്നേക്കുമെന്നു വിലയിരുത്തിയവരുണ്ട്. എന്നാൽ, വില കുറഞ്ഞപ്പോൾ ഇതുതന്നെ തക്കമെന്നു കരുതി പ്രത്യേക എക്സൈസ് തീരുവ 2 രൂപയും റോഡ് സെസ് 1 രൂപയും വർധിപ്പിക്കാനുള്ള തീരുമാനം വഴി, നേട്ടത്തിന്റെ നല്ല പങ്കും ജനങ്ങളുടെ കൈകളിലേക്കായിരിക്കില്ല, സർക്കാർ ഖജനാവിലേക്കായിരിക്കും എത്തുക.

ഇന്ധനവില ദിനംപ്രതി നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയ 2017 ജൂൺ മുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. അര നൂറ്റാണ്ടോളമായി 70% വരെ പെട്രോളും ഡീസലും ഇറക്കുമതി ചെയ്താണ് ഇന്ത്യ ഉപയോഗിക്കുന്നത്. രാജ്യാന്തര വിലയനുസരിച്ച് ഇവിടെ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരിക്കാനാണ് സർക്കാർ നേരത്തേ ഓയിൽ പൂൾ അക്കൗണ്ട് കൊണ്ടുവന്നത്. വില അധികമായാൽ ഫണ്ടിൽനിന്നു പണമിറക്കി സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയും വില കുറഞ്ഞാൽ അധിക വരുമാനം ഫണ്ടിലേക്കു നിക്ഷേപിക്കുകയും ചെയ്യുന്ന ആ സംവിധാനം സർക്കാർ ഒഴിവാക്കുന്നത് 2002ലാണ്.  ഘട്ടംഘട്ടമായി വില നിയന്ത്രണം വിപണിക്കു വിട്ടുകൊടുത്ത ആ തീരുമാനത്തിനു പിന്നാലെ സർക്കാർ നൽകിയ വാക്ക് ഇതാണ്: ‘എപ്പോൾ രാജ്യാന്തര വിപണിയിൽ എണ്ണയ്ക്കു വില കുറയുന്നോ അപ്പോൾ ഇവിടെയും കുറയും’. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നതു ചരിത്രം. ഇപ്പോഴും അതുതന്നെ ആവർത്തിക്കുകയും ചെയ്യുന്നു.

അസംസ്കൃത എണ്ണയുടെ വിലവർധനയുടെ ഭാരം സർക്കാരും  കമ്പനികളും ഏറ്റെടുക്കില്ലെങ്കിലും വില ഇടിയുമ്പോൾ അതിന്റെ നേട്ടം സ്വന്തമാക്കാൻ ഇവർ മത്സരിക്കുന്ന വൈചിത്ര്യമാണ് ഇപ്പോൾ നാം കണ്ടുപോരുന്നത്. ആഭ്യന്തര ഉൽപാദനച്ചെലവുമായോ രാജ്യാന്തര വിലയുമായോ ബന്ധമില്ലാത്ത രീതിയിലാണ് ഇന്നു വില തീരുമാനിക്കുന്നത്. അങ്ങനെ നിശ്ചയിക്കുന്ന വിലയിലെ നാമമാത്രമായ കുറവിന്റെ ആനുകൂല്യം പോലും നികുതി വഴി സർക്കാർ കവർന്നെടുക്കുകയും ചെയ്യുന്നു. ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുകയും  ഈ രോഗകാലം  ജീവിതത്തെ വല്ലാതെ ഞെരുക്കുകയും ചെയ്യുമ്പോൾ സർക്കാർ ഇന്ധനവില കുറയ്ക്കണമായിരുന്നുവെന്ന  അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്. 

ഈ വർഷം ആദ്യം ഉണ്ടായിരുന്ന വിലയുടെ പകുതി മാത്രമാണ് ഇപ്പോൾ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില. കോവിഡ് 19 രോഗബാധയുടെ  പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില കുറഞ്ഞിരുന്നു. എന്നാൽ, ആനുപാതിക വിലക്കുറവ് ഇന്ത്യയിൽ ലഭിക്കുന്നില്ല എന്നതു ജനങ്ങളെ സംബന്ധിച്ചിടത്തോളം  നിർഭാഗ്യകരമാണ്. വില നിയന്ത്രിക്കാനും സാധാരണക്കാർക്കൊപ്പം നിൽക്കാനുമുള്ള  ഉത്തരവാദിത്തം സർക്കാർ  വിസ്മരിച്ചുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA