ADVERTISEMENT

കോവിഡ് 19 കാരണം സംസ്ഥാനത്തെ വ്യാപാരികളും കർഷകരുമടക്കമുള്ള ജനത ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണു നേരിടുന്നത്. സമഗ്ര മേഖലകളെയും തളർത്തിക്കളഞ്ഞ ഈ രോഗകാലം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ആത്മാർഥമായ കൈത്താങ്ങു തേടുന്നുണ്ട്; സാമ്പത്തികവർഷം തീരാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, പ്രത്യേകിച്ചും.

അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണു ജനം പുറത്തിറങ്ങുന്നതെന്നതിനാൽ വ്യാപാരകേരളം നേരിടുന്നതു കഠിനമായ പ്രതിസന്ധിയാണ്. ചെറുകിട, ഇടത്തരം വ്യാപാരികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മുഖാവരണവും അണുനാശിനിയും ഹാൻഡ് വാഷും മരുന്നുകളും വിൽക്കുന്നവരൊഴികെ എല്ലാ കച്ചവടക്കാരും വലിയ തകർച്ചയിലാണ്. ആരും അവശ്യസാധനങ്ങളല്ലാതെ ഒന്നും വാങ്ങുന്നില്ല.

ഹോട്ടലുകളും റസ്റ്ററന്റുകളും അനുദിനം തളർച്ചയിലേക്കു കടന്നുപോകുന്നു. സ്കൂളുകൾ അടച്ചിട്ടതു വഴിയും വിവാഹാഘോഷങ്ങളും ഉത്സവാഘോഷങ്ങളും ഉപേക്ഷിച്ചതു മൂലവും എത്രയോ അനുബന്ധ മേഖലകളിലാണു തിരിച്ചടിയുണ്ടായിരിക്കുന്നത്. പ്രളയവും കൃഷിനാശവും മൂലം അല്ലെങ്കിൽത്തന്നെ പ്രതിസന്ധിയിലായ കർഷകർ താങ്ങാനാവാത്ത പ്രതിസന്ധിയാണു നേരിടുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളും കഠിനകാലത്തെ അഭിമുഖീകരിക്കുന്നു.

നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കിയതിലെ പ്രശ്നങ്ങൾ, പ്രളയം, നിപ്പ തുടങ്ങിയവയിൽനിന്നു കേരളത്തിലെ ജനങ്ങൾ ഇതുവരെ പൂർണമായും മുക്തരായിട്ടില്ല. വാടക, തൊഴിലാളികളുടെ ശമ്പളം, വിവിധ നികുതികൾ, വായ്പകൾ എന്നിവ അടയ്ക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുന്നില്ലെന്നതു വ്യാപാരികളുടെ ജീവിതം പ്രശ്നഭരിതമാക്കുന്നു. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനു കൂടുതൽ സമയം അനുവദിക്കുന്നതും ലേറ്റ് ഫീയും പിഴപ്പലിശകളും മറ്റും ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിനു നിർദേശം നൽകുന്നതും ഇതുമൂലമുള്ള നിയമ നടപടികൾ വൈകിക്കുന്നതുമൊക്കെ കേന്ദ്ര സർക്കാരിനു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ കൗൺസിലിനോടു സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും വേണം.

കാർഷിക വായ്പയുടെയും വിദ്യാഭ്യാസ വായ്പയുടെയുമൊക്കെ തിരിച്ചടവിന് ഇപ്പോഴത്തെ കഷ്ടസാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന ഏറെപ്പേരുണ്ട്. കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്ന ബാങ്ക് നടപടികൾ മുന്നിലുള്ളതു പല കർഷകരുടെയും ഉറക്കം കെടുത്തുന്നു. സംസ്ഥാന സർക്കാരിനു ചെയ്യാവുന്ന ഏറെ കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വായ്പകൾക്കു മൊറട്ടോറിയം വേണമെന്ന സർക്കാരിന്റെ ആവശ്യം ഏറെ ആശ്വാസകരമാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശുപാർശ പ്രകാരം ഇക്കാര്യത്തിൽ എത്രയുംവേഗം റിസർവ് ബാങ്ക് അനുകൂല തീരുമാനമെടുത്താൽ അതു കേരളത്തിനു നൽകുന്ന ഹൃദയാശ്വാസം വലുതായിരിക്കും. മൊറട്ടോറിയം കാലയളവിലെ പലിശകൂടി എഴുതിത്തള്ളിയാലേ അതു ജനങ്ങൾക്കു ഗുണം ചെയ്യൂ. പലപ്പോഴും പലിശഭാരം ചുമക്കേണ്ടിവരുമെന്നതു കൊണ്ടാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യത്തിനായി അപേക്ഷിക്കാൻ പലരും തയാറാകാത്തത്.

സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ എന്നിവയുടെ കെട്ടിടങ്ങളിൽ വ്യാപാരികൾക്കു ചുരുങ്ങിയതു മൂന്നു മാസത്തെ വാടക ഇളവ് അനുവദിക്കുന്നതും മറ്റും സർക്കാരിനു ചെയ്യാവുന്നതാണ്. വ്യാപാരി ക്ഷേമ പെൻഷനുകൾ അർഹരായവർക്ക് ഉടൻ അനുവദിക്കുകയും വ്യാപാരി ക്ഷേമപദ്ധതിയിൽനിന്നു പലിശയില്ലാതെ വായ്പകൾ അനുവദിക്കുകയും വേണം. കോവിഡ് 19 മൂലം തകർന്നടിഞ്ഞ കേരളത്തിലെ ചെറുകിട വ്യാപാരമേഖലയുടെ നിലനിൽപിനായി സർക്കാരിന്റെ അടിയന്തര ഇടപെടൽ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വ്യാപാരി വ്യവസായി സമിതി നിവേദനം നൽകിയിട്ടുമുണ്ട്.

ഈ സാഹചര്യത്തിലും രാജ്യാന്തര വിപണിയിലെ എണ്ണവിലയിടിവു ജനങ്ങളിലെത്തിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം കീശയിലാക്കുന്നതു നിർഭാഗ്യകരമാണ്. ലീറ്ററിൽ 10–15 രൂപയുടെ ഇളവു ജനങ്ങൾക്കു നൽകാനാകുമെന്നിരിക്കെ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതുണ്ടാവുകതന്നെ വേണം.

കോവിഡ് 19 ഇനിയും എത്രകാലം നമ്മെ വേട്ടയാടുമെന്നു പറയുക വയ്യ. അതു മുൻകൂട്ടി കണ്ടുള്ള ദീർഘകാല ഇളവുകൾക്കാണു സർക്കാർ തയാറാകേണ്ടത്. കോവിഡിനെ തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായ കേരളത്തിനു സാമ്പത്തിക രംഗത്തെ പരിഹാര നടപടികൾക്കും മാതൃകയാകാൻ കഴിയട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com