sections
MORE

'നിങ്ങളിപ്പോള്‍ വിളിക്കുന്ന പേരില്ലേ, അതായിരുന്നു അവള്‍': നിര്‍ഭയയുടെ അമ്മ

nirbhaya-mother
ആശാദേവി. ചിത്രം: രാഹുൽ ആർ പട്ടം∙മനോരമ
SHARE

സമാനതകളില്ലാത്ത നിയമപ്പോരാട്ട വഴികൾ...നിർഭയയുടെ അമ്മ മനോരമയോട് ...

ഡൽഹിയിലെ ദ്വാരകയിലുള്ള ഇടത്തരക്കാരുടെ ഹൗസിങ് അപ്പാർട്മെന്റാണത്. ദീപാവലി ആശംസയുടെ ഇനിയും നിറം മങ്ങാത്ത തോരണം തൂങ്ങുന്ന വാതിൽ തുറന്ന് അവർ പുറത്തേക്കു വന്നു. ആശാദേവി - നിർഭയയുടെ അമ്മ. ഡൽഹിയിലെ ഏതു തെരുവീഥിയിലും കണ്ടുമുട്ടുന്ന അതിസാധാരണക്കാരിയുടെ രൂപഭാവങ്ങൾ. പക്ഷേ, മുഖത്ത് അസാധാരണമായ നിശ്ചയദാർഢ്യം.

സംസാരിച്ചു തുടങ്ങിയപ്പോൾ വാക്കുകൾക്ക് തീക്ഷ്ണത. ഉള്ളിലപ്പോഴും കനൽ പേറുന്ന ഒരുവൾക്കു മാത്രം സാധ്യമാകുന്ന കരുത്തോടെ അവർ പറഞ്ഞു തുടങ്ങി.

‘‘7 വർഷം, 3 മാസം- അത്രയുമായി അതു കഴിഞ്ഞിട്ട്. മറക്കാനാവില്ല ആ രാത്രി...’’

? ഒടുവിൽ നീതി കിട്ടി. അല്ലേ...

അതേ... ഒരുപാടു വൈകിയ നീതി.

? പൊലീസും കോടതിയും നിങ്ങളോടു സഹകരിച്ചോ.

പൊലീസുകാർ ആദ്യം മുതൽ ഒരുപാട് സഹായിച്ചു. അന്വേഷണവും നന്നായി നടത്തി. പക്ഷേ, കോടതി...

?കോടതി...

നീതിക്കു വേണ്ടി ഞങ്ങൾ എത്ര കാലം അലഞ്ഞു. ഓരോ ദിവസവും ഓരോ ഹർജികൾ. പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി ഞാൻ എന്നും കോടതിയിൽ പോകുകയായിരുന്നു. മറ്റൊന്നും ജീവിതത്തിലില്ലാതെ ഒരമ്മ എത്ര വർഷം നടക്കേണ്ടി വന്നു. ചിലപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്, നിയമം പ്രതികളുടെ പക്ഷത്താണോ എന്ന്.

അവർ ചെയ്ത കുറ്റം തെളിയിക്കാൻ, അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടാൻ, ഒടുവിലതു നടപ്പാക്കിയെടുക്കാൻ ഒക്കെ കഷ്ടപ്പെടുന്നത് നമ്മളാണ്, ഇരയായവളുടെ കുടുംബം. പക്ഷേ, വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവരെ തൂക്കിലേറ്റും വരെ ഞാൻ ഓടിക്കൊണ്ടിരിക്കുമെന്നായിരുന്നു തീരുമാനം. ഇങ്ങനെ കഷ്ടപ്പെട്ടു നീതി നേടിയെടുക്കേണ്ടി വരുമ്പോൾ നമുക്കു നിയമങ്ങളിലൊക്കെ വിശ്വാസം നഷ്ടപ്പെടും. സമയത്ത് നീതി ലഭിച്ചെങ്കിലേ ജനങ്ങൾക്ക് അതിൽ വിശ്വാസമുണ്ടാകൂ.

?സർക്കാരിന്റെ മനോഭാവമോ...

അവർ ഒന്നു പറയും മറ്റൊന്നു ചെയ്യും. ആം ആദ്മി പാർട്ടി ആദ്യം ഭരണത്തിലെത്തിയപ്പോൾ പറഞ്ഞു, ഡൽഹിയിലെ തെരുവുകളിൽ മുഴുവൻ ക്യാമറകൾ സ്ഥാപിക്കുമെന്ന്. അഞ്ചു വർഷം ഭരിച്ച ശേഷം ഇപ്പോൾ വീണ്ടും അവർ അധികാരത്തിലെത്തി. ഇനിയും അതു പൂർണമായി നടപ്പായിട്ടില്ല. ക്യാമറകളെ ഭയന്നെങ്കിലും ചിലർ കുറ്റകൃത്യത്തിൽനിന്നു പിന്മാറിയേനെ.

പിന്നെ നിയമങ്ങളൊക്കെ നമ്മുടെ സർക്കാരുകൾ ഉണ്ടാക്കിയതല്ലേ. ഇവിടെ കുറ്റവാളികൾ രക്ഷപ്പെടുകയാണ്. പെൺകുട്ടികൾ വീണ്ടും വീണ്ടും ക്രൂരമായി ആക്രമിക്കപ്പെടുന്നു. അധികാരികൾക്ക് ഈ നിയമങ്ങളൊക്കെ ഒന്നു മാറ്റി എഴുതിക്കൂടേ... ഈ രാജ്യത്ത് എന്തിലാണ് ആദ്യം മാറ്റം വരേണ്ടത് എന്നു ചോദിച്ചാൽ ഞാൻ പറയും, നിയമങ്ങളാണ‌ു മാറേണ്ടതെന്ന്.

? മകൾ...

നിങ്ങളിപ്പോൾ അവളെ വിളിക്കുന്ന പേരില്ലേ, നിർഭയ. ആ പേരുപോലെ തന്നെ ആയിരുന്നു അവൾ. വലിയ ധൈര്യശാലി. കരാട്ടെയൊക്കെ പഠിച്ചിട്ടുണ്ട്. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യുന്നതാണ് കുട്ടിക്കാലം മുതലുള്ള ശീലം. കൂട്ടുകാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പോലും അവൾ ചോദ്യം ചെയ്യും. സ്കൂളിലൊക്കെ അവൾ അവരുടെ സംരക്ഷകയെ പോലെയായിരുന്നു.

പഠിക്കാൻ ഒരുപാട് മിടുക്കിയായിരുന്നു. പ്ലസ്ടുവിന് 95 ശതമാനം മാർക്ക്. ഡോക്ടറാകണമെന്നായിരുന്നു മോഹം. ഡോക്ടറായി വന്ന് പാവങ്ങളെ സഹായിക്കുമെന്നൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ, അവളെ എംബിബിഎസ് പഠിപ്പിക്കാനുള്ള പണം ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഡെറാഡൂണിൽ ഫിസിയോതെറപ്പി കോഴ്സിനു ചേർത്തത്. അവിടെനിന്ന് അവസാന പരീക്ഷ കഴിഞ്ഞുള്ള വരവായിരുന്നു. ഇവിടെ ഡൽഹിയിൽ ഇന്റേൺഷിപ് ചെയ്യാനായിരുന്നു തീരുമാനം.

പൊതുവേ സിനിമയ്ക്കൊന്നും പോകാത്ത കുട്ടിയാണ്. പക്ഷേ, പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു സുഹൃത്ത് വിളിച്ചപ്പോൾ കൂടെ പോയത്. സിനിമ കഴിഞ്ഞുള്ള മടക്കയാത്രയിൽ ബസിൽ കയറിയപ്പോഴാണ് അവന്മാർ എന്റെ മോളെ...

? ആ അവസാന ദിവസങ്ങൾ...

