ADVERTISEMENT

രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ, രോഗഭീഷണിയിലും ലോക്ഡൗണിലും സാമ്പത്തികമായി തളർന്നുപോയ ജനതയ്ക്കു കൈത്താങ്ങാകുക തന്നെയാണു ജനകീയ സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ ധർമം. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന കരുതൽ പദ്ധതികൾ അതുകൊണ്ടുതന്നെ ജനങ്ങൾക്കു നൽകുന്ന ആശ്വാസം ചെറുതല്ല.

ഇവിടെ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന ഉറച്ച ലക്ഷ്യവുമായാണു കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപനങ്ങൾ. ഭക്ഷ്യധാന്യങ്ങളും ദൈനംദിന ആവശ്യങ്ങൾക്കുള്ള പണവും പാചകവാതകവും ജനത്തിനു ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ആദ്യ ഘട്ടമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വിവിധ സഹായനടപടികളും ഈ രോഗകാലത്തിന്റെ തളർച്ചകളിൽ ആലംബം നൽകുന്നുണ്ട്.

രാജ്യം മുഴുവൻ ജാഗ്രതയോടെ സ്വന്തം വീട്ടിലിരിക്കുമ്പോൾ പുറത്ത്, ജനതയുടെ ആരോഗ്യസുരക്ഷയ്ക്കു വേണ്ടി അവിരാമം പ്രയത്നിക്കുന്നവരോടുള്ള നമ്മുടെ നന്ദി സീമാതീതമാണ്. അതുകൊണ്ടുതന്നെ, സ്വന്തം ജീവരക്ഷപോലും മറന്ന് കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മറ്റും കോവിഡ് പ്രതിരോധ, ചികിത്സാനടപടികളിൽ ഏർപ്പെടുന്നവർക്കു പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ തികച്ചും ഉചിതമാകുന്നു. രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, ആശാ വർക്കർമാർ, ശുചീകരണ ജീവനക്കാർ തുടങ്ങി മൊത്തം 22 ലക്ഷം പേർ ഈ പദ്ധതിയിൽ ഉൾപ്പെടും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം, രാജ്യത്തെ എൺപതു കോടി പേർക്കു മൂന്നു മാസത്തേക്കു പ്രതിമാസം അഞ്ചു കിലോ ധാന്യം, ഇപ്പോൾ ലഭിക്കുന്നതിനു പുറമേ സൗജന്യമായി നൽകുകയാണ്. ഈ രോഗകാലം പാടേ തളർത്തിയ കർഷകജനതയിലേക്കും സഹായമെത്തുന്നുണ്ട്. പിഎം കിസാൻ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്ന കർഷകർക്ക് അടുത്ത വർഷത്തെ പണത്തിന്റെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രിലിൽതന്നെ നൽകുന്നതും വനിതാ സ്വാശ്രയ സംഘങ്ങളിൽ അംഗത്വമുള്ള കുടുംബങ്ങൾക്ക് ഈടില്ലാതെയുള്ള വായ്പയുടെ പരിധി ഇരട്ടിയാക്കുന്നതുമൊക്കെ സർക്കാരിന്റെ കരുതൽ അറിയിക്കുന്നു. ജൻ ധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്കു മൂന്നു മാസത്തേക്കു പ്രതിമാസം 500 രൂപ വീതം നൽകുന്നതും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പ്രതിദിന വേതനം വർധിപ്പിക്കുന്നതും ശ്രദ്ധേയമാണ്.

നിർധന വിഭാഗങ്ങളിലെ മുതിർന്ന പൗരന്മാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാർ നൽകുന്ന കരുതൽ അവർക്കൊക്കെയും ഈ രോഗകാലത്തെ നേരിടാനുള്ള ആത്മവിശ്വാസം നൽകട്ടെ. ഉജ്വല പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്ക് അടുത്ത മൂന്നു മാസം പാചകവാതകം സൗജന്യമാക്കുമെന്നത് അത്രയും അടുക്കളകളുടെ ആധി കുറയ്ക്കുമെന്നതും തീർച്ച.

സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണി കിടക്കാതെ നോക്കുമെന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ഒറ്റയ്ക്കു താമസിക്കുന്നവർ എന്നിവർക്കെല്ലാം അതതു തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണമെത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞിട്ടുണ്ട്. ഹൃദ്രോഗവും വൃക്ക– കരൾ രോഗങ്ങളും ഉള്ളവർക്കു മരുന്ന് ഉറപ്പാക്കുന്നതും ആശുപത്രികളിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതുമൊക്കെ ഈ കരുതൽദിശയിലുള്ള പ്രഖ്യാപനങ്ങളാവുന്നു. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം നൽകുമെന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിലും തെളിയുന്നത് അതുതന്നെ.

അതീവ ഭീഷണമായ ഈ രോഗകാലത്തു സർക്കാർ കരുതൽകരങ്ങൾ നീട്ടുമ്പോൾ നാം ഓരോരുത്തരും സമൂഹത്തിനു വേണ്ടിയും അവനവനു വേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം: ജാഗ്രത പാലിച്ച് ഈ ലോക്ഡൗൺ കാലത്തു വീട്ടിനുള്ളിൽത്തന്നെയിരുന്ന് ഈ മഹാമാരിയുടെ കണ്ണികളെ മുറിക്കുക.

English Summary: Hatsoff for this care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com