sections
MORE

യെസ് ബാങ്ക്: നിക്ഷേപകർക്ക് എല്ലാം ശുഭമാകുമോ ?

yes-bank-logo
SHARE

പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ യെസ് ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാൻ  ഒഡീഷ നിയമസഭാ സമിതി. ഇക്കാര്യത്തിൽ  ധനമന്ത്രാലയത്തിന്റെ നിലപാടെന്ത്? 

പ്രതിസന്ധിയിലായ യെസ് ബാങ്കിൽ, വിഖ്യാതമായ പുരി ശ്രീ ജഗന്നാഥ ക്ഷേത്രം 545 കോടി രൂപ നിക്ഷേപിക്കാനിടയായ സാഹചര്യം അന്വേഷിക്കാൻ ഒഡീഷ സർക്കാർ പ്രത്യേക നിയമസഭാ സമിതിക്കു രൂപം നൽകുകയുണ്ടായി. സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്കു നിയമസഭാ സ്പീക്കർ എസ്.എൻ.പത്രോ തന്നെ നിയമിതനായത് അസാധാരണ നടപടിയായി. പാർലമെന്ററികാര്യ മന്ത്രിയും പ്രതിപക്ഷ കക്ഷിനേതാക്കളുമടക്കം, സമിതിയിൽ 11 അംഗങ്ങൾ കൂടിയുണ്ട്. സഭയിലെ ഏക സിപിഎം അംഗത്തെയും ഉൾപ്പെടുത്തി.

 എന്തുകൊണ്ട് യെസ്? 

യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏറ്റെടുത്ത് ബ്രാഞ്ചുകളിൽനിന്നു പണം പിൻവലിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ചേർന്ന ഒഡീഷ നിയമസഭ പ്രക്ഷുബ്ധമായിരുന്നു. ക്ഷേത്ര ഭരണസമിതി സ്വതന്ത്രമാണെന്നും ഉയർന്ന പലിശനിരക്കിൽ അവർ ആകൃഷ്ടരായതാണെന്നും സംസ്ഥാന ധനമന്ത്രി വാദിച്ചു. പക്ഷേ, ക്ഷേത്ര മാനേജ്മെന്റുമായി ബന്ധപ്പെട്ടു സമീപമാസങ്ങളിൽ ഒരുപാടു വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷക്കണക്കിനു ഭക്തർ ദിവസവുമെത്തുന്ന ക്ഷേത്രത്തിന്റെ നടത്തിപ്പിൽ ഇടപെട്ടു സുപ്രീം കോടതി വരെ രൂക്ഷമായ പരാമർശങ്ങൾ നടത്തുകയുണ്ടായി.

യെസ് ബാങ്കിൽ പണം നിക്ഷേപിച്ച വിഷയം സഭാസമിതി അന്വേഷിക്കണമെന്ന ആവശ്യത്തിനു സംസ്ഥാന സർക്കാർ വഴങ്ങി. എന്നാൽ, അധ്യക്ഷസ്ഥാനം സ്പീക്കർക്കു തന്നെ കൊടുക്കാനുള്ള നിർദേശം അപ്രതീക്ഷിതമായിരുന്നു. സഭാസമിതിയുടെ ആദ്യ നടപടി, ക്ഷേത്രത്തിന്റെ നിക്ഷേപം തിരിച്ചെടുക്കാൻ അനുമതി തേടി കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും അപേക്ഷ നൽകലാണ്. തുടർന്നാണ് യെസ് ബാങ്കിൽ പണം നിക്ഷേപിക്കാനുള്ള തീരുമാനം ക്ഷേത്ര മാനേജ്മെന്റിൽ ആരാണെടുത്തതെന്ന് അന്വേഷിക്കുക.

  തിരുപ്പതി ഹാപ്പി 

പുരിയിൽനിന്ന് 1100 കിലോമീറ്റർ അകലെയുള്ള മറ്റൊരു പ്രമുഖ ക്ഷേത്രമായ തിരുപ്പതിയിൽ പക്ഷേ, ആഹ്ലാദമാണ്. യെസ് ബാങ്കിലിട്ട തിരുപ്പതിയുടെ 1300 കോടി രൂപ, ബാങ്ക് നിക്ഷേപം മരവിപ്പിക്കുന്നതിനു തൊട്ടുമുൻപാണു പിൻവലിച്ചത്. മുൻ തെലുങ്കുദേശം സർക്കാരാണു നിക്ഷേപം യെസ് ബാങ്കിൽ ഇടാനുള്ള തീരുമാനമെടുത്തത് എന്നാണു തിരുപ്പതി തിരുമല ദേവസ്ഥാനം ബോർഡ് അധ്യക്ഷൻ വൈ.എസ്. ശുഭറെഡ്ഡിയുടെ കുറ്റപ്പെടുത്തൽ.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ പ്രതിനിധിയായ അദ്ദേഹം, പണം പിൻവലിക്കാൻ സാധിച്ചതിന്റെ ‘ക്രെഡിറ്റ്’ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കു നൽകുകയും ചെയ്തു. എന്നാൽ, പണം നിക്ഷേപിക്കുമ്പോൾ യെസ് ബാങ്ക് കുഴപ്പത്തിലായിരുന്നില്ല എന്നാണ് തെലുങ്കുദേശം പാർട്ടിയുടെ വിശദീകരണം.