ആ സംഭവത്തിനു ശേഷം കാണുമ്പോൾ അത്രയേറെ ഗുരുതര നിലയിലായിരുന്നു. ആന്തരികാവയവങ്ങളൊക്കെ തകർന്നിരുന്നു. പക്ഷേ, അവൾ തിരിച്ചുവരുമെന്നു തന്നെ ഞങ്ങൾ കരുതി. ആ സമയത്തും അവൾ ധൈര്യം കൈവിട്ടില്ല. ‘‘അമ്മ വിഷമിക്കരുത്, ഞാൻ ഓക്കേയാണ്’’ എന്ന് കയറിക്കണ്ടപ്പോഴെല്ലാം അവൾ എന്നെ ആശ്വസിപ്പിച്ചു. പിന്നെ, നില വഷളായി. സിംഗപ്പൂരിലേക്കു കൊണ്ടുപോയി. അവിടെ വച്ചു പ്രതീക്ഷകളൊക്കെ മങ്ങിത്തുടങ്ങി. ഒടുവിൽ ആ ദിവസം ഡോക്ടർ പറഞ്ഞു, ‘‘ഇനി പിടിച്ചുനിർത്താൻ ബുദ്ധിമുട്ടാണ്’’ എന്ന്. പിറ്റേന്ന് പുലർച്ചെ അവൾ പോയി.

(സംസാരത്തിനിടെ ആദ്യമായും അവസാനമായും ആശാദേവിയുടെ കണ്ണുകളിൽ നീർത്തിളക്കം. പക്ഷേ, ഒട്ടൊരു വാശിയുള്ളതു പോലെ, അവർ പുറംകൈ കൊണ്ട് ഞങ്ങൾ കാണാതിരിക്കാൻ ശ്രമിച്ച് കണ്ണീരൊപ്പിമാറ്റി)

ഞാനുണ്ടാക്കുന്ന ഭക്ഷണം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കുട്ടി. മധുരപലഹാരങ്ങളും തൈരും പാലുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെട്ടവൾ. അവന്മാർ ഏൽപിച്ച മുറിവു മൂലം അവളുടെ കുടൽ പോലും നീക്കം ചെയ്യേണ്ടി വന്നു. ഭക്ഷണമോ വെള്ളമോ പോലും വായിലിറ്റിക്കാൻ പറ്റാതെയാണ് അവൾ പോയത്. എന്റെയൊരു സങ്കടം ആലോചിച്ചു നോക്കൂ.

? ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, അയാൾ 3 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഇപ്പോൾ പുറത്താണ്.

എനിക്കു മനസ്സിലാകുന്നില്ല അവനെ എങ്ങനെ ഇത്ര ചെറിയ ശിക്ഷ നൽകി ഒഴിവാക്കാൻ പറ്റിയെന്ന്. അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! അതുകൊണ്ടാണു നിയമം മാറ്റിയെഴുതണമെന്നു ഞാൻ പറയുന്നത്. ചെയ്യുന്ന ക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ വേണം.

? വധശിക്ഷയ്ക്ക് എതിരെയും ഒരുപാടു പേർ രംഗത്തുണ്ടല്ലോ.

അതാണു രസം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ മനുഷ്യാവകാശം – അതിനു വേണ്ടിയാണത്രെ അവരൊക്കെ വാദിക്കുന്നത്. അപ്പോൾ കൊല്ലപ്പെട്ട എന്റെ മകളുടെ മനുഷ്യാവകാശമോ... അവളെ പോലെ എത്രയോ പെൺകുട്ടികൾ ഇങ്ങനെ കൊല്ലപ്പെടുന്നു. അവർക്കു വേണ്ടി വർഷങ്ങളായി നീതി തേടി അലയുന്ന  എന്നെപ്പോലെയുള്ള അമ്മമാരുടെ മനുഷ്യാവകാശമോ...  അതിനെക്കുറിച്ചൊന്നും ഈ വാദിക്കുന്നവർക്ക് അറിയണ്ടല്ലോ. എന്റെ മകളെ കൊന്നവരുടെ ജീവനു വേണ്ടി വാദിക്കാൻ കേരളത്തിൽ നിന്നൊക്കെ പലരും എത്തുന്നുണ്ട്, സ്ത്രീകളടക്കം. അവർക്കൊക്കെ എന്തെങ്കിലും നേട്ടം കാണും. അല്ലെങ്കിൽ എങ്ങനെ ഞങ്ങളെയൊക്കെ മറന്ന് ഇങ്ങനെ പറയാൻ പറ്റുന്നു...

പ്രതികളുടെ അഭിഭാഷകരുണ്ടല്ലോ. അവരാണു മറ്റൊരു കൂട്ടർ. പവൻകുമാർ ഗുപ്തയുടെ അഭിഭാഷകൻ എ.പി. സിങ് കഴിഞ്ഞ ദിവസം കോടതിയിൽ കരയുന്നതു കണ്ടു. അങ്ങേർക്കു നീതി ലഭിക്കുന്നില്ലെന്ന്. എന്തൊരു നാടകം!

? നിർഭയയുടെ ഓർമയ്ക്കായി ട്രസ്റ്റ്  തുടങ്ങിയല്ലോ. എന്തൊക്കെയാണ് അതിന്റെ പ്രവർത്തനങ്ങൾ.

മോളുടെ ഓർമയ്ക്കായാണു ഞങ്ങൾ നിർഭയ ജ്യോതി ട്രസ്റ്റ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക്, അനീതി നേരിടേണ്ടി വരുന്നവർക്ക് അഭയവും നിയമസഹായവും കൊടുക്കണമെന്നാണു മോഹം. ഞങ്ങളെ എത്രയോ പേർ പിന്തുണച്ചു. അതേ പിന്തുണ മറ്റുള്ളവർക്കു കൊടുക്കാൻ ഞങ്ങളും ബാധ്യസ്ഥരാണ്. ഇപ്പോൾ ദിവസവും ഇത്തരം ക്രൂരതകളുടെ വാർത്തകളാണു കേൾക്കുന്നത്. കുറ്റവാളികൾ  പിശാചുക്കളെപ്പോലെ പെരുമാറുകയാണ്. അപമാനിതരായ, ആക്രമിക്കപ്പെട്ട എത്രയോ സ്ത്രീകളാണു സഹായം തേടി എന്നെ വിളിക്കുന്നത്. അവർക്കു സഹായമെത്തിക്കണം. നിലവിൽ അതിന്റെ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. ഞാൻ എന്നും ഈ കേസിന്റെ പിന്നാലെ ആയിരുന്നു. ഇതിന് ഒരവസാനമാകുന്ന നാളിൽ ഞാൻ ട്രസ്റ്റിനായി പ്രവർത്തിക്കും.

(കുറ്റകൃത്യങ്ങൾക്ക് അല്ലെങ്കിൽ മറ്റു ദുരന്തങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ആവശ്യമായ പിന്തുണയും കൗൺസലിങ്ങും നിയമനിർദേശങ്ങളും നൽകുകയും മാനസിക - സാമ്പത്തിക പുനരധിവാസവുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ഇതിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ധാർമികത, മാനക്കേട്, സംസ്കാരം, മൂല്യം, കുറ്റം തുടങ്ങിയ പദങ്ങൾ സ്ത്രീകൾക്കു നേരെ മാത്രം മുന കൂർപ്പിക്കുന്നതാണെന്ന് ട്രസ്റ്റിന്റെ സ്ഥാപക സന്ദേശത്തിൽ പറയുന്നു)

?എങ്ങനെ ലഭിച്ചു ഈ  പോരാട്ടവീര്യം.

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽനിന്നാണു ഞാൻ വരുന്നത്. എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, ഈ അനുഭവമുണ്ടായാൽ ഏത് അമ്മയാണു വെറുതേ ഇരിക്കുക? നീതി കിട്ടാതെ ഞാൻ എത്രയോ വർഷം കരഞ്ഞു. കരഞ്ഞുകരഞ്ഞ് എനിക്കു ധൈര്യം വന്നു. ഇതുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ഞാൻ ചോദിച്ചും കേട്ടും പഠിച്ചു. പോരാട്ടം തുടങ്ങിയത് എന്റെ മകൾക്കു വേണ്ടിയായിരുന്നു. ഇപ്പോൾ അതു രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. ഈ കേസിൽ പ്രതികളെ തൂക്കിലേറ്റുന്നതോടെ ഇവിടത്തെ സ്ത്രീകൾക്കെല്ലാം അതിന്റെ ഗുണം ലഭിക്കും. ഇനി ഇത്തരമൊരു തെറ്റു ചെയ്യാൻ  ക്രിമിനലുകൾ ഒന്നു മടിക്കും.

? മകളുടെ കുട്ടിക്കാലത്തെയും മറ്റും ചിത്രങ്ങളല്ലാതെ, അവളുടെ സ്മരണിക പോലെ ഒന്നും ഇവിടെ കാണുന്നില്ല...

അതു വയ്ക്കും. പ്രതികളെ തൂക്കിലേറ്റിയതിനു ശേഷം. അതിനു ശേഷമേ അവളുടെ ചിത്രം വയ്ക്കാവൂ എന്നത് എന്റെ വാശിയാണ്. എന്നോടു തന്നെയുള്ള ഓർമപ്പെടുത്തലാണത്. ഇപ്പോൾ അവളുടെ പേരിലുള്ള ട്രസ്റ്റിന്റെ ഒരു ചെറിയ ബോർഡ് മാത്രമാണു ഭിത്തിയിലുള്ളത്.

? ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചു കൊന്ന പ്രതികളെ വി.സി.സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഏറ്റുമുട്ടലിൽ വധിച്ചുവല്ലോ. അതു കേട്ടപ്പോൾ എന്തു തോന്നി.

(ആദ്യമായി ചുണ്ടിൽ ചിരി വിരിയുന്നു)  

സന്തോഷം. ഒരുപാട് സന്തോഷം. അതാണു ശരിക്കും നീതി. ആ കുടുംബത്തിന്  എന്നെപ്പോലെ കോടതികൾ കയറിയിറങ്ങേണ്ടി വന്നില്ലല്ലോ. നീതിക്കായി വർഷങ്ങൾ അലയേണ്ടി വന്നില്ലല്ലോ. ആ അച്ഛനും അമ്മയ്ക്കും നീതി ലഭിച്ചുകഴിഞ്ഞു.

–നീതി കിട്ടാതെ ഞാൻ എത്രയോ വർഷം കരഞ്ഞു. കരഞ്ഞുകരഞ്ഞ് എനിക്കു ധൈര്യം വന്നു. പോരാട്ടം തുടങ്ങിയത് എന്റെ മകൾക്കു വേണ്ടിയായിരുന്നു. ഇപ്പോൾ അതു രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. 

∙ ആശാദേവി

‘‘എന്റെ മക്കളെ ഞാൻ ഉപദേശിക്കേണ്ടതുണ്ടോ?’’

നിർഭയയ്ക്കു 2 സഹോദരന്മാരുണ്ട്, ഒരാൾ പൈലറ്റായി. മറ്റേയാൾ എംബിബിഎസ് അവസാനവർഷ വിദ്യാർഥി. സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച്  ഈ മക്കൾക്ക് എന്ത് ഉപദേശമാണ് അമ്മ നൽകിയിരിക്കുന്നതെന്ന ചോദ്യത്തിന് ആശാദേവി ചടുലതയോടെ മറുപടി നൽകി

‘‘എന്തിന്... എന്തിനു ഞാനവരെ ഉപദേശിക്കണം. അവരുടെ സഹോദരിയുടെ ദുരിതം ആ കുട്ടികൾ നേരിൽ കണ്ടതല്ലേ. അതിനു ശേഷം ഞാൻ അനുഭവിക്കുന്ന നോവു കാണുകയല്ലേ. അവർക്ക് അതിലും വലിയ എന്ത് ഉപദേശമാണ് ഞാൻ നൽകുക. അവർ ഒരിക്കലും സ്ത്രീകളോടു മോശമായി പെരുമാറുന്നവരാകില്ല...’’

nirbahaya-mom-dad
ആശാദേവി, ബദ്രിനാഥ് സിങ്

ഉള്ളുലഞ്ഞ് ഒരച്ഛൻ...

