sections
MORE

‘ജനതാ കർഫ്യൂ’ ആനന്ദകരമാക്കാം കുടുംബത്തോടൊപ്പം...

france-lock-down
SHARE

‘കർഫ്യൂ’ എന്ന വാക്കു കേൾക്കുമ്പോഴേ ഒരുമാതിരിപ്പെട്ട മനുഷ്യരൊക്കെ വല്ലാണ്ടാവും. കലാപബാധിത പ്രദേശങ്ങളിലെ ചിത്രങ്ങളായിരിക്കും മനസ്സിലേക്കോടി വരിക. എന്നാൽ ഇന്ന് ‘ജനതാ കർഫ്യൂ’ ആണ്. നമ്മൾ നമുക്കുവേണ്ടി ചെയ്യുന്ന ഒരു മുൻകരുതൽ. രാവിലെ 7 മുതൽ രാത്രി 9 വരെ പൊതു ഇടങ്ങളെ ഒഴിവാക്കി കോവിഡിനെ തുരത്താനുള്ള ധീരശ്രമം. വീട്ടിലേക്കു ചുരുങ്ങുക എന്നതിനു പകരം കുടുംബ സന്തോഷങ്ങളിലേക്ക് പടരുക എന്നൊരർഥം കണ്ടെത്തിയാൽ ‘കർഫ്യൂ’ ചിരിക്കുന്നൊരു സ്മൈലിയായി മാറില്ലേ. വീടിന്റെ നാലു ചുമരുകൾ പുതിയൊരു ലോകം തന്നെ തുറന്നുതരില്ലേ. വീട്ടിനകത്ത് കർഫ്യൂ ദിനം ആഘോഷമാക്കാനുള്ള ചില വഴികളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇതു മാത്രമല്ല കേട്ടോ, നിങ്ങൾ ആസ്വദിക്കുന്ന ഏതു കുടുംബനിമിഷങ്ങളും ഓരോ വഴികൾ തന്നെയാണ്.  ഭാവനയ്ക്ക് ‘കർഫ്യൂ’ ബാധകമേയല്ല. 

1. കുടുംബ സദ്യ

വീട്ടിലെല്ലാവരും ചേര്‍ന്നാകട്ടെ ഇന്നത്ത പാചകം. എല്ലാവരുടെയും ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകി ആദ്യം ഒരു മെനു തയാറാക്കാം. ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും പാത്രം കഴുകുന്നതും അടക്കമുള്ള ജോലികൾ എല്ലാവർക്കും വീതിച്ചെടുക്കാം. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരുടെ ഓർമയിലെ നാടൻ റസിപ്പികൾ ചോദിച്ചറിഞ്ഞ് വീട്ടിൽ പരീക്ഷിച്ചുനോക്കാം. 

2. ഹലോ സുഖമല്ലേ

മുതിർന്നവരുടെ ജോലിത്തിരക്കും കുട്ടികളുടെ പഠനത്തിരക്കും കാരണം അടുത്ത ബന്ധുക്കളെ ഒന്നു ഫോൺ ചെയ്യാൻ പോലും നേരം കിട്ടിയിരുന്നില്ലല്ലോ ഇതുവരെ. ഇന്ന് അതിനുകൂടിയുള്ള ദിവസമാകട്ടെ. ഫസ്റ്റ് കസിൻസിന്റെ ലിസ്റ്റ് ഉണ്ടാക്കി, അവരെ വിളിച്ച് സുഖവിവരം അന്വേഷിക്കാം. സ്പീക്കർ ഫോണിലിട്ട് സകുടുംബം വേണം സംസാരിക്കാൻ. അല്ലെങ്കിൽ എല്ലാവരെയും കണ്ടു സംസാരിക്കാൻ വിഡിയോ കോൾ ചെയ്യാം. വീട്ടിലെ പഴയ ആല്‍ബങ്ങൾ എടുത്ത് ബന്ധുക്കളെ ഓര്‍ത്തെടുക്കാന്‍ കുട്ടികളെ സഹായിക്കുകയും ചെയ്യാം.

3. കളി, ചിരി

മൊബൈൽ ഫോണിനും ലാപ്ടോപ്പിനും ഇന്നു വിശ്രമം കൊടുക്കാം. ടിവിയും അത്യാവശ്യത്തിനു മാത്രം മതി. വീട്ടുകാർക്ക് എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ചെറിയ കളികളുമായി നമുക്ക് നേരംപോക്കാം. അന്താക്ഷരി, ചീട്ടുകളി, കാരംസ്, ചെസ് അങ്ങനെ എല്ലാവർക്കും അറിയാവുന്ന, ഇഷ്ടപ്പെട്ട എന്തെങ്കിലും കളികൾ ഒരുമിച്ചിരുന്നു കളിക്കാം.

4. ഇന്റീരിയര്‍ ഡിസൈന്‍

കിടപ്പുമുറിയിലെ കട്ടിൽ ജനലരികിലേക്കു മാറ്റിയിട്ട്, അലമാര കുറച്ചൊന്ന് ഒതുക്കിവച്ച് മുറിയിൽ കൂടുതൽ സ്ഥലം കിട്ടുന്ന വിധത്തിൽ നമുക്കൊന്ന് റീ അറേഞ്ച് ചെയ്താലോ? അൽപം ആലോചിച്ചാൽ കൂടുതൽ ഭംഗിയായി, സ്ഥലം ലാഭിക്കുന്ന തരത്തിൽ വീട്ടുപകരണങ്ങൾ റീ അറേഞ്ച് ചെയ്യാൻ നമുക്കാകും. വേണമെങ്കിൽ ഓരോ മുറിയുടെ ചുമതല ഓരോരുത്തർ ഏറ്റെടുക്കട്ടെ. ആർക്കാണ് ഏറ്റവും ഐഡിയ ഉള്ളതെന്നു നോക്കാമല്ലോ...

5. സെൽഫി കോർണർ

കുടുംബചിത്രങ്ങളും പ്രിയപ്പെട്ട പുസ്തകങ്ങളും ഓമനിച്ചുവളർത്തുന്ന ഇൻഡോർ പ്ലാന്റുമൊക്കെ ചേർത്ത് ഒരു സെൽഫി കോർണർ തയാറാക്കിയാലോ? ഇൻഡോർ പ്ലാന്റുകളില്ലെങ്കിൽ മുറ്റത്തുനിന്നോ തൊടിയിൽനിന്നോ ഒരു സുന്ദരിച്ചെടിയെ തിരഞ്ഞെടുത്ത് ചെറിയൊരു പാത്രത്തിൽ നട്ട് തൽക്കാലം ഇൻഡോർ പ്ലാന്റാക്കി മാറ്റുകയുമാകാം. ഈ സെൽഫി കോർണറിൽനിന്ന് കുടുംബാംഗങ്ങളെല്ലാം ചേർന്ന് ഒരു സെൽഫിയെടുക്കൂ, ഒരു ‘കർഫ്യൂ സെൽഫി’. ഇത് നേരത്തേ നമ്മൾ വിളിച്ച ബന്ധുക്കൾക്ക് വാട്സാപ്പിൽ അയച്ചുകൊടുക്കാം. കുടുംബ ഗ്രൂപ്പുകളിലും ഇടാം. അവരും ചിത്രങ്ങൾ ഇടട്ടെ.

ap-thomas-and-mini
എ.പി.തോമസ്, മിനി തോമസ്.

വിവരങ്ങൾക്ക് കടപ്പാട്: 

പരിശീലക ദമ്പതിമാരായ എ.പി.തോമസ്, മിനി തോമസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA