ADVERTISEMENT

ആളും അനക്കവും ഇടയ്ക്കു കലപില വർത്തമാനവുമൊക്കെയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുറെ ദിവസമായി ‘വർക്ക് അറ്റ് ഹോമാണ്’. നാട്ടിൻപുറത്തുകാരിയായ യുവതി, നഗരത്തിലെ പേയിങ് ഗെസ്റ്റ് മുറിയിൽ ഒറ്റയ്ക്കാണ്. ആഴ്ചയവസാനത്തിൽ പാർട്ടികളും മിക്കവാറും ദിവസങ്ങളിൽ മാളിൽ കറക്കവുമായി കഴിഞ്ഞ യുവതിക്ക്‌ തൊഴിൽ ചുമതലകൾ കഴിഞ്ഞാൽ പിന്നെയുള്ള നേരം ഇങ്ങനെയിരിക്കുമ്പോൾ ശ്വാസം മുട്ടുന്നതിൽ അദ്ഭുതമുണ്ടോ?

കൊറോണ വൈറസിന്റെ ഗതിവിഗതികൾ ഗൂഗിളിലിൽ നോക്കി ആധി ഉൽപാദിപ്പിക്കലാണു പിന്നത്തെ പരിപാടി. വല്ലപ്പോഴുമൊന്നു പുറത്തിറങ്ങുമ്പോൾ ആരെങ്കിലും ചുമച്ചാലോ തുമ്മിയാലോ പേടിയും സംശയവും. മനസ്സിന്റെ പിടിവിടുമോ എന്ന തോന്നൽ വന്നതോടെ വേവലാതിയായി. സമൂഹജീവിയായ മനുഷ്യൻ സമൂഹത്തിൽനിന്ന് അകലം പാലിക്കുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പ്രതിസന്ധിയാണിത്.

ഡിജിറ്റൽലോക സന്തതിയായ യുവതിക്ക് ഇത്രമേൽ വിഷമം തോന്നിയെങ്കിൽ 65 പിന്നിട്ട മുതിർന്ന പൗരന്റെ ആകുലത ഊഹിച്ചു നോക്കൂ. ആരാധനാലയങ്ങളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലുമൊക്കെ സ്ഥിരം പോവുകയും കൂടുന്ന വയസ്സിലേക്കു ജീവിതത്തിന്റെ നിറച്ചാർത്തു കൂട്ടുകയും ചെയ്തിരുന്ന കക്ഷികളുണ്ട്. അതുപോലെ തന്നെ വാർധക്യസഹജമായ രോഗമുള്ളതു കൊണ്ടു വീട്ടിൽ കഴിയുകയും വല്ലപ്പോഴും അവരെ തേടിയെത്തുന്ന സന്ദർശകരിൽനിന്ന് ആശ്വാസം കണ്ടെത്തുകയും ചെയ്തിരുന്നവരുമുണ്ട്.

സാമൂഹിക അകലം പാലിക്കുമ്പോഴുള്ള മനുഷ്യസമ്പർക്ക നഷ്ടങ്ങൾ ഇവർക്കൊക്കെ വിഷമം ഉണ്ടാക്കിയേക്കാം. ഈ അനുഭവത്തെ ഒറ്റപ്പെടലെന്ന നിഷേധവികാരമായി മാറ്റിയെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചവ്യാധി കാലഘട്ടത്തിലെ അനുഷ്ഠാനമായി കണക്കാക്കി, മറ്റുള്ളവരെയും അതിനു പ്രേരിപ്പിക്കുന്ന ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം .

വൈറസ് വ്യാപനം തടയാൻ വേണ്ടി സാമൂഹിക ചക്രവാളങ്ങൾ പരിമിതപ്പെടുത്തണമെന്നതു ചുമതലയാണ്. അതിന്റെ വിഷമങ്ങൾ എല്ലാവർക്കും ഉണ്ടാകാം. എന്നാൽ, ഇതിനെ മറികടക്കാനുള്ള പോസിറ്റീവ് തന്ത്രങ്ങൾ മനുഷ്യമനസ്സിൽ തന്നെയുണ്ട്. നിസ്സഹായതയുടെ കരിമ്പടമിട്ട്, അതിനു പ്രവർത്തിക്കാൻ തടസ്സമുണ്ടാക്കരുത്. 

 എങ്ങനെ പോസിറ്റീവാകാം?

∙ രോഗം പകർത്താനിടയുള്ള സ്രവങ്ങളിൽ (Droplets) നിന്നുള്ള ദൂരം പാലിക്കലാണ് ഇതെന്ന കൃത്യമായ ഉൾക്കാഴ്ച വളർത്തണം. അതിനെ വൈകാരികവും മാനസികവുമായ അകലമായി മാറ്റിയെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൈറസ് വാഹകരോ രോഗമുള്ളവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ വന്നുചേരാൻ ഇടയുള്ള എല്ലാ പൊതു ഇടങ്ങളും ഒഴിവാക്കാൻ വേണ്ട പ്രായോഗിക നടപടി മാത്രമാണെന്ന് ഓർക്കണം. 

∙ സാമൂഹികമായി കൂട്ടുചേർന്നു നേടിയിരുന്ന ഉല്ലാസങ്ങൾക്കൊക്കെ വിലക്കു വരുമ്പോൾ ശൂന്യതാ‌ബോധവും ബോറടിയും സങ്കടവുമൊക്കെ ഉണ്ടാകാം. നോമ്പ് പോലെയോ, വ്രതം പോലെയോ ഭക്തിപൂർവം എല്ലാവരും ആചരിക്കേണ്ട പുണ്യകർമമാണ് ഇതെന്ന് മനസ്സിനെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. നിരീശ്വരവാദിക്ക് ഇതു യുക്തിവിചാരവുമാകണം. അങ്ങനെ നിഷേധവിചാരങ്ങളെയും വികാരങ്ങളെയും തിരുത്തിയെഴുതണം. 

∙ കൂട്ടിലടയ്ക്കപ്പെട്ടു എന്ന തോന്നലിനെയും അസ്വസ്ഥതകളെയും ലഘൂകരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പ്രവൃത്തികൾ കണ്ടെത്തണം. വായനയാകാം; സിനിമ കാണലാകാം. ഓരോരുത്തരും ഇത്തരം ലിസ്റ്റുകൾ ഉണ്ടാക്കി വീട്ടിൽ ചെലവഴിക്കുന്ന ഈ സമയത്തെ ക്രമീകരിക്കണം. 

∙ ചടഞ്ഞുകൂടിയിരുന്ന് ദുർമേദസ്സ് കൂടാതിരിക്കാൻ വ്യായാമം വേണം. അതു ശരീരത്തിന്റെയും മനസ്സിന്റെയും ഭാരം കുറയ്ക്കും. ബോറടി മാറ്റാനെന്ന പേരിലോ, അസ്വസ്ഥത കുറയ്ക്കാനെന്ന ന്യായത്തിലോ മദ്യപാനത്തെ ഈ ഘട്ടത്തിൽ സ്വാഗതം ചെയ്യരുത്. 

∙ നവ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂട്ടായ്‍മകൾ സജീവമായി നിലനിർത്തണം. അകലം പാലിക്കൽ വേളയിലെ വിഷമങ്ങളും അതിനെ അതിജീവിക്കാൻ ചെയ്ത കാര്യങ്ങളും പങ്കിടാനുള്ള സജീവമായ സ്വയംസഹായ ഗ്രൂപ്പുകൾ ഉണ്ടാക്കിയെടുക്കാം. പരസ്പരം തുണയാകാം. അകലെയുള്ള പ്രിയപ്പെട്ടവരുമായി വിഡിയോ കോൾ വഴി സംസാരിക്കാം. 

∙ കുടുംബനേരത്തെ കവർന്നെടുത്തിരുന്ന എല്ലാ നേരമ്പോക്കുകളും ഇപ്പോൾ ഇല്ലാതായിട്ടുണ്ടാകും. കുടുംബനേരത്തെയും കുടുംബത്തിലെ ആശയവിനിമയത്തെയും വീണ്ടെടുക്കാനുള്ള വലിയ അവസരമാണിത്. അടുപ്പം കൂട്ടി സ്നേഹത്തിന്റെ വലിയ നിക്ഷേപം ഇപ്പോൾ നടത്താം. 

∙ മനസ്സിനെ സ്വസ്ഥമാക്കാനുള്ള ധ്യാനവും പ്രാർഥനയുമൊക്കെ ആവാം. പിടിവിടുന്നതായി തോന്നിയാൽ ആശ്വാസം തേടാൻ ആരോടെങ്കിലും മനസ്സു തുറക്കാം. ഹെൽപ്‌ലൈനുകളുമായി ബന്ധപ്പെടാം. അശാന്തിയുടെ വൈറസിനെ അകറ്റാം. 

∙ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളുടെ അതിപ്രസരമാണ് ഇപ്പോൾ. അറിവുനൽകൽ അനിവാര്യമാണ്. അതിനെ ആധിയില്ലാതെ ഉൾക്കൊള്ളുന്ന ശീലം വേണം. വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്നു തോന്നിയാൽ മുഴുകുന്നതിൽനിന്ന് അവധിയെടുക്കാം.

എല്ലാവരും ഒരുപോലെ നേരിടുന്ന അവസ്ഥയാണെന്നും ആകാവുന്നിടത്തോളം വീട്ടിലിരുന്നു സമൂഹവുമായി അകലം പാലിക്കുന്നത് ഒറ്റയ്ക്കല്ലെന്നും ഇത് ഒരേ ലക്ഷ്യത്തിനായി സമൂഹം കൂട്ടായി ചെയ്യുന്നതാണെന്നുമുള്ളതാണ് ഇതിലെ ഉത്കൃഷ്ട ചിന്ത. അതുകൊണ്ട് ഈ കാലത്തെ, അടുപ്പത്തിന്റെ ഉത്കൃഷ്ട ഭാവമാക്കി മാറ്റണം; ആഹ്ലാദകരമാക്കണം; പരോപകാരത്തിന്റെ ആനന്ദം നുകരുകയും വേണം. സമൂഹസ്നേഹത്തിന്റെ ആഘോഷമെന്ന ഒരുതലം, നാളെ ഞായറാഴ്ചയിലെ വീട്ടിലിരിപ്പിനുണ്ട്.

(മാനസികാരോഗ്യ വിദഗ്ധനാണു ലേഖകൻ)

English Summary: Lovely distance for the society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com