മാധ്യമങ്ങളോട് ഏറെയൊന്നും സംസാരിക്കുന്നില്ല നിർഭയയുടെ അച്ഛൻ ബദ്രിനാഥ് സിങ്. ന്യൂഡൽഹിയിൽ എയർപോർട്ട് ജീവനക്കാരനായ അദ്ദേഹം പതിവായി ജോലിക്കു പോകുന്നു, കുടുംബം നോക്കുന്നു. ഇങ്ങനെ ഏറെക്കുറെ നിശ്ശബ്ദമായ ജീവിതമാണു നയിക്കുന്നത്. മകളെ കുറിച്ചു സംസാരിക്കാനാവാതെ പലപ്പോഴും മാധ്യമങ്ങളോടു മുഖം തിരിച്ചുനിൽപാണ് അദ്ദേഹം. 

എങ്കിലും മകൾക്കു ദുരന്തം സംഭവിച്ച രാത്രിയെ കുറിച്ച് ആ അച്ഛൻ സംസാരിച്ചു – ‘‘ അന്നു രാത്രി 11 മണി കഴിഞ്ഞിട്ടുണ്ടാകും. പൊലീസാണു വിളിച്ചത്. മകൾക്ക് അപകടം പിണഞ്ഞുവെന്നേ പറഞ്ഞുള്ളു. അവിടെ ചെല്ലുമ്പോഴാണു മോൾ ആ അവസ്ഥയിലാണെന്നു മനസ്സിലായത്’’

വാക്കുകൾ മുറിഞ്ഞ് അദ്ദേഹം സംസാരം ഇടയ്ക്ക് നിർത്തി. അൽപനേരം കഴിഞ്ഞു വീണ്ടും മകളെക്കുറിച്ചു പറഞ്ഞു.

‘‘എന്റെ കുടുംബത്തിലെ ആകെയുള്ള 2 പെൺകുട്ടികളിൽ ഒരാളായിരുന്നു അവൾ. ഞങ്ങളുടെ ഏക മകൾ. രണ്ടു പുത്രന്മാരുടെ ചേച്ചി. പഠിച്ചു ജോലി നേടി എന്റെ കഷ്ടപ്പാടുകളിൽ തുണയാകണമെന്ന് ആഗ്രഹിച്ചവൾ. ആ മകളെയാണു ഞങ്ങൾക്കു നഷ്ടമായത്.’’

ഓർമകൾ ഉള്ളുരുക്കിയതുകൊണ്ടാകും അദ്ദേഹം വേഗം തന്നെ സംസാരം അവസാനിപ്പിച്ചു വീടിനു പുറത്തേക്കു പോയി.

nirbhaya-candle

നീതിയുടെ മെഴുകുതിരിവെട്ടം

നിർഭയയുടെ വീടിനു സമീപത്തെ റോഡിനോടു ചേർന്ന് ഒരു ബാനർ കെട്ടിയിട്ടുണ്ട്. ‘നിർഭയ മാംഗെ ഇൻസാഫ്’ (നിർഭയ നീതി തേടുന്നു) എന്നെഴുതിയ ബാനറിനു താഴെ ഉരുകിവീണ മെഴുകുതിരികൾ. ഏതാനും നാളുകളായി ഇവിടെ എന്നും രാത്രി എട്ടുമണിക്ക് നിർഭയയുടെ അമ്മ ദീപം തെളിക്കും. അതിൽനിന്നു ദീപപ്പകർച്ച ഏറ്റുവാങ്ങാൻ സമീപവാസികളായ കുറെയേറെ ആൾക്കാർ എന്നും വരും. ചിലപ്പോൾ പല നാടുകളിൽനിന്ന് അറിഞ്ഞുകേട്ട് എത്തുന്നവരുമുണ്ടാകും. കേസിലെ പ്രതികളെ തൂക്കിലേറ്റും വരെ ഇതു തുടരാനായിരുന്നു തീരുമാനം.

പ്രതികൾക്കു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാൽ ഇവിടെ മെഴുകുതിരിവെട്ടം തെളിയില്ല. പക്ഷേ, നിർഭയ എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണയായി എന്നും നിലനിൽക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA