sections
MORE

കോവിഡ്: കേരളത്തിന്റേത് പ്രഫഷനൽ രീതി; അനിവാര്യം, ഈ ജാഗ്രത

TOPSHOT-US-HEALTH-VIRUS
SHARE

കോവിഡ് 19നെ പ്രതിരോധിക്കാൻ കേരളം ഇപ്പോൾ സ്വീകരിക്കുന്ന പ്രതിരോധമാർഗങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളതാണെന്നു പറയാതെ വയ്യ. കഴിഞ്ഞ 9നു ദുബായിലേക്കും 11നു തിരികെ തിരുവനന്തപുരത്തേക്കും സഞ്ചരിച്ച അനുഭവം വച്ചാണ് ഈ വിലയിരുത്തൽ. ഇറ്റലിയിൽ നിന്നെത്തിയവരുടെ കാര്യത്തിലുണ്ടായ വീഴ്ച നമുക്കു ശക്തമായ മുന്നറിയിപ്പായി മാറി. നമ്മുടെ സുരക്ഷാസംവിധാനങ്ങൾ അവസരത്തിനൊത്തുയർന്നു. 

ദുബായിലേക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തുനിന്നു കയറുമ്പോൾത്തന്നെ പലരും മാസ്ക് ധരിച്ചിരുന്നു. എന്നാൽ, ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഒരുതരത്തിലുള്ള മുൻകരുതൽ നടപടികളും കണ്ടില്ല. ജീവനക്കാരാരും മാസ്ക് ധരിച്ചിരുന്നില്ല. രോഗമില്ലാത്തവർ മാസ്ക് ധരിക്കേണ്ടതില്ല എന്ന പ്രോട്ടോക്കോൾ പാലിക്കുന്നതാകാം. വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങുമ്പോൾ ആരോഗ്യവകുപ്പ് അധികൃതരുടെ ക്യാമറ പരിശോധനകൾ മാത്രമേയുള്ളൂ. ആ വഴി കടന്നുപോകുന്ന യാത്രക്കാരനു പനിയുണ്ടോ എന്നുവരെ ക്യാമറ കണ്ടുപിടിക്കുമെന്നു പറയുന്നു. 

തിരികെ വരുമ്പോഴും ദുബായ് വിമാനത്താവളത്തിൽ പതിവു പരിശോധനകൾ മാത്രമേയുള്ളൂ. വിമാനത്തിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവ്. എയർലൈൻ ജീവനക്കാർതന്നെ തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ നൽകേണ്ട 2 ഫോമുകൾ തന്നു. വിമാനത്താവളത്തിലിറങ്ങി ഇമിഗ്രേഷൻ പരിശോധനയ്ക്കു മുൻപ് ആരോഗ്യവകുപ്പിന്റെ പരിശോധനാ സംഘം ഫോമുകൾ വാങ്ങി രണ്ടും വിശദമായി പരിശോധിച്ചു. അനുവാദം തേടിയ ശേഷം നോൺ കോൺടാക്ട് തെർമോമീറ്റർ ഉപയോഗിച്ചു പനി പരിശോധിച്ചു. ഫോൺ നമ്പരും താമസസ്ഥലവും ചോദിച്ച് ഉറപ്പുവരുത്തി ഫോമുകൾ തൊട്ടടുത്തുള്ള ടേബിളിലെ ഡോക്ടർക്കു കൈമാറി. ഡോക്ടർ 2 മാസത്തിനിടെ സന്ദർശിച്ച രാജ്യങ്ങളെക്കുറിച്ചാണ് ആദ്യം തിരക്കിയത്. പിന്നീട് പനി, ചുമ തുടങ്ങിയവയുണ്ടോ എന്നു ചോദിച്ചു. 

യാത്രക്കാരുടെ വലിയ തിരക്കുണ്ടായിട്ടും തികച്ചും സൗഹാർദപരവും പ്രഫഷനലുമായിരുന്നു മെഡിക്കൽ സംഘത്തിന്റെ സമീപനം. ഇമിഗ്രേഷനിലും പതിവിലേറെ പരിശോധനകൾ. പാസ്പോർട്ട് പരിശോധിച്ച് ഈയിടെ സന്ദർശിച്ച സ്ഥലങ്ങൾ മുഴുവൻ രേഖപ്പെടുത്തി. കൂടെ ഫോൺ നമ്പരും. രണ്ടു പരിശോധനകൾക്കും കൂടി ഒരു യാത്രക്കാരനു രണ്ടു മിനിറ്റിലേറെ അവർ ചെലവിടുന്നു. ആയിരക്കണക്കിനു യാത്രക്കാർ എത്തുന്നിടത്ത് ജീവനക്കാരുടെ ജോലിഭാരം എന്തായിരിക്കുമെന്ന് ഊഹിക്കാം. 

മുംബൈയിലെ വിമാനത്താവളത്തിൽ പോയ അനുഭവം സുഹൃത്തു പറഞ്ഞു – ഇത്രത്തോളം കർശനമായ പരിശോധനകൾ ഇല്ലാതിരുന്നിട്ടും 5 മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നത്രേ. രോഗം വ്യാപകമല്ലാത്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഇത്രയേറെ പരിശോധനകൾ ആവശ്യമുണ്ടോ എന്നു പലരും ചോദിക്കുന്നു. കോവിഡ് 19 പോലുള്ള മഹാവ്യാധിയെ പ്രതിരോധിക്കാൻ ഇത്രയും മുൻകരുതൽ വേണം. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വീഴ്ച നമുക്കു പാഠമാകണം. ചെറിയൊരു പേടി നല്ലതാണ്; അതു നമ്മുടെ ജാഗ്രത വർധിപ്പിക്കുകയേയുള്ളൂ.

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗമാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA