ADVERTISEMENT

നമുക്കരികിലെത്തുമെന്നു കുറച്ചാഴ്ച മുൻപുവരെ കേരളം ചിന്തിച്ചിട്ടില്ലായിരുന്ന കോവിഡ് 19 ഇവിടെയും വരവറിയിച്ചുകഴിഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ മാതൃകാപരമായ പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനത്തെ നമുക്ക് ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുമുണ്ട്. അതേസമയം, സങ്കൽപാതീതമായ വിധത്തിൽ വ്യാപനശേഷിയുണ്ടെന്നു കരുതുന്ന ഈ രോഗബാധയ്ക്ക് ഉണ്ടായേക്കാവുന്ന മൂന്നാം ഘട്ടത്തെ നേരിടാൻ നാം ജാഗ്രതാനില പരമാവധി വർധിപ്പിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ ആശങ്കാജനകമായ സമൂഹവ്യാപനമാണു രോഗബാധയുടെ മൂന്നാം ഘട്ടമായി പല രാജ്യങ്ങളിലും ഇതിനകം ഉണ്ടായതെന്നിരിക്കെ പ്രത്യേകിച്ചും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം നാളെ രാജ്യത്ത് ആചരിക്കാനിരിക്കുന്ന ‘ജനതാ കർഫ്യൂ’ ഇനിയങ്ങോട്ടു നാം പാലിക്കേണ്ട അതിജാഗ്രതയുടെ മുഖവുരയായി വേണം കാണാൻ.

കോവിഡിനെ ഫലപ്രദമായി നേരിടാൻ ക്ഷമയും ദൃഢനിശ്ചയവുമാണു വേണ്ടതെന്നും രോഗത്തെ നിസ്സാരമായി കാണാതെ സ്വയംനിയന്ത്രണം പാലിച്ച് പ്രതിരോധിക്കണമെന്നുമാണു കഴിഞ്ഞ ദിവസത്തെ സന്ദേശത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചത്. ആദ്യ ദിവസങ്ങൾക്കുശേഷം രോഗം പെട്ടെന്നു പടർന്നുപിടിക്കുന്ന പല രാജ്യങ്ങളും സാമൂഹിക ഇടപഴകലിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാണ് ഈ അസാധാരണ സാഹചര്യത്തെ നേരിടുന്നത്. അതിനാൽ, അടുത്ത ഏതാനും ആഴ്ചകളിൽ രാജ്യത്ത് എല്ലാവരും യാത്രാനിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ കർശനമായി പാലിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കുന്നതിനു പകരം, ജനം തന്നെ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്നതിനു തുടക്കമിടണമെന്നോണമാണ് ‘ജനതാ കർഫ്യൂ’ എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.

ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിക്കു പുതുമയല്ല. പക്ഷേ, ഇപ്പോഴത്തേതുപോലെ അതിരൂക്ഷമായ വൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണെന്നിരിക്കെ അതിനെതിരെ നാം നടത്തേണ്ട യുദ്ധവും ശക്തമാക്കേണ്ടതുണ്ട്. കരുതലോടെയും വിവേകത്തോടെയും ഈ പ്രതിസന്ധി നേരിടേണ്ടതിനെക്കുറിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപനത്തിനു മുന്നേതന്നെ നാം കർമോത്സുകരാകേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയാണു കൊറോണ വൈറസ്ബാധയെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമ്മൾ ശ്രമിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കുമെന്നു രാഷ്ട്രപതി പറയുമ്പോൾ അതു രാജ്യം കേൾക്കുകതന്നെ വേണം.

നമ്മുടെ രാജ്യവും സംസ്ഥാനവും വലിയ സാമ്പത്തികമാന്ദ്യത്തിലെത്തി നിൽക്കുകയും അതിൽനിന്നു കരകയറാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കോവിഡ് 19 പടരുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിവേരിളക്കാൻ പോന്ന വൈറസാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആശങ്കപ്പെടുന്നവരുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കോവിഡ് കടുത്ത ആഘാതമേൽപിക്കുമെന്നു പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ആശ്വാസ നടപടികൾക്കായി ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ രൂപീകരിച്ച സാമ്പത്തിക പ്രതികരണ കർമസമിതിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ ആത്മവിശ്വാസം പകരേണ്ടതുണ്ട്.

കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. ജനങ്ങളിലേക്കു പണം എത്തിച്ചു വിപണിയുടെ വീഴ്ച പരിഹരിക്കാനാണു ശ്രമം. ഈ നിർണായക വേളയിൽ ആവശ്യമായ കൈത്താങ്ങുമായി കേന്ദ്രം കേരളത്തിനൊപ്പം ഉണ്ടാവുകയും വേണം.

രാജ്യത്തു കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള ലക്ഷണങ്ങൾ ഇതുവരെയില്ലെന്ന് ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ആവർത്തിച്ചിട്ടുണ്ടെങ്കിലും ഇനിയങ്ങോട്ടു നിർബന്ധമായും നാം വർധിപ്പിക്കേണ്ടിയിരിക്കുന്ന ജാഗ്രതാനിലയെ അതു ബാധിക്കാൻ പാടില്ല. സൂക്ഷ്മശ്രദ്ധയോടെ, പരമാവധി ജാഗ്രതയോടെ, ബഹുമുഖസ്പർശിയായ പ്രതിരോധ സംവിധാനങ്ങളിലൂടെയൊക്കെയാവണം, നാം കോവിഡിനെതിരെ പടപൊരുതേണ്ടത്.

നാളത്തെ ജനതാ കർഫ്യൂവിലൂടെ ഇന്ത്യൻ ജനത വിളംബരം ചെയ്യുന്ന നാടുണർത്തലും ഇതുതന്നെയാണ്: അങ്ങേയറ്റത്തെ ജാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപിക്കുകതന്നെ ചെയ്യും.

English Summary: Covid 19 restrictions needs to be implemented strictly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com