sections
MORE

രാജ്യത്തിനു മുന്നിലെ ധാർമിക വിചാരണ

SHARE

വിരമിച്ചു നാലുമാസം മാത്രമാവുമ്പോൾത്തന്നെ മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തതു ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു.

കേന്ദ്ര സർക്കാരെടുത്ത ഈ തീരുമാനവും അതു സ്വീകരിക്കാനുള്ള ജസ്റ്റിസ് ഗൊഗോയിയുടെ സന്നദ്ധതയും സുപ്രീം കോടതിയിൽനിന്നു വിരമിച്ച ചില ജഡ്ജിമാരുടെയുൾപ്പെടെ കടുത്ത വിമർശനം വിളിച്ചുവരുത്തിയിരിക്കുകയാണ്. അതേസമയം, പാർലമെന്റും ജുഡീഷ്യറിയും യോജിച്ചു പ്രവർത്തിക്കുന്നതിനു തന്റെ രാജ്യസഭാംഗത്വം ഗുണകരമാകുമെന്നാണ് ജസ്റ്റിസ് ഗൊഗോയ് പറയുന്ന ന്യായവാദം.

എന്നാൽ, ജുഡീഷ്യറിയുടെ സ്വതന്ത്ര നിലനിൽപ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും അത് അടിയറവയ്ക്കുന്ന നടപടികൾ രാഷ്ട്രത്തിന്റെ അടിത്തറയ്ക്കുതന്നെ ഉലച്ചിലുണ്ടാക്കുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ബി.ലൊക്കൂർ ഉൾപ്പെടെയുള്ളവർ വിമർശിക്കുന്നു. സർക്കാരിനു താൽപര്യമുള്ള രീതിയിൽ ചില വിധികൾ നൽകിയതിനുള്ള പ്രത്യുപകാരമാണ് ജസ്റ്റിസ് ഗൊഗോയിക്കുള്ള പദവിയെന്നാണ് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി.ഷാ ആരോപിക്കുന്നത്.

ഇതിനുമുൻപ്, 1998 മുതൽ 2004 വരെ മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്ര രാജ്യസഭയിൽ അംഗമായിരുന്നുവെങ്കിലും അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി ഒഡീഷയിൽനിന്നു ജയിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ, ചീഫ് ജസ്റ്റിസായി വിരമിച്ചു നാലു മാസത്തിനകം രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യുകയാണെന്നത് ഈ നടപടിയുടെ ഗൗരവം വർധിപ്പിക്കുന്നു.

സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തി രാജ്യത്തെ കോടതികളിൽ അഭിഭാഷകവൃത്തി ചെയ്യുന്നതിനു മാത്രമാണു നിയമപരമായി വിലക്കുള്ളത്. വിരമിച്ചശേഷം ജഡ്ജിമാരെ ട്രൈബ്യൂണലുകളിലും അന്വേഷണ കമ്മിഷനായും മറ്റും നിയമിക്കാറുള്ളത് അത്തരം ചുമതലകളിൽ ജുഡീഷ്യൽ പരിചയം ഗുണകരമാകുമെന്ന വിലയിരുത്തലിലാണ്. എന്നാൽ, ഉന്നത ജുഡീഷ്യറിയിൽ ജഡ്ജിയായിരുന്ന വ്യക്തി പാർലമെന്റ് അംഗമാകുന്നതും അതു സർക്കാരിന്റെ പിന്തുണയോടെയാണെന്നതും അനുചിതമാണെന്ന വിമർശനമാണുയരുന്നത്. വിരമിച്ചശേഷം ജഡ്ജിമാർ പദവികൾ സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനു കളങ്കമാകുമെന്ന് ജസ്റ്റിസ് ഗൊഗോയ് തന്നെ കഴിഞ്ഞ വർഷം മാർച്ചിൽ ഒരു കേസ് പരിഗണിക്കുന്നതിനിടെ അഭിപ്രായപ്പെട്ടിരുന്നു.

സുപ്രീം കോടതി ജഡ്ജിമാർ വിരമിച്ചശേഷം പദവികൾ സ്വീകരിക്കുന്നതിനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മിഷൻതന്നെ എതിർത്തിരുന്നു. അറ്റോർണി ജനറലായിരുന്ന എം.സി.സെത്തൽവാദ് അധ്യക്ഷനായ കമ്മിഷൻ 1958 സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടിൽ, വിരമിച്ച ജഡ്ജിമാർ ചേംബർ പ്രാക്ടിസ് നടത്തുന്നതുപോലും ഉചിതമല്ലെന്നാണു വ്യക്തമാക്കിയത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, യുപിഎസ്‌സി അധ്യക്ഷൻ എന്നിവർക്കെന്ന പോലെ സുപ്രീം കോടതി ജഡ്ജിമാർക്കും വിരമിച്ച ശേഷമുള്ള പദവികൾ വിലക്കണമെന്നും ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാൻ ഇതാവശ്യമാണെന്നുമാണ് ലോ കമ്മിഷൻ വ്യക്തമാക്കിയത്. നടപ്പാകാതിരുന്ന ഈ ശുപാർശ ആറു ദശകം കഴിഞ്ഞിട്ടും പ്രസക്തമാകാൻ ഇപ്പോൾ കേന്ദ്ര സർക്കാരും ജസ്റ്റിസ് ഗൊഗോയിയും വഴിവയ്ക്കുന്നു.

ഭരണഘടനാപരമായ വിലക്കില്ലാത്തപ്പോൾ, പദവികൾ സ്വീകരിക്കണമോ എന്നതു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നു വാദിക്കാനാവും. പക്ഷേ, സർക്കാരിൽനിന്നു പദവി സ്വീകരിക്കുമ്പോൾ, ജഡ്ജിയായിരിക്കെ ആ വ്യക്തിയെടുത്ത ചില തീരുമാനങ്ങളുടെയെങ്കിലും സംശുദ്ധിയെക്കുറിച്ചു ചോദ്യങ്ങളുയരാം; വിരമിച്ചു ചെറിയ കാലയളവിനുള്ളിൽത്തന്നെ ലഭിക്കുന്ന പദവിയാവുമ്പോൾ, പ്രത്യേകിച്ചും.

ഭരണസംവിധാനത്തിലെ അധികാരസ്ഥാപനങ്ങൾക്കു കൃത്യമായ അതിരും അകലവും ഭരണഘടനാപരമായിത്തന്നെ വിഭാവന ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം അതിന്റെ ഭാഗമാണ്. അതു ലംഘിക്കപ്പെടുന്നുവെന്ന പ്രതീതിക്ക് ഇടയാക്കിയ സർക്കാർ നടപടിയും അത് അംഗീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ നടപടിയും ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് ഉയർത്തുന്ന ആശങ്ക അവഗണിക്കാവുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA