ADVERTISEMENT

മുൻപൊരിക്കലുമില്ലാത്ത സാഹചര്യമാണു കോവിഡ്19 മൂലം ലോകത്തുണ്ടായിരിക്കുന്നത്. ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിക്കു പുതുമയല്ല. പക്ഷേ, ഇപ്പോഴത്തേതുപോലെ അതിരൂക്ഷമായ വൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണ്. 

ലോകമെമ്പാടും രോഗത്തോടു പൊരുതുന്നവരെയും രോഗം മൂലം മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നമുക്കു വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കി സേവനനിരതരാകുന്ന എല്ലാവരെയും ഞാനിപ്പോൾ സ്മരിക്കുന്നു. 

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ വളരെ പക്വതയോടെ പ്രതികരിക്കുന്ന ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. മികച്ച ഏകോപനത്തോടെ രോഗപ്രതിരോധ സംവിധാനങ്ങളൊരുക്കാൻ നമ്മുടെ സ്ഥാപനങ്ങളെ സഹായിക്കുന്നത് ജനങ്ങളുടെ ഈ സഹകരണമാണ്. തികച്ചും അസാധാരണവും അടിക്കടി രൂക്ഷമായിക്കൊണ്ടിരിക്കുന്നതുമായ വെല്ലുവിളികളെ നേരിടുന്നതിൽ നമ്മുടെ ആരോഗ്യമേഖല പ്രകടിപ്പിക്കുന്ന കാര്യശേഷിയും അഭിനന്ദനം അർഹിക്കുന്നു. ഈ പരീക്ഷണകാലത്ത് നമ്മുടെ നേതൃത്വവും ഭരണസംവിധാനവും കഴിവു തെളിയിച്ചിരിക്കുകയാണ്.

ഈ വെല്ലുവിളിയെ നാമെല്ലാം ഒറ്റക്കെട്ടായി അതിജീവിക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ (സാർക്)യിൽ സംയുക്ത പ്രതിരോധ നടപടികൾക്കു മുൻകയ്യെടുത്ത് നമ്മുടെ അയൽരാജ്യങ്ങളിൽ മഹാമാരിയുടെ വ്യാപനത്തിനെതിരെ തുടക്കത്തിൽത്തന്നെ ഫലപ്രദമായ മുൻകരുതലുകൾ കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഞാൻ അനുമോദിക്കുന്നു. ഈ രീതിയിലുള്ള ഇന്ത്യയുടെ പ്രയത്നം ലോകത്തിനു തന്നെ മാതൃകയാണെന്നു ലോകാരോഗ്യ സംഘടന വരെ എടുത്തുപറഞ്ഞു കഴിഞ്ഞു. 

ramnath-kovind-JPG
റാം നാഥ് കോവിന്ദ്

മറ്റുള്ളവരിൽനിന്നു മാന്യമായൊരു അകലം പാലിക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുകയാണ്. സ്വയം തീരുമാനിച്ചിട്ടോ ഡോക്ടർമാർ നിർദേശിച്ചിട്ടോ ഉള്ള ഈ ‘വിട്ടുനിൽക്കൽ’ (ഐസലേഷൻ) പിന്നിട്ട വഴികളെക്കുറിച്ചെന്ന പോലെ വരുംകാലത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ പറ്റിയ അവസരമാണ്. വളരെ ക്ലേശം നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നമ്മൾ ഈ വെല്ലുവിളിയെ ഒരു അവസരമായിത്തന്നെ കണണം. ഇത്തരമൊരു പ്രതിസന്ധിയിലൂടെ പ്രകൃതി നൽകുന്ന സന്ദേശം മനസ്സിലാക്കാന്‍ ശ്രമിക്കണം. അവ പലതാണ്. അതു ഞാൻ ചുരുക്കിപ്പറയാം.

 പാഠം ഒന്ന്: ശുചിത്വം

വളരെ വ്യക്തമാണല്ലോ, പ്രഥമപാഠം ശുചിത്വമാണ്. ഈ പുതിയ ഇനം കൊറോണ വൈറസിനുള്ള ഏക ചികിത്സ മുൻകരുതലാണ്. സാമൂഹിക അകലത്തിനു പുറമേ, അടിസ്ഥാന വ്യക്തിശുചിത്വവും പാലിക്കണമെന്നു ഡോക്ടർമാർ ഉപദേശിക്കുന്നു. വൃത്തിയും വെടിപ്പും ഏറ്റവും അടിസ്ഥാന പൗരഗുണങ്ങളായതിനാൽ അവയുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകാനും സാധ്യത ഏറെയാണ്.

ശുചിത്വത്തിന് അർഹിക്കുന്ന പ്രാധാന്യം കൽപിച്ചുകിട്ടാൻ നമുക്കൊരു മഹാത്മാവു വേണ്ടിവന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും മഹാത്മാ ഗാന്ധിയുടെ ചരിത്രപ്രസിദ്ധ മുന്നേറ്റങ്ങളെല്ലാം തന്നെ ശുചിത്വത്തിൽ ആരംഭിക്കുകയോ ശുചിത്വ സങ്കൽപത്തിനൊപ്പം വളർച്ച പ്രാപിക്കുകയോ ചെയ്തവയാണ്. 

1896ൽ ഗാന്ധിജി ഇന്ത്യ സന്ദർശിക്കുമ്പോഴാണു ബോംബെയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത്. നാടിനെ സേവിക്കാനുള്ള സന്നദ്ധത അറിയിക്കുകയാണ് ആ നിമിഷം അദ്ദേഹം ചെയ്തത്. ആ സഹായവാഗ്ദാനം സ്വീകരിക്കപ്പെട്ടു. ഗാന്ധിജി അപ്പോൾ രാജ്കോട്ടിലായിരുന്നു. അദ്ദേഹം തന്റെ സന്നദ്ധസേവനം അവിടെയാക്കി. ഗാന്ധിജി എന്താണു ചെയ്തത് എന്നറിയാമോ? പ്രദേശത്തെ ശുചിമുറികളെല്ലാം പരിശോധിച്ചു. അവ വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ഗാന്ധിസന്ദേശങ്ങളെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതാണ്. ഗാന്ധിജിയുടെ 150ാം ജന്മവാർഷികം കൂടിയായ ഈ വർഷം വ്യക്തിപരവും സാമൂഹികവുമായ ശുചിത്വം ഉറപ്പാക്കാൻ നമ്മളെല്ലാം വീണ്ടും പ്രതിജ്ഞയെടുക്കുന്നത് തീർത്തും ഉചിതമായിരിക്കും. ഈ സാമൂഹിക ഉണർവിനുള്ള മുന്നോടിയാണു രാജ്യമെമ്പാടും നടപ്പിലാക്കിവരുന്ന സ്വച്ഛ് ഭാരത് അഭിയാൻ അഥവാ ശുചിത്വഭാരത യജ്ഞം.

 പ്രകൃതിയെ  മാനിക്കാം

പ്രകൃതിയോടു പുലർത്തേണ്ട കരുതലും ആദരവുമാണ് ഈ മഹാമാരി നമുക്കു നൽകുന്ന മറ്റൊരു പാഠമെന്നു തോന്നുന്നു.  മറ്റെല്ലാ ജീവജാലങ്ങളെയും അടക്കിവാണ്, ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത്, എന്തിന്, ചന്ദ്രനെപ്പോലും കാൽക്കീഴിലാക്കിയ ഒരേയൊരു ജീവിവർഗം മനുഷ്യരാണ്. ഇപ്പോഴോ, ഒരു സൂക്ഷ്മാണുവിനു മുന്നിൽ തലകുനിക്കേണ്ടി വരുന്നു. എന്തൊക്കെയാണെങ്കിലും, ജൈവഘടനയുള്ള വെറും ജീവികൾ മാത്രമാണു നമ്മളെന്നും അതിജീവനത്തിനായി മറ്റു ജീവികളെ ആശ്രയിക്കണമെന്നുമുള്ള തിരിച്ചറിവു നമുക്കു വേണം. പ്രകൃതിയെ നിയന്ത്രിച്ച്, വിഭവങ്ങളെല്ലാം ചൂഷണം ചെയ്തു ലാഭമുണ്ടാക്കാനുള്ള മനുഷ്യന്റെ കൊതിയെ തുടച്ചുനീക്കാൻ കണ്ണുകൊണ്ടു കാണാൻ പോലും കഴിയാത്ത ഒരു ജീവാണുവിന്റെ ഒറ്റപ്രഹരം മതി. 

പ്രകൃതിയെ മാതാവായി കണ്ടവരാണു നമ്മുടെ പൂർവികർ. പ്രകൃതിയെ ബഹുമാനിക്കാനാണ് അവർ നമ്മളോട് ആവശ്യപ്പെട്ടത്. കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ ആ പ്രാചീനവിവേകം നമുക്കു കൈമോശം വന്നു. മഹാമാരികളും അസാധാരണ കാലാവസ്ഥാ മാറ്റങ്ങളും പതിവാകുമ്പോൾ, ഈ ഓട്ടം നിർത്തി, നമുക്ക് ഒന്നു ചിന്തിക്കാം–  എവിടെയാണു നമുക്കു വഴി തെറ്റിയത്? നഷ്ടപ്പെട്ടതെല്ലാം ഇനിയെങ്കിലും തിരിച്ചുപിടിക്കാൻ എന്താണു ചെയ്യേണ്ടത്?

 നമ്മളെല്ലാം മനുഷ്യർ 

സമത്വം അത്ര പ്രകടമാകണമെന്നില്ല. പക്ഷേ, പ്രകൃതി പറയുന്നു, നമ്മളെല്ലാം സമന്മാരാണ്. മനുഷ്യനിർമിത വേർതിരിവുകളായ മതവും വംശവും മേഖല‌യും നോക്കിയല്ല ഈ വൈറസിന്റെ ആക്രമണം. ‘നമ്മളും’ ‘അവരും’ എന്ന വേർതിരിവുകൾ സൃഷ്ടിച്ച് പരസ്പരം ഏറ്റുമുട്ടുന്ന തിരക്കിലാണു ലോകം. പക്ഷേ, അതീവഗുരുതരമായ, മാരകമായ ഇപ്പോഴത്തെ ഭീഷണിക്കു മുന്നിൽ നമ്മൾ പൊടുന്നനെ ഒരു കാര്യം മനസ്സിലാക്കുന്നു– നമ്മളെല്ലാം മനുഷ്യരാണ്. 

 ലോകം ഒരു കുടുംബം

പൊതുവേ നാം ഗൗനിക്കാത്ത മറ്റൊന്നാണു പരസ്പര ആശ്രിതത്വം. ‘വസുധൈവ കുടുംബകം’ എന്ന സംസ്കൃത സൂക്തം പ്രസംഗങ്ങളിൽ ഞാൻ പലപ്പോഴും പരാമർശിക്കുന്നതാണ്. ഈ വലിയ ലോകം ഒറ്റക്കുടുംബമാണ് എന്ന സങ്കൽപം. ഇതു സത്യമാണെന്ന് എന്നത്തേക്കാളുമേറെ ഇപ്പോൾ വ്യക്തമാകുന്നു. നാം ഓരോരുത്തരും പരസ്പരം എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നെന്ന് ഇപ്പോൾ നമുക്കു ബോധ്യമാകുന്നു. നമ്മൾ സുരക്ഷിതരാകുക മറ്റുള്ളവരുടെ സുരക്ഷ കൂടി ഉറപ്പു വരുത്തുമ്പോഴാണ്; മനുഷ്യരുടെ മാത്രമല്ല, എല്ലാ സസ്യമൃഗാദികളുടെയും. 

മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമ്മൾ ശ്രമിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും. മനുഷ്യവർഗം മാത്രമല്ല, സമസ്ത സസ്യജാലങ്ങളും ജീവിവർഗങ്ങളും സുരക്ഷിതരായിരിക്കും. അസാധാരണ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സ്വാർഥരാകാനുള്ള പ്രേരണ മിക്കവരിലുമുണ്ടാകും; പക്ഷേ എല്ലാവരെയും ഒരേപോലെ കാണാൻ നമ്മെ പഠിപ്പിക്കുന്ന പ്രതിസന്ധിയാണിത്. 

 സഹായം പകരാം

കൂട്ടായ സന്നദ്ധസേവന പ്രവർത്തനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രോൽസാഹിക്കപ്പെടേണ്ടതല്ല. പക്ഷേ, വൈറസിന്റെ വ്യാപനം തടയാനും നിയന്ത്രിക്കാനും ജനങ്ങൾക്കു സഹായിക്കാൻ വഴികൾ വേറെയുമുണ്ട്. മറ്റുള്ളവരെ ബോധവൽകരിക്കാൻ ശ്രമിക്കാം. അനാവശ്യ പരിഭ്രാന്തി പരത്താതിരിക്കാം. സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ വിവേകപൂർവം പാലിക്കാം. വിഭവങ്ങൾ ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവയ്ക്കണം. നിങ്ങൾക്കുള്ളത്, നിങ്ങളെക്കാൾ വിഷമസ്ഥിതിയിലുള്ള അയൽക്കാരുമായും രോഗങ്ങൾക്ക് എളുപ്പം ഇരയാകാവുന്ന മുതിർന്ന പൗരന്മാരുമായും പങ്കുവയ്ക്കാം. പ്രതിസന്ധിക്കു മുന്നേ കർമോൽസുകരാകേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയാണു കൊറോണ വൈറസ് പ്രതിസന്ധി. 

നമ്മുടെ അടിസ്ഥാനപരമായ സമത്വസ്വഭാവത്തെയും പരസ്പരാശ്രിതത്വത്തെയും കുറിച്ചു പ്രകൃതി നമ്മെ ഓർമിപ്പിക്കുകയാണ്. വലിയ വില കൊടുത്ത് നാം പഠിക്കുന്ന ഈ പാഠം കാലാവസ്ഥാമാറ്റം പോലെയുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനും മെച്ചപ്പെട്ട പൊതു ഭാവി പടുത്തുയർത്തുന്നതിനും നമുക്കു തുണയേകും. നമ്മുടെ രാജ്യം ഈ പ്രതിസന്ധിയിൽനിന്ന് എത്രയും വേഗം കരകയറുമെന്ന നിശ്ചയദാർഢ്യവും ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com