 ധനമന്ത്രാലയത്തിന്റെ സന്ദേശം 

ഇതിനിടെ ഒഡീഷ നിയമസഭയുടെ നീക്കം, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലും ചോദ്യങ്ങളുയർത്തി. യെസ് ബാങ്കിലെ എല്ലാ നിക്ഷേപവും സുരക്ഷിതമാണെന്നും റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി പിന്നിടുമ്പോൾ പിൻവലിക്കാനാകുമെന്നുമാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ ധനമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചില്ല. പക്ഷേ, ഒരു ഇടപാടു മാത്രം സംബന്ധിച്ചു സഭാസമിതി അന്വേഷണം ഒഴിവാക്കണമെന്നാണ് ഒഡീഷ സർക്കാരിനു പിൻവാതിൽ സന്ദേശം നൽകിയത്. ഇന്ത്യയിലെ ബാങ്കിങ് സംവിധാനം സംബന്ധിച്ചു നിഷേധ പരാമർശങ്ങൾ ഒഴിവാക്കണമെന്നാണു സന്ദേശത്തിലെ സൂചന. 

കാരണം, അടിസ്ഥാനപരമായി ഇന്ത്യയിലെ ബാങ്കിങ് സംവിധാനം ശക്തമാണെന്നാണു ധനമന്ത്രി നിർമല സീതാരാമന്റെ നിലപാട്. ‘ഇത്തിരിക്കൂടുതൽ പലിശ മോഹിച്ച്’ യെസ് ബാങ്കിനു നിക്ഷേപം നൽകിയെന്ന ജഗന്നാഥ ക്ഷേത്ര മാനേജിങ് കമ്മിറ്റിക്കെതിരായ വിമർശകരുടെ ആരോപണങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയത്തിനു മറുപടിയുണ്ട് – എല്ലാ സ്വകാര്യ, പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകളും നൽകുന്ന പലിശനിരക്ക് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്.

 ഗുരുദ്വാരകൾക്ക് ‌പറ്റിയത്

റിസർവ് ബാങ്ക് ഏറ്റെടുത്ത പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്കിലാണു (പിഎംസി) മുംബൈയിലെ 10 ഗുരുദ്വാരകളുടെ 50 കോടി രൂപ നിക്ഷേപിച്ചിരുന്നത്. അവർക്ക് ഇതുവരെ ആശ്വസിക്കാറായിട്ടില്ല. മുംബൈയിലെ സിഖ് സമൂഹത്തിനു താൽപര്യമുണ്ടായിരുന്ന പിഎംസി, ഉയർന്ന പലിശ വാഗ്ദാനം ചെയ്തിരുന്നു. പുറമേ, ബാങ്ക് ഡയറക്ടർ ബോർഡിൽ സിഖുകാരും ഉൾപ്പെട്ടിരുന്നു. ഒരു നിർമാണക്കമ്പനിക്കു വൻതുക വായ്പ നൽകിയതോടെയാണു പിഎംസി കുഴപ്പത്തിലായത്. ഗുരുദ്വാരകളുടെ നിക്ഷേപം ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല.

‌ട്രസ്റ്റുകളായോ സൊസൈറ്റികളായോ പ്രവർത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിനു മതസ്ഥാപനങ്ങൾ, സംഭാവനകളായും മറ്റു ലഭിക്കുന്ന പണം ബാങ്ക് നിക്ഷേപമാക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെ ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും അവരുടെ ഉടമസ്ഥതയിലുണ്ട്. ഓഹരിവിപണി സുരക്ഷിതമല്ലാതാകുകയും പലിശനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ബാങ്ക് നിക്ഷേപം ആകർഷകമല്ലാതാകുന്നു. ഈ വിഷയങ്ങൾ കൂടി ഒഡീഷ നിയമസഭാ സമിതിയുടെ അന്വേഷണപരിധിയിൽ വരുമെങ്കിൽ, സമിതിയുടെ ശുപാർശകൾ മറ്റു സംസ്ഥാനങ്ങളും പഠിക്കേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA