ADVERTISEMENT

മലയാളിയുടെ ബുദ്ധിക്കു രണ്ടു ശാഖകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്:

ഒന്ന്, അർപ്പണ ബുദ്ധി.  രണ്ട്, സമർപ്പണ ബുദ്ധി.

കരുട്ടുബുദ്ധിപോലെ വേറെയും ബുദ്ധികളുണ്ടാവാമെങ്കിലും അവയ്ക്കൊന്നും ഇത്രത്തോളം ജനസമ്മതിയുണ്ടെന്നു തോന്നുന്നില്ല. 

വയ്ക്കൽ, കൊടുക്കൽ എന്നിങ്ങനെ നിത്യജീവിത സാധാരണമായ ഒന്നാണ് അർപ്പണമെങ്കിലും അർപ്പണബുദ്ധിയാവുമ്പോൾ മുഴുത്ത എന്തൊക്കെയോ അതിലുണ്ടെന്നു നാം കരുതുന്നു. സമർപ്പണം കുറെക്കൂടി വിനീതമാണെന്നു വേണമെങ്കിൽ പറയാം. അതു ദാനമാണ്; കാഴ്ചവയ്ക്കലാണ്. 

ഇതറിഞ്ഞിട്ടായാലും അറിയാഞ്ഞിട്ടായാലും, രാജ്യത്തിനു സമർപ്പിക്കാനും നാടിനു സമർപ്പിക്കാനും നാം എന്നും മുൻപന്തിയിലാണ്.

ഇക്കഴിഞ്ഞ വനിതാദിനത്തിന്റെയന്ന് അപ്പുക്കുട്ടന്റെ സ്വന്തം നാട്ടിൽ സമർപ്പിച്ചത് സ്ത്രീകൾക്കുള്ള ശുചിമുറികളാണ്. 

ബസ് സ്റ്റാൻഡിലാണ് സംഗതി സ്ഥാപിച്ചത്. ശുചിമുറി നമുക്കു വേണമെങ്കിൽ വെറുതേ തുറക്കാം; നാട മുറിക്കണമെങ്കിൽ മുറിക്കാം. എന്നാൽ, യഥാർഥത്തിൽ ശുചിമുറി ഉദ്ഘാടനമെന്നാൽ വാതിൽ തുറക്കുകയല്ലല്ലോ, അടയ്ക്കുകയല്ലേ വേണ്ടത് എന്നു ചോദിക്കുന്നു പ്രിയപുത്രി ആകാശകുസുമം. ഉദ്ഘാടകൻ/ഉദ്ഘാടക അകത്തുകയറി വാതിലടച്ചാൽ ഉദ്ഘാടനമായി. 

പക്ഷേ, സമർപ്പിക്കാനാണ് നഗരസഭ തീരുമാനിച്ചത്. ഈ സമർപ്പണച്ചടങ്ങിൽ ഏതാനും സ്ത്രീരത്നങ്ങൾ പ്രസംഗിച്ചതായാണു പത്രവാർത്ത. ഒരു ശുചിമുറി സമർപ്പിക്കുമ്പോൾ എന്തൊക്കെയാണു പ്രസംഗിച്ചിട്ടുണ്ടാവുക എന്ന് ആലോചിക്കാൻ നാം ശുചിമുറിയിൽത്തന്നെ കയറേണ്ടിവരും. 

വിരലിലെണ്ണാവുന്ന മേയർമാരേ നമ്മുടെ നാട്ടിലുള്ളൂ എന്നു നമുക്കറിയാം. മാസ്ക് സാക്ഷരതയിൽ അവരിൽ ചിലരെങ്കിലും പിന്നാക്കമാണെന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്. 

കൊറോണ – കോവിഡ് പശ്ചാത്തലത്തിൽ, നാലു നഗരസഭാ ജീവനക്കാർ ചേർന്ന് ഒരു മേയറെ മാസ്ക് ധരിപ്പിക്കുന്ന ചിത്രം പത്രങ്ങളിൽ കണ്ടു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഒരു വളയിട്ട കൈയും ചിത്രത്തിൽ കാണാം. 

ഇത് അർപ്പണമാണോ സർ, അതോ സമർപ്പണമോ? അതോ വെറും അൽപത്തമോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com