ADVERTISEMENT

ആൽബേർ കമ്യുവിന്റെ ‘ദ് പ്ലേഗ്’ ശരിക്കും പറഞ്ഞാൽ കൊറോണക്കാലത്ത് വായിക്കാൻ പാടില്ലാത്ത നോവലാണ്. ഒരു മഹാമാരിയുടെ കാലത്തു മറ്റൊരു മഹാമാരിയുടെ കഥ ഒട്ടും ആശ്വാസകരമാകില്ലല്ലോ. എന്നിട്ടും വർഷങ്ങൾക്കു ശേഷം അതിലേക്കു ഞാൻ തിരിച്ചു പോയത്, ആ നോവൽ വിവരിക്കുന്നതു പ്ലേഗിനെക്കാൾ കൂടുതലായി, അതു സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ് എന്ന ഓർമയിലാണ്.

അൽജീറിയയിലെ ഒറാൻ എന്ന പട്ടണത്തിൽ 1940കളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനപഹരിച്ച പ്ലേഗിനെക്കുറിച്ചാണു നോവൽ. ആ പട്ടണം ഉള്ളതാണ്, പക്ഷേ പ്ലേഗ് സാങ്കൽപികമായിരുന്നു. അവിടെ പ്ലേഗ് ഉണ്ടായതു പഴയ കാലത്താണ്. അതിനെ 1940കളിലേക്കു കൊണ്ടുവരാനുള്ള കാരണം, ആ കാലത്താണു നാത്‌സികൾ പാരിസ് കീഴ്പ്പെടുത്തുന്നത്. തന്റെ നോവലിൽ ആ സംഭവത്തിന്റെ മാറ്റൊലിയുണ്ടെന്ന് കമ്യു പിന്നീടു പറഞ്ഞിട്ടുണ്ട്.

ചത്ത ഒരു എലിയിൽനിന്നാണു കഥ തുടങ്ങുന്നത്. അധികം താമസിയാതെ ആ എലിയെ കണ്ടെത്തിയ ആൾ മരിക്കുന്നു. അയാളെ ചികിത്സിച്ച ഡോക്ടർ ബെർണാഡ് റീക്സാണ് നഗരത്തിൽ ബാധിച്ചിരിക്കുന്ന അസുഖം പ്ലേഗാണെന്ന് ആദ്യമായി സംശയിക്കുന്നതും പറയുന്നതും. എന്നാൽ, അധികൃതർക്ക് അതു സ്വീകാര്യമായിരുന്നില്ല. അതിനു പല മരണങ്ങൾ കൂടി കഴിയേണ്ടിയിരുന്നു. കോവിഡിന്റെ ആദ്യ നാളുകളിൽ ചൈനയിലെ വുഹാനിൽ, അവിടത്തെ അധികൃതർ കോവിഡിനെ അംഗീകരിക്കാത്തതിനെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകളുമായി ഈ സംഭവത്തിനുള്ള സാമ്യം യാദൃച്ഛികമായിരിക്കാം.

മഹാമാരിയെ എത്ര പെട്ടെന്നാണു ജനങ്ങൾ ഒരു ശല്യമായി കാണുന്നതെന്ന് കമ്യു നോവലിൽ വരച്ചുകാട്ടുന്നു. നഗരകവാടങ്ങൾ അടച്ച്, ഒറാൻ പട്ടണം സമ്പർക്കവിലക്കിൽ കഴിയുന്ന നാളിൽ, പട്ടണത്തിൽ കുടുങ്ങിയ പാരിസിൽനിന്നുള്ള പത്രപ്രവർത്തകൻ ഡോക്ടർ റീക്സിനെ കാണാനെത്തുന്നു. അയാൾക്കു വേണ്ടത്, പാരിസിലേക്കു മടങ്ങാൻ താൻ പൂർണ ആരോഗ്യവാനാണെന്ന സാക്ഷ്യപത്രമാണ്. ഡോക്ടർ റീക്സ് അതു നൽകാൻ വിസമ്മതിക്കുന്നു. അയാൾ പറഞ്ഞു, ‘‘നിങ്ങളെപ്പോലെ ആയിരക്കണക്കിന് ആളുകളുണ്ട്.” കമ്യുവിന്റെ ഭാഷയിൽ, മഹാമാരികൾ “വ്യക്തികളുടെ സവിശേഷത” ഇല്ലാതാക്കുന്നു. അതിനു മുൻപിൽ എല്ലാവരും നിസ്സഹായരാണ്; വലുപ്പവും ഇളപ്പവും ഇല്ല. 

മഹാമാരി പോലുള്ള സാമൂഹികവിപത്തിന്റെ സമയത്തു സ്വാർഥതയാണ് ഏറ്റവും വലിയ തിന്മ. ഒരുപക്ഷേ, കൊറോണക്കാലത്ത് എല്ലാവരും വായിച്ചിരിക്കേണ്ട നോവലാണ് ‘ദ് പ്ലേഗ്’.

കോവിഡിനെക്കുറിച്ച് വളരെയധികം ആശങ്ക ഉളവാക്കുന്ന കണ്ടെത്തലുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ ശാസ്ത്രവാരികയായ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് ഒരു പുതിയ രോഗമായതിനാൽ – വൈറസിന്റെ പേരുതന്നെ നോവൽ (പുതിയ) കൊറോണ വൈറസ് എന്നാണ് – അതിന്റെ സംക്രമണത്തെയോ ചികിത്സയെയോ പറ്റി അധികം ധാരണയില്ലാത്ത കാലത്താണ് ലോകരാഷ്ട്രങ്ങൾ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

കോവിഡിനു കാരണമായ വൈറസ് വിവിധ പ്രതലങ്ങളിൽ എത്രനേരം ജീവിക്കും എന്നതു സംബന്ധിച്ചുള്ള കണ്ടെത്തലുകളാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ വന്ന പഠനത്തിലുള്ളത്. അതനുസരിച്ച് തുമ്മൽ, ഉമിനീര് തുടങ്ങിയവ പുറപ്പെടുവിക്കുന്ന കണികകളിൽ (എയ്റോസോൾ) കൂടി പ്രസരിക്കുന്ന വൈറസ് പൂർണമായി നശിക്കാൻ മൂന്നു മണിക്കൂർ സമയമെടുക്കും. പ്ലാസ്റ്റിക്കിലും സ്റ്റീലിലും കാലാവധി 72 മണിക്കൂറാണ്; പ്രതലം ചെമ്പാണെങ്കിൽ 4 മണിക്കൂറും. കാർഡ്ബോർഡിൽ വൈറസ് പൂർണമായി ഇല്ലാതാകാൻ 24 മണിക്കൂറെടുക്കും.

നിത്യജീവിതത്തിൽ നാം എല്ലായ്പ്പോഴും ഉപയോഗിക്കുന്ന സ്റ്റീൽ, കാർഡ് ബോർഡ് തുടങ്ങിയ വസ്തുക്കളിലും വായുവിലും വൈറസ് അൽപായുസ്സല്ലെന്ന കണ്ടെത്തൽ ഈ മഹാമാരിയോടുള്ള പോരാട്ടം നീണ്ടതാണെന്നും ഒരിക്കലും ജാഗ്രത കൈവിടാൻ പാടില്ലെന്നും അടിവരയിട്ട് വീണ്ടും ഓർമിപ്പിക്കുന്നു.

