sections
MORE

നിർണായകമായ അടച്ചിടൽ

SHARE

അതിവേഗം വ്യാപിക്കുന്ന കോവിഡിനെതിരെ അതീവജാഗ്രത പുലർത്താനും രോഗവ്യാപനം കുറയ്ക്കാനുമായി രാജ്യം 21 ദിവസത്തേക്ക് അടച്ചിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നാം കൃത്യമായി പുലർത്തേണ്ട സാമൂഹിക അകലത്തെക്കുറിച്ചു ശക്തമായി ഓർമിപ്പിക്കുകയാണ്. ഒരു കാരണവശാലും ഇനി നമ്മുടെ ജാഗ്രതയിൽ വിള്ളലേറ്റുകൂടെന്നു പ്രധാനമന്ത്രി പറയുമ്പോൾ അതു പൂർണ ഗൗരവത്തോടെ നാം പാലിക്കേണ്ടതുണ്ട്. 

രോഗവ്യാപനത്തിന്റെ കാര്യത്തിൽ ഈ മൂന്നാഴ്ചക്കാലത്തിന്റെ നിർണായക പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇപ്പോഴത്തെ കടുത്ത തീരുമാനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇനിയുള്ള ദിവസങ്ങളിൽ വീട്ടിൽത്തന്നെയിരുന്ന് നാം നമ്മെത്തന്നെ കൂടുതൽ കർശനമായ ജാഗ്രത ശീലിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. 

കേരളം അടച്ചിട്ട ആദ്യ ദിവസമായ ഇന്നലെ ജനങ്ങളിൽ പലരിൽനിന്നുമുണ്ടായ വീഴ്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷമത്തോടെ എടുത്തുപറഞ്ഞത് ഇനിയുള്ള ജാഗ്രതാദിനങ്ങളിലത്രയും പാഠമായി നമുക്കു മുന്നിലുണ്ടാവണം.

ഇതിനിടെ, ഈ രോഗകാലം വ്യാജവാർത്തകളുടെയും വ്യാജ വിവരങ്ങളുടെയും വിളവെടുപ്പു കാലം കൂടിയാവുന്നതു നിർഭാഗ്യകരമാണ്. കോവിഡ് 19 ബാധ ചൈനയിൽ തുടങ്ങിയതു മുതൽ സമൂഹമാധ്യമങ്ങളിൽ വരുന്ന നേരില്ലാപ്രചാരണങ്ങൾ ഇപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുന്നു. കോവിഡിന്റെ രോഗലക്ഷണങ്ങൾ മുതൽ ചികിത്സവരെ തോന്നിയപടി വ്യാജമായി എഴുതി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു നാടിനെ തെറ്റിദ്ധരിപ്പിക്കുന്നവർ ചെയ്യുന്നതു സമൂഹദ്രോഹം തന്നെയാണ്.

കോവിഡിനെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും മറ്റും ലോകാരോഗ്യ സംഘടന മുതൽ സംസ്ഥാന ആരോഗ്യവകുപ്പു വരെ വിശദമായ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന വേളയാണിത്. ഇതോടൊപ്പം, അച്ചടി – ദൃശ്യ മാധ്യമങ്ങളും വ്യക്തവും കൃത്യവുമായ വാർത്തകളും പ്രതിരോധവഴികളും നാടിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. സത്യസന്ധവും വിശ്വാസ്യവുമായ ഇത്തരം മാർഗനിർദേശങ്ങൾ മുന്നിലുള്ളപ്പോൾ ചിലരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നു എന്നത് സർക്കാരിന്റെയും സാക്ഷര കേരളത്തിന്റെയും മുന്നിലുള്ള ആശങ്കയായിത്തീർന്നിരിക്കുന്നു. 

ഇതിനിടെ, അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ചില നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നുമുണ്ട്. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ശരിയായ വാർത്തകളെ എന്തെങ്കിലും കാരണം പറഞ്ഞ് വായനക്കാരിൽനിന്ന് അകറ്റി, വ്യാജവാർത്തകളെ മുന്നിലെത്തിക്കാനാണ് അവരുടെ ശ്രമം. ഇതിനായി എന്തു മാർഗവും അവർ സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, മാധ്യമപ്രവർത്തനം സുഗമമായി മുന്നോട്ടുപോകേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തം തന്നെയാകുന്നു.

കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ അച്ചടി, ദൃശ്യമാധ്യമങ്ങളുടെ പ്രവർത്തനം തടസ്സം കൂടാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്. ആധികാരിക വിവരങ്ങൾ യഥാസമയം സമൂഹത്തിൽ പ്രചരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ടിവി ചാനലുകൾ, വാർത്താ ഏജൻസികൾ എന്നിവ അടക്കമുള്ള അടിസ്ഥാന വിവരസേവന ശൃംഖലകൾ സുപ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പത്ര മാധ്യമങ്ങൾ അവശ്യ സർവീസ് ആക്കി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. സുഗമമായ മാധ്യമപ്രവർത്തനത്തിന് എല്ലാവിധ സൗകര്യവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും വ്യക്തമാക്കുകയുണ്ടായി.

പത്രങ്ങൾക്കു വലിയ വിശ്വാസ്യത ഉണ്ടെന്നതിനാൽ പത്രത്തിലൂടെയുള്ള കോവിഡ് 19 ബോധവൽക്കരണം സുപ്രധാനമാണെന്ന് രാജ്യത്തെ പ്രമുഖ പത്രാധിപന്മാരുമായി ഇന്നലെ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറയുകയുണ്ടായി. ഈ പോരാട്ടത്തിൽ ജനങ്ങളുടെ ആത്മവീര്യം ചോരാതെ നോക്കേണ്ടതു നിർബന്ധമാണ്. അതുകൊണ്ടുതന്നെ, ദോഷചിന്ത പടരാൻ അനുവദിക്കരുതെന്നും ഊഹങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നതു തടയണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിയുടെ ജാഗ്രത അദ്ദേഹത്തിനു മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനു തന്നെയും കാവൽ നൽകുന്ന വിലപ്പെട്ട ദിവസങ്ങളാണ് നമുക്കു മുന്നിലുള്ളത്. പൂർണമനസ്സോടെ ആ ചുമതല നാമോരോരുത്തരും പാലിച്ചേ തീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA