ADVERTISEMENT

കോവിഡ് 19 രോഗകാലം കേരളത്തിലെത്തിയ വിദേശ വിനോദസഞ്ചാരികൾക്ക് അവഗണനയുടെയും ആട്ടിപ്പായിക്കലിന്റെയും മുൻവിധി നിറഞ്ഞ പെരുമാറ്റങ്ങളുടെയും ദുരിതകാലം കൂടിയായത് നമ്മുടെ ആതിഥേയത്വത്തിനുമേൽ വലിയ കളങ്കമാണു വരുത്തിവയ്ക്കുന്നത്. സഞ്ചാരികളോടുള്ള മോശം പെരുമാറ്റം ഇനിയും തുടരുകയാണെങ്കിൽ അതിലൂടെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ എന്നും മായാത്ത കരിനിഴലാവും വന്നുവീഴുക.

രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ അവർക്കു ന്യായമായും ലഭിക്കേണ്ട ആതിഥേയത്വം നിഷേധിക്കുന്നതിലൂടെ നാം എന്താണു നേടുന്നത്? ‘കൊറോണ’ എന്നു വിളിച്ചുകൂവി വിദേശിയെ അപമാനിച്ചോടിച്ചു വിടുന്നതാണോ നമ്മുടെ സംസ്കാരം? താമസിക്കാൻ മുറി ലഭിക്കാതെയും സഹായ അഭ്യർഥനകൾ നിരാകരിക്കപ്പെട്ടും അർജന്റീനക്കാരിയായ വനിതയ്ക്കു തിരുവനന്തപുരം നഗരത്തിൽ രാത്രി ഒറ്റപ്പെടേണ്ടിവന്ന സങ്കടകഥ, വിദേശികൾ നമ്മുടെ നാട്ടിൽ ഇപ്പോൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടസ്ഥിതി വ്യക്തമാക്കുന്നു. അവഗണനയിൽ മനംനൊന്ത് റോഡരികിൽ നിന്നു കരഞ്ഞിട്ടും ആരും സഹായിക്കാതിരുന്ന സാഹചര്യത്തിൽ, പൊലീസ് ഇടപെടലാണ് ഇവർക്ക് ആശ്വാസമായത്.

വിദേശ സ‍ഞ്ചാരികൾക്ക് ഇതുപോലെ ദുരനുഭവങ്ങളേറെ ഇവിടെനിന്ന് ഉണ്ടായിക്കഴിഞ്ഞു. താമസസൗകര്യം കിട്ടാതെ സെമിത്തേരിയിൽ കിടന്നുറങ്ങേണ്ടിവന്നതും ബസിൽനിന്ന് ഇറക്കിവിട്ടതും കൊയ്യാറായ നെൽപാടം കിടപ്പാടമാക്കേണ്ടിവന്നതും കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കുപോലും താമസിക്കാൻ മുറി കിട്ടാത്തതും തുടങ്ങി എത്രയോ സങ്കടാനുഭവങ്ങളാണ് അവർക്കു ദൈവത്തിന്റെ സ്വന്തം നാട് ഇതിനകം ‘സമ്മാനിച്ചിരിക്കുന്നത്’ . വർഷം മുഴുവനും സ്വരുക്കൂട്ടിവയ്ക്കുന്ന തുകകൊണ്ടു യാത്ര ചെയ്ത് ഇവിടെയെത്തുന്ന വിദേശികൾ ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ നാം മനസ്സിലാക്കേണ്ടതല്ലേ?

കേരളത്തിൽ ഇപ്പോൾ അയ്യായിരത്തിലേറെ വിദേശ സഞ്ചാരികൾ ഉണ്ടെന്നാണു കണക്ക്. ഇവരെല്ലാവരും രോഗവാഹകരല്ലെന്ന തിരിച്ചറിവാണു നമുക്കാദ്യം ഉണ്ടാവേണ്ടത്. റിസോർട്ടിൽ നിന്നു മുങ്ങിയതുൾപ്പെടെ ചുരുക്കം വിദേശ സ‍ഞ്ചാരികളിൽനിന്നുണ്ടായ ദുരനുഭവങ്ങൾ ഇവരുടെമേൽ പൊതുവായി ചാർത്താവുന്ന മുൻവിധിയായിക്കൂടാ. അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ലെന്നു മലയാള മനോരമയിൽ കഴിഞ്ഞ ദിവസം എഴുതിയതു മോഹൻലാലാണ്. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാൽ നമുക്കു താങ്ങാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

വിദേശ സഞ്ചാരികളോടു മോശമായി പെരുമാറരുതെന്ന് അവർക്കുണ്ടായ ദുരനുഭവങ്ങൾ മുന്നിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഓർമിപ്പിച്ചുകഴിഞ്ഞു. അവർക്കുണ്ടാവുന്ന ഇത്തരം അനുഭവങ്ങൾ കേരളത്തിന്റെ പ്രതിഛായയെയും നമ്മുടെ വിനോദസഞ്ചാര മേഖലയെയും ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. മനുഷ്യത്വത്തെ ഹനിക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഉറപ്പാക്കേണ്ടതു നാം ഓരോരുത്തരുമാണ്. രോഗപ്രതിരോധത്തിനു വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയുമ്പോൾ ജനങ്ങൾ അത് ഉൾക്കൊള്ളുകതന്നെ വേണം.

താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശ വിനോദസഞ്ചാരികൾക്കു പൊലീസ് സേവനം ലഭ്യമാക്കുമെന്ന വിവരം ആശ്വാസകരമാണ്. ഇവരെ കണ്ടെത്തിയാലുടൻ പൊലീസ് ഉദ്യോഗസ്ഥർ ടൂറിസം വകുപ്പിനെ വിവരം അറിയിക്കണമെന്നും താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിക്കഴിഞ്ഞു. സഞ്ചാരികളുടെ സഹായത്തിനായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെൽപ് ഡെസ്ക്കുകൾ ജില്ലാതലത്തിൽ പ്രവർത്തനം തുടങ്ങുന്നതും ശുഭദിശയിലുള്ള തീരുമാനമാണ്.

ഇപ്പോൾ ചിലരിൽനിന്നുണ്ടാവുന്ന ദുർമുഖമുദ്രകൾ വിദേശസഞ്ചാരികളോടു ‘നന്ദി, വീണ്ടും വരരുത്!’ എന്നാണു പറയുന്നതെന്ന് കേരളത്തെ സ്നേഹിക്കുന്നവർ മനസ്സിലാക്കിയേതീരൂ. നമ്മുടെ ടൂറിസം വാതിൽ നാംതന്നെ അടച്ചുകൂടാ. കോവിഡ് ഭീതിക്കിടെ, പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു ബുദ്ധിമുട്ടിയ ഫ്രഞ്ച് യുവതിക്കും മകനും നമ്മുടെ പൊലീസ് ഹൃദയപൂർവം കൈത്താങ്ങായതു പോലുള്ള സ്നേഹാനുഭവങ്ങൾ കരുതലിന്റെ മാതൃകയായി ഈ വേളയിൽ കേരളത്തിനു മുന്നിലുണ്ടാവട്ടെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com