രാജേന്ദ്ര മൈതാനത്തോട് ചെയ്യരുതാത്തത് 

എറണാകുളത്തെ രാജേന്ദ്ര മൈതാനത്തിന് ഒരു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുണ്ട്. അത് ഒരുകാലത്തു പട്ടണത്തിൽ പൊതുയോഗങ്ങൾക്കായുള്ള ഇടമായിരുന്നു. ലണ്ടനിലെ ഹൈഡ് പാർക്ക് പോലെ ആർക്കും പ്രതിഷേധിച്ചുകൊണ്ടു പ്രസംഗിക്കാവുന്ന വേദി. സ്ഥാനത്യാഗം ചെയ്ത കൊച്ചി രാജാവ് രാമവർമയുടെ ഷഷ്ടിപൂർത്തി സ്മാരകമായാണ് ഇത് 1912ൽ നിലവിൽ വന്നത്. സ്വാതന്ത്ര്യസമരം കത്തിപ്പടർന്നു കയറിയ നാളുകളിലായിരിക്കണം അതൊരു പ്രസംഗവേദിയായി മാറിയത്. അക്കാലത്ത് അവിടെ എല്ലാ വെള്ളിയാഴ്ചകളിലും സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരാൾ പ്രസംഗിച്ചിരുന്നു: ‘ജൂത ഗാന്ധി’ എന്നു പേരുള്ള സ്വാതന്ത്ര്യസമര സേനാനി എ.ബി.സേലം. അങ്ങനെ മൈതാനം ‘സേലം മൗണ്ട്’ (സേലത്തിന്റെ കുന്ന്) എന്ന പേരിൽ നാട്ടുകാരുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങി.

പ്രതിഷേധങ്ങളിരമ്പിയ സ്ഥലമായിരുന്നു സേലം മൗണ്ട്. 1947 ഒക്ടോബർ 18ന് അന്നത്തെ കൊച്ചീരാജ്യത്തെ അടിയന്തരാധികാരനിയമ വിരുദ്ധ പ്രതിഷേധ യോഗത്തിനെതിരെ പൊലീസ് ക്രൂരമായി ലാത്തിപ്രയോഗം നടത്തിയതായി ചരിത്രമുണ്ട്. 1950കളിൽ, ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദിന്റെ പേരിൽ മൈതാനം അറിയപ്പെടാൻ തുടങ്ങി. രാജേന്ദ്ര മൈതാനത്തു പ്രസംഗിക്കാത്ത ദേശീയ, സംസ്ഥാന നേതാക്കൾ കുറവാണ്.

ആ ശീലമെല്ലാം മാറി, രാജേന്ദ്ര മൈതാനത്തിന്റെ ദുർഗതി ആരംഭിച്ചത് അതു ഗ്രേറ്റർ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) ഏറ്റെടുത്തതു മുതലാണ്. അന്നു തുടങ്ങി ഭരണപരിഷ്കാരങ്ങൾ. രാജേന്ദ്ര മൈതാനം പൊതുജനങ്ങൾക്ക് അപ്രാപ്യമാക്കി. കൊച്ചിക്കായലിലേക്കും അഴിമുഖത്തേക്കും ഏറ്റവും നല്ല ദൃശ്യം സമ്മാനിച്ച ഈ സ്ഥലത്തെ, ലേസർ ഷോയുടെ പേരിൽ ജിസിഡിഎ അടച്ചുകെട്ടി. ലേസർ ഷോ ജനങ്ങൾ നിരാകരിച്ചപ്പോൾ ഇപ്പോൾ അത് റസ്റ്ററന്റായി പരിണമിച്ചിരിക്കുന്നു. മത്തായി മാഞ്ഞൂരാനെപ്പോലെയുള്ള വാഗ്മികളുടെ എരിവും പുളിയും ചേർത്ത പ്രസംഗങ്ങൾ കത്തിക്കയറിയ ഇടത്ത് ഇപ്പോൾ എരിവും പുളിയും പാചകശാലയിലേക്ക് ഒതുക്കിയിരിക്കുന്നു. റോഡുകളെയും പാർക്കുകളെയും പാലങ്ങളെയും പോലെ തന്നെ, ഒരു നഗരത്തിന് തുറന്ന പൊതുവേദികളും ആവശ്യമാണ്. കൊച്ചിക്കു പഴയ രാജേന്ദ്ര മൈതാനം തിരിച്ചുനൽകുകയാണ് ജിസിഡിഎ ചെയ്യേണ്ടത്.

സ്കോർപ്പിയൺ കിക്ക്: കൊറോണക്കാലത്ത് ആൾക്കൂട്ടം ഒഴിവാക്കാനെന്നു പറഞ്ഞ് മദ്യവിൽപനശാല യൂത്ത് കോൺഗ്രസുകാർ പൂട്ടിച്ചു.

അത് ആൾക്കൂട്ടമായിച്ചെന്നു ചെയ്തത് ബെസ്റ്റ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com