sections
MORE

എന്നും ചേർന്നിരിക്കാൻ, അകന്നിരിക്കാം അൽപകാലം

covid
SHARE

ഒത്തൊരുമയോടെ കഴിയുന്ന മലയാളിക്ക് അത്ര പരിചിതമല്ല, ഈ ‘സാമൂഹിക അകലം.’ പക്ഷേ, കോവിഡിനെ തടയാൻ ഇതു വളരെ അത്യാവശ്യമാണ്. സാമൂഹിക അകലം പാലിക്കൽ എന്ത്, എന്തിന്, എങ്ങനെ? ലോകാരോഗ്യ സംഘടന ഉപദേഷ്ടാവ് ഡോ. പി.എസ്. രാകേഷ് എഴുതുന്നു...

സാമൂഹിക അകലം (Social Distancing) പാലിക്കുന്നതിലൂടെ നിങ്ങൾ രക്ഷിക്കുന്നതു ലോകത്തെയാണ്. രോഗമുണ്ടെന്ന അടയാളപ്പെടുത്തലല്ല, രോഗത്തിൽനിന്ന് ഏറെ അകലെയാണെന്ന ഉറപ്പാക്കലാണത്. വൈറസിനു പടരാനുള്ള സാധ്യത ഇല്ലാതാക്കുന്നതോടെ, ലോകം നേരിടുന്ന ദുരന്തത്തിനു കടിഞ്ഞാണിടുകയാണു നിങ്ങൾ.

∙ എന്തിനാണു സാമൂഹിക അകലം പാലിക്കുന്നത് ?

കോവിഡ് 19 പെട്ടെന്നു പടരുന്ന രോഗമാണ്. ഒരു രോഗിയിൽനിന്നു ശരാശരി 3 പേർക്കു രോഗപ്പകർച്ച ഉണ്ടാകാം എന്നാണു കണക്കുകൾ. വൈറസിന്റെ പ്രത്യേകതകളോടൊപ്പം, രോഗപ്പകർച്ചയും സമൂഹ വ്യാപനവും നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ വേറെയുമുണ്ട്. അതിൽ പ്രധാനം ആളുകൾ എത്രതവണ തമ്മിൽ സമ്പർക്കം പുലർത്തുന്നുവെന്നതും ഓരോ സമ്പർക്കവും എത്രനേരം നീണ്ടുനിൽക്കുന്നു എന്നതുമാണ്. സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാനോ താമസിപ്പിക്കാനോ സാധിക്കും.

∙ സാമൂഹിക അകലം പാലിക്കേണ്ടത് ആരൊക്കെ?

സമൂഹത്തിലെ എല്ലാ പൗരന്മാരും ഇതു പാലിക്കണം.

∙ രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം സാമൂഹിക അകലം പാലിച്ചാൽ പോരേ? 

പോരാ. എല്ലാവരും പാലിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ, വൈറസ് വ്യാപനം തടയാനാകൂ.

∙ എങ്ങനെയാണ് ഇതു ചെയ്യേണ്ടത്? 

ആളുകളുമായുള്ള അടുത്ത സമ്പർക്കം കഴിയുന്നത്ര കുറയ്ക്കുക എന്നതു തന്നെയാണ് ഇതിന്റെ ആശയം. അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, പൊതുസ്ഥല സന്ദർശനം ഒഴിവാക്കുക എന്നതാണു കാതൽ. 

∙ ഈ സമയത്തു വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നാണോ? 

ഒരിക്കലുമല്ല. അനാവശ്യ കാര്യങ്ങളും മാറ്റിവയ്ക്കാവുന്ന കാര്യങ്ങളും ഒഴിവാക്കണം എന്നു മാത്രം. നമ്മുടെ ജീവിത രീതികൾ കുറച്ചു നാളത്തേക്കു പുനഃക്രമീകരിക്കണം എന്നു പറയുന്നതാവും ശരി. എല്ലാ ആഴ്ചയിലും കടയിൽ പോയിരുന്നത് മാസത്തിൽ ഒന്നാക്കാൻ കഴിയുമോ, ആഴ്ചയിൽ മൂന്നു ദിവസം കടയിൽ പോയിരുന്നത് ആഴ്ചയിൽ ഒന്നാക്കാൻ കഴിയുമോ, ഒരുപാടു ദൂരെയുള്ള കടയിൽ ഇടയ്ക്കിടെ പോകുന്നതിനു പകരം തൊട്ടടുത്തുള്ള കടയിൽ പോകാൻ കഴിയുമോ...‌ ഇതെല്ലാം നമ്മളാൽ കഴിയുംവിധം പുനഃക്രമീകരിക്കണം എന്നു മാത്രം. അങ്ങനെ സമൂഹസമ്പർക്കം താൽക്കാലികമായി കുറയും.

∙ ഹോട്ടലുകളിൽ പോകാമോ? 

അവശ്യകാര്യങ്ങളൊന്നും വേണ്ടെന്നു വയ്‌ക്കേണ്ടതില്ല. പക്ഷേ, വീടിനടുത്തുള്ള തിരക്കൊഴിഞ്ഞ ഹോട്ടലിൽ പോകാം. അല്ലെങ്കിൽ പാഴ്‌സൽ വാങ്ങി വീട്ടിൽപോയി കഴിക്കാം. അതുമല്ലെങ്കിൽ ഓൺലൈനായി ഓർഡർ ചെയ്തു കഴിക്കാം. ഹോട്ടലുകളിൽത്തന്നെ ഒരു മീറ്റർ അകലത്തിൽ ടേബിളുകൾ ക്രമീകരിക്കാം.

∙ വ്യായാമം ചെയ്യാമോ? 

തീർച്ചയായും ചെയ്യണം. ജിം അടച്ചിടണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. പകരം, വീടിനടുത്തു നടക്കാനോ ഓടാനോ പോകാം. സൈക്കിൾ ചവിട്ടാം. വീടിനകത്തു തന്നെ വ്യായാമം ചെയ്യാം. വ്യായാമരീതികൾ പുനഃക്രമീകരിക്കണം എന്നു മാത്രം.

∙ ഓഫിസുകൾക്കു പൂർണമായി അവധി നൽകിയിട്ടില്ല. അതു പ്രശ്‌നമാകില്ലേ ?

ആവശ്യമുള്ള ഒരു കാര്യങ്ങൾക്കും തടസ്സമില്ല. ജോലി ചെയ്യുകതന്നെ വേണം. പല കമ്പനികളും ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യിക്കുന്നുണ്ട്. മീറ്റിങ്ങുകളും പരിശീലനങ്ങളും ഓൺലൈൻ ആക്കാം. ഓഫിസിൽ ജോലി ചെയ്യുമ്പോൾ ഉച്ചഭക്ഷണ സമയത്ത് എല്ലാവരും ഒത്തുകൂടുന്നതിനു പകരം പല ഷിഫ്റ്റുകൾ ആക്കാം.

∙ പൊതുഗതാഗതം ഉപയോഗിക്കാമോ?

അത്യാവശ്യത്തിനു പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ കുഴപ്പവുമില്ല. പക്ഷേ, അനാവശ്യ യാത്രകൾ ഒഴിവാക്കണം. 

∙ കുട്ടികൾ വീടിനു പുറത്തിറങ്ങി കളിക്കാമോ?

കുട്ടികൾ വീട്ടുമുറ്റത്തു കളിക്കുന്നതിൽ തെറ്റില്ല. ഒരുപാടു കുട്ടികൾ ഒരുമിച്ചു വേണ്ടെന്നു മാത്രം. നമ്മുടെ വീട്ടിലെ കുട്ടികളും അപ്പുറത്തെ വീട്ടിലെ കുട്ടികളുമായി 2 – 3 പേർ ചേർന്നു കളിക്കട്ടെ. എന്നാൽ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട്ടിലെ കുട്ടികൾ പുറത്തിറങ്ങരുത്.

∙ സാമൂഹിക അകലം പാലിച്ചാൽ മറ്റു മുൻകരുതലുകൾ വേണ്ട എന്നാണോ?

അല്ല. ഇതോടൊപ്പം കൈകൾ കഴുകുന്നതു ശീലമാക്കുക, രോഗമുള്ളവരുടെ അടുത്ത് അനാവശ്യ സമ്പർക്കം ഒഴിവാക്കുക, നമുക്കു ശ്വാസകോശ രോഗലക്ഷണം ഉണ്ടെങ്കിൽ വീടിനുള്ളിൽത്തന്നെ കഴിയുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ തോർത്തോ ഉപയോഗിച്ചു വായ് മൂടുക എന്നീ കാര്യങ്ങളും കൃത്യമായി പാലിക്കപ്പെടണം. വീടിനുള്ളിൽ പ്രവേശിച്ച ഉടനെയും മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ഇടയ്ക്കിടെ കൈ കഴുകുന്നതു ശീലമാക്കണം.

∙ സാമൂഹിക അകലം പാലിക്കുമ്പോൾ സമൂഹബന്ധങ്ങൾക്കു വിള്ളലുണ്ടാകില്ലേ?

അതുണ്ടാകാതിരിക്കാൻ ബോധപൂർവം ശ്രമിക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഫോൺ, വിഡിയോ കോൾ തുടങ്ങിയവയിലൂടെ നിരന്തര സമ്പർക്കം തുടരണം; പ്രത്യേകിച്ച്, പ്രായമായ ആളുകളോട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA