ADVERTISEMENT

ജാഗ്രത തന്നെയാണ് കോവിഡ് 19 രോഗബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ ആയുധം. അതറിഞ്ഞതുകൊണ്ടാണ്, ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവിനെ കാണാൻ ഖത്തറിൽനിന്നെത്തി, കോവിഡ് 19 സംശയത്തെത്തുടർന്നു സ്വമേധയാ ഐസലേഷൻ വാർഡിൽ കിടന്ന തൊടുപുഴ സ്വദേശിയായ യുവാവിനു പിതാവിനെ അവസാനമായൊന്നു കാണാൻപോലും കഴിയാതിരുന്നത്. അതറിഞ്ഞതുകൊണ്ടു തന്നെയാണ്, അവനവനോടും സമൂഹത്തോടുമുള്ള രക്ഷാച്ചുമതല ഉറപ്പുവരുത്താനായി നമ്മുടെ നാട്ടിൽ എത്രയോ പേർ സ്വയം ഐസലേഷൻ വിധിക്കുന്നത്. അതേസമയം, ഈ നിർണായക സാഹചര്യത്തിൽ ജാഗ്രത എന്ന വാക്കിന്റെ വിലയറിയാത്ത എത്രയോ പേരും നമുക്കിടയിലുണ്ടെന്നതിൽ ലജ്ജിക്കുക.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ചുള്ള പല നിർഭാഗ്യസംഭവങ്ങളും ഉണ്ടാവുന്നതു കേരളത്തെ അസ്വസ്ഥമാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. രോഗത്തെ ചെറുത്തുതോൽപിക്കാനും രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാനും സർക്കാരും പൊതുസമൂഹവും കൈകോർത്തിറങ്ങിയ ഈ വേളയിൽ കേൾക്കുന്ന ഇത്തരം വാർത്തകൾ നാടിന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും നിരുത്തരവാദിത്തത്തിന്റെ വിള്ളലേൽപിക്കുന്നുണ്ട്.

ആളുകൾ കൂട്ടം കൂടുന്നതും അടുത്തിടപഴകുന്നതും കോവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ്, ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള എല്ലാ ചടങ്ങുകൾക്കും കേരളം നിയന്ത്രണം ഏർപ്പെടുത്തിയതും. എന്നാൽ, നാട് ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി നടത്തുന്ന ഈ ജാഗ്രതാദൗത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് പലയിടത്തും വലിയ കൂട്ടംചേരലുകൾ നടക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ രോഗബാധയ്ക്കൊപ്പം സംസ്ഥാനത്തിനു മുന്നിലുള്ള മറ്റൊരു ഗൗരവപ്രശ്നമായിത്തന്നെ മാറിയിരിക്കുന്നു.

വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ച്, ഞായറാഴ്ച തലസ്ഥാന ജില്ലയിലെ വാമനപുരത്തു നടന്ന സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നിരുത്തരവാദിത്തത്തിന്റെകൂടി വിളംബരമായി. വിവാദമായതോടെ കലക്ടർ ഇടപെട്ടു തിരഞ്ഞെടുപ്പ് നിർത്തിവയ്പിച്ചെങ്കിലും അതിനകം 6086 വോട്ടർമാരിൽ 1340 പേർ വോട്ട് ചെയ്തിരുന്നു. വോട്ടെടുപ്പ് തുടങ്ങി നാലു മണിക്കൂറിനു ശേഷമാണ് ഉത്തരവിറങ്ങിയത്. ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്താതിരുന്ന സാഹചര്യത്തിൽ, വോട്ടർമാർ തിക്കിത്തിരക്കിയാണു ക്യൂ നിന്നതെന്നത് ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.

ഇതിനിടെ, കൊച്ചി വിമാനത്താവള പരിസരത്തു കഴിഞ്ഞ ദിവസം രാത്രി നടന്ന ഒരു സ്വീകരണം സാമൂഹികപ്രതിബദ്ധതയുള്ള മലയാളികളെ നാണിപ്പിക്കുന്ന മറ്റൊരു ഉദാഹരണമായി. ‘ജാഗ്രതയുടെ ഭാഗമായി മത - രാഷ്ട്രീയ - സാമുദായിക സംഘടനകൾ പോലും എല്ലാവിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടയ്ക്കാൻ നിയമപാലകർക്കു കഴിയില്ലെന്നു’ വ്യക്തമാക്കിയ എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ്, ഈ സംഭവത്തിൽ ഒട്ടേറെപ്പേർക്കെതിരെ നിയമലംഘനത്തിനു കേസെടുത്തെന്ന വിവരവും ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.

ആൾക്കൂട്ടങ്ങൾക്ക് ഇപ്പോഴുള്ള വിലക്ക് സാമൂഹികനന്മയ്ക്ക് എത്രത്തോളം പ്രയോജനം ചെയ്യുമെന്നും അതിനു നമ്മുടെയൊക്കെ ആയുസ്സിന്റെ വിലയുണ്ടെന്നും തിരിച്ചറിയാതെയുള്ള കൂട്ടംചേരലുകൾ ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. പരിഭ്രാന്തിയല്ല, വേണ്ടതു ജാഗ്രത എന്ന ബോധ്യവുമായി മുന്നോട്ടുപോകുന്ന കേരള ജനതയെ തളർത്തുന്ന ഇത്തരം അനുഭവങ്ങൾ ഒരു കാരണവശാലും ആവർത്തിച്ചുകൂടാ. ഈ അവസരത്തിൽ മാതൃകാപരമായ നിലപാടുകളെടുക്കേണ്ട ഭരണാധികാരികളും രാഷ്ട്രീയ കക്ഷികളും ആ ഉത്തരവാദിത്തം മറക്കാനും പാടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com