sections
MORE

വെർച്വൽ ക്ലാസ് റൂമിലെ കൊറോണ ബാച്ച് !

rafeefa-parveen
വെർച്വൽ ക്ലാസിൽ പങ്കെടുക്കുന്ന റഫീഫ പർവീൺ.
SHARE

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല സർവകലാശാലകളും ഓൺലൈൻ ക്ലാസ് മുറികളിലേക്ക് മാറിയിരിക്കുന്നു. ക്വാറന്റീൻ കാലത്തെ വെർച്വൽ ക്ലാസ് അനുഭവം പങ്കുവയ്ക്കു‌കയാണ് വിദ്യാർഥിനി... 

റഫീഫ പർവീൺ

ബിഎ സ്പാനിഷ് മൂന്നാം വർഷം

ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്

DEVIKA: Who has a pet crow?

KARTHIK: crows have joined the call

NIRMAL: കാക്കേ കാക്കേ കൂടെവിടെ?

ANIL: Whats that is English

KARTHIK: Shoo shoo crow away

ഗഹനമായൊരു ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയിലിരുന്ന് കാക്കകൾ സംഘഗാനം പാടിയാൽ എങ്ങനെയിരിക്കും? മികച്ച സംവിധാനങ്ങളുള്ള സർവകലാശാലാ ക്ലാസ് മുറികളിൽ അത്തരമൊരു അനാവശ്യ ശബ്ദം കേൾക്കാൻ വഴിയില്ല. എന്നാൽ, കോഴിയും പൂച്ചയും പശുവുമൊക്കെ കരയുന്ന ക്ലാസ് മുറിയുടെ ‘ഫണ്ണി ഫീൽ’ ആണ് കോവിഡ്19 ക്വാറന്റീൻ കാലത്തെ വെർച്വൽ ക്ലാസിന്. 

രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, പ്രത്യേകിച്ചും വിദൂരഗ്രാമങ്ങളിൽനിന്നുള്ളവർ വീട്ടിലെത്തി വിഡിയോ കോൺഫറൻസ് വഴി ഒരു ക്ലാസ് മുറിയായി മാറുമ്പോൾ അത് അത്രമേൽ വൈവിധ്യപൂർണമാണ്. വീട്ടിലെയും പരിസരത്തെയും ശബ്ദങ്ങളെല്ലാം ക്ലാസ് മുറിയിലേക്കു കയറിവരുന്നു. അത്തരമൊരു ചാറ്റാണ് ആദ്യം കാണിച്ചത്. വീടുകളിലെ കുറഞ്ഞ സൗകര്യങ്ങളിൽ, പലപ്പോഴും ദുർബലമായ മൊബൈൽ നെറ്റ്‌വർക്കുകൾ വഴി ഞങ്ങൾ ഇപ്പോഴും ചേർന്നിരിക്കുന്നു. കോവിഡ് ബാധയുടെ നിർണായകഘട്ടത്തിൽ ദീർഘദൂര യാത്ര ചെയ്യേണ്ടി വന്നതിനാൽ എല്ലാവരും അവരവരുടെ വീട്ടിൽ നിരീക്ഷണത്തിലാണ്. വെർച്വൽ ക്ലാസ് റൂം പുതിയ അനുഭവമല്ലെങ്കിലും ഇത്രയും പേർ സ്വന്തം വീടുകളി‍ൽനിന്ന് ക്ലാസിൽ പങ്കെടുക്കുന്ന അനുഭവം ഇതാദ്യമാണ്.

വാട്സാപ് ഗ്രൂപ്പിൽ ‘പ്രസന്റ് സർ’ എന്നു പറഞ്ഞ് ഹാൻഡ്സ് അപ് ഇമോജി ഇടുന്നതോടെ ക്ലാസിനകത്തായി. ഗൂഗിൾ ക്ലാസ് റൂം, ഹാങ് ഔട്ട്, സൂം, സ്കൈപ്, വാട്സാപ് എന്നിവയാണ് പ്രധാന പണിയായുധങ്ങൾ. ചിലത് മൊബൈലിൽ, ചിലത് ലാപ്ടോപ്പിൽ. ക്ലാസിലെ തമാശകളും വൈകി വരവും നേരത്തേ ചോദിച്ച് പോകുന്നതുമൊക്കെ ഇവിടെയുമുണ്ട്. പലരുടെയും യൂസർനെയിം തന്നെ ചിരിക്കു വകയാണ്. 

ക്വാറന്റീൻ തുടങ്ങിയതിനു പിന്നാലെ ഓൺലൈൻ ക്ലാസുകളുടെ അറിയിപ്പും വന്നു. പലരും പുതിയ സംവിധാനങ്ങൾ പഠിച്ചു വരുന്നേയുള്ളൂ. രാജ്യത്തിന്റെ എല്ലായിടത്തും ഹൈസ്പീഡ് ഇന്റർനെറ്റ് ഇല്ലാത്തതു പ്രശ്നമാണ്. ഇതു കൊണ്ട് ചിലർ അപ്രതീക്ഷിതമായി ക്ലാസിൽനിന്ന് അപ്രത്യക്ഷരാകും. എല്ലാ ക്ലാസും ഒരു പ്രഭാഷണം പോലെ അവസാനിപ്പിക്കാൻ കഴിയില്ലല്ലോ. സാഹിത്യം, ഭാഷ എന്നിവയിൽ ചർച്ച ഒഴിവാക്കാൻ കഴിയില്ല.  പഠനസാമഗ്രികൾ ശേഖരിക്കാനും വർക്കുകൾ സബ്മിറ്റ് ചെയ്യാനും ഗൂഗിൾ ക്ലാസ്റൂം പോലുള്ള ആപ്പുകൾ വഴി സാധിക്കും. സമർപ്പിക്കേണ്ട അവസാനതീയതി പ്രഫസർമാർക്ക് സെറ്റ് ചെയ്യാമെന്നതിനാൽ ഉഴപ്പാൻ പറ്റില്ല. 

വീടുകളിലെ പശുവും പൂച്ചയുമൊക്കെ കരയുന്നതിനാൽ ‘സ്വിച്ച് ഓഫ് യുവർ മൈക്രോഫോൺ’ ആണ് ഏറ്റവും കൂടുതലുള്ള കമന്റ്. ചോദ്യം വരുമ്പോൾ മറ്റൊരു ആപ് വഴി സഹപാഠികളെ സൂത്രത്തിൽ സഹായിക്കുന്നതും അങ്ങനെ എല്ലാവരുടെയും ഉത്തരം വള്ളിപുള്ളി വിടാത്ത കോപ്പി ആയതുകണ്ട് അധ്യാപിക നെടുവീർപ്പിടുന്നതും മറ്റൊരു രസം. തിങ്കൾ മുതൽ എല്ലാം ശരിയാവുമെന്നു കരുതുന്നു. ക്ലാസ് എങ്ങനെയൊക്കെ പോയാലും ഞങ്ങളുടെ ബാച്ചിന് ‘കൊറോണ ബാച്ച്’ എന്നു പേരു വീണു